കേരള പുനർനിർമ്മാണത്തിന് ജിടെക് ഒരു കോടി രൂപ സമാഹരിച്ചു

Posted on: November 18, 2018

തിരുവനന്തപുരം : കേരളത്തിന്റെ പുനർ നിർമ്മാണത്തിന് ടെക്നോപാർക്കിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കും (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ടെക്നോപാർക്കിലെ എംപ്ലോയീസ് എൻ്ഗേജ്മെന്റ് ഫോറമായ നടനയും സംയുക്തമായി സംഘടിപ്പിച്ച റിവൈവൽ പരിപാടിയിലൂടെ ഒരു കോടി രൂപ സമാഹരിച്ചു. ഈ തുക ഉപയോഗിച്ച് വെള്ളപ്പൊക്കത്തിൽ തകർന്ന വിവിധ മേഖലകളുടെ പുനർ നിർമ്മാണത്തിന് ഉപയോഗപ്പെടുത്തും. ജിടെക്കിന്റേയും, നടനയുടേയും നേതൃത്വത്തിൽ നടത്തിയ റിവൈലിൽ അയ്യായിരത്തിലധികം ടെക്കികളാണ് പങ്കെടുത്തത്.

നേരത്തെ വെള്ളപ്പൊക്കത്തിൽ തകർന്ന മത്സ്യതൊഴിലാളികൾക്ക് അവരുടെ വള്ളങ്ങളും മറ്റും പുനർനിർമ്മിച്ചു നൽകുകയും, സ്‌കൂൾ ലൈബ്രറികളിൽ പുസ്തകങ്ങൾ വാങ്ങി നൽകുകയും, വീടും, മറ്റ് അവശ്യ വസ്തുക്കൾ സജീകരിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ പുനർ നിർമ്മാണത്തിന് വേണ്ടി 25 കോടി രൂപയുടെ പുനർ നിർമ്മാണ പദ്ധതികളാണ് ജിടെക്കിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.