ക്രിയ യൂണിവേഴ്‌സിറ്റി കാമ്പസ് ചെന്നൈ ശ്രീ സിറ്റിയിൽ

Posted on: March 27, 2018

കൊച്ചി : ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും കോർപറേറ്റ് നേതാക്കളും ചേർന്ന് ക്രിയ യൂണിവേഴ്‌സിറ്റി ആരംഭിക്കുന്നു. രാജ്യാന്തരനിലവാരമുള്ള ക്രിയ യൂണിവേഴ്‌സിറ്റിയുടെ കാമ്പസ് ചെന്നൈ ശ്രീ സിറ്റിയിലായിരിക്കും. ശ്രീ സിറ്റിയിൽ 200 ഏക്കറിലാണ് യൂണിവേഴ്‌സിറ്റി കെട്ടിടങ്ങളും സ്ഥാപിക്കുക. ആദ്യ ഘട്ടത്തിൽ 750 കോടി രൂപയാണ് നിക്ഷേപിക്കുക. 2019 ജൂലൈയിൽ ആദ്യ ബാച്ച് തുടങ്ങും. 2018 നവംബറിൽ അഡ്മിഷൻ ആരംഭിക്കും.

നാലു വർഷത്തെ റസിഡൻഷ്യൽ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമിനാണ് യൂണിവേഴ്‌സിറ്റി രൂപം നൽകിയിരിക്കുന്നത്. കലയിലും ശാസ്ത്രത്തിലുമുള്ള ഈ കോഴ്‌സുകളിലൂടെ ബിഎ (ഓണേഴ്‌സ്), ബിഎസ്‌സി (ഓണേഴ്‌സ്) ബിരുദങ്ങൾ ലഭിക്കും. പ്രൊജക്ടുകളിലൂടെയും ഇന്റേൺഷിപ്പിലൂടെയുമായിരിക്കും പഠനം. പൂർണമായും മെറിറ്റ് അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം.

ആഗോള വികസനത്തിന് സംഭാവന ചെയ്യാൻ പോന്ന തലമുറയെ വാർത്തെടുക്കുകയാണ് യൂണിവേഴ്‌സിറ്റിയുടെ ലക്ഷ്യമെന്ന് ക്രിയ ഗവേണിംഗ് കൗൺസിൽ ഉപദേഷ്ടാവ് ഡോ. രഘുറാം രാജൻ പ്രഖ്യാപന വേളയിൽ പറഞ്ഞു. ഇന്ത്യയിൽ നിലവിൽ ഇല്ലാത്തതും എന്നാൽ ഭാവിയിൽ അനിവാര്യമായതുമായ ഒന്നാണ് ലക്ഷ്യമിടുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.