ഐറിസ് ബ്രാൻഡ് സ്മാർട്ട് ഫോണുകളുമായി ലാവ

Posted on: September 27, 2014

Lava-iris-400-colours-big

ലാവ ഐറിസ് ബ്രാൻഡിൽ 5 പുതിയ സ്മാർട്ട് ഫോൺ മോഡലുകൾ പുറത്തിറക്കി. അതിവേഗ ഇന്റർനെറ്റ്, കൂടുതൽ മെമ്മറി, മികച്ച ക്യാമറ തുടങ്ങി അനവധി സാങ്കേതിക വിദ്യകളുമായി പുറത്തിറങ്ങിയിരിക്കുന്ന സ്മാർട്ട് ഫോണുകൾ 4000 രൂപ മുതൽ 6000 രൂപ വരെ ലഭ്യമാണ്.

കുറഞ്ഞ വിലക്ക് കൂടുതൽ സൗകര്യങ്ങളുള്ള ഫോണുകൾ ഉപഭോക്താക്കൾക്ക് നൽകുകയാണ് ലക്ഷ്യമെന്നും പുതിയ ഐറിസ് ബ്രാൻഡിലൂടെ അതിവേഗ ഇന്റർനെറ്റിന്റെ സാധ്യതകൾ പൂർണമായും ആസ്വദിക്കാൻ കഴിയുമെന്ന് ലാവ ഇന്റർനാഷണൽ പ്രൊഡക്റ്റ് മേധാവിയും വൈസ് പ്രസിഡന്റ്‌റുമായ നവീൻ ചാവ്‌ല അഭിപ്രായപ്പെട്ടു.

ഐറിസ് 400 എസ്, ഐറിസ് 400 കളേഴ്‌സ് , ഐറിസ് 250, ഐറിസ് 404 ഫ്‌ലെയർ, ഐറിസ് 410 എന്നീ മോഡലുകളാണ് ലാവ പുറത്തിറക്കിയത്. 5 എം.പി റിയർ ക്യാമറയും വി ജി എ ഫ്രണ്ട് ക്യാമറയും എച്ച് ഡി പ്ലേ ബാക്ക് സൗകര്യങ്ങളും ഉള്ളതാണ് ഐറിസ് 400 എസ്. ഇതിൽ ഡ്യുവൽ കോർ പ്രോസസറും ജി സൗകര്യവും 32 ജി ബി വരെ വികസിപ്പിക്കാവുന്ന മെമ്മറിയുമുണ്ട്. ഐറിസ് കളേഴ്‌സ്ൽ ആൻഡ്രോയിഡ് കിറ്റ്കാറ്റും ഡ്യുവൽ പ്രോസസറും ലഭ്യമാണ്. നീല, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്.

നാലിഞ്ച് സ്‌ക്രീനുള്ള ഐറിസ് 250 റബർ ഫിനിഷ് കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. എൽ ഇ ഡി ഫ്‌ലാഷുള്ള 3.2 എം പി ക്യാമറയും ഫ്രണ്ട് ക്യാമറയും 512 എം ബി റാമും ഉണ്ട്. 4 ജി ബി ഇന്റെർണൽ മെമ്മറിയുള്ള 5 എം പി ക്യാമറയും അടങ്ങിയതാണ് ഐറിസ് 404, 410 മോഡലുകൾ. എല്ലാ പ്രമുഖ മൊബൈൽ ഔട്ട്‌ലറ്റ്കളിലും ലാവ ഐറിസ് സ്മാർട്ട്‌ഫോണുകൾ ലഭ്യമാണ്.