ദീർഘവീക്ഷണത്തോടെയുള്ള ടൂറിസംനയം വേണമെന്ന് കേരള ട്രാവൽ മാർട്ട്

Posted on: September 20, 2014

KTM-B2B-Meet-big

ടൂറിസത്തിന്റെ സുസ്ഥിര വളർച്ചയ്ക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ദീർഘവീക്ഷണത്തോടെയുള്ള നയം രൂപീകരിക്കണമെന്ന് കൊച്ചിയിൽ സമാപിച്ച കേരള ട്രാവൽ മാർട്ട് ആവശ്യപ്പെട്ടു. കേരളത്തിൽ പരീക്ഷിച്ച് വിജയം കണ്ട ഉത്തരവാദിത്വ ടൂറിസം പദ്ധതികൾ സംസ്ഥാനത്തെ കൂടുതൽ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും ട്രാവൽ മാർട്ടിൽ പങ്കെടുത്ത പ്രതിനിധികൾ ആവശ്യപ്പെട്ടു. 30,000 ബിസിനസ് കൂടിക്കാഴ്ചകളാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 40,000 ബിസിനസ് കൂടിക്കാഴ്ചകളാണ് മൂന്ന് ദിവസത്തെ മേളയിൽ നടന്നത്. വിദേശ പ്രതിനിധികളുമായുള്ള 9000 ബിസിനസ് കൂടിക്കാഴ്ചകളും തദ്ദേശ പ്രതിനിധികളുടെ 31,000 കൂടിക്കാഴ്ചകളുമാണ് നടന്നത്.

45 രാജ്യങ്ങളിൽ നിന്നുള്ള ബയർമാർ ഇത്തവണ ട്രാവൽ മാർട്ടിൽ പങ്കെടുത്തതായി കെ ടി എം പ്രസിഡന്റ് ജോണി എബ്രഹാം ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു കെ, ജർമ്മനി, ഫ്രാൻസ്, മലേഷ്യ, യു.എസ്.എ എന്നിവിടങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പ്രതിനിധികൾ എത്തിയപ്പോൾ സിംഗപ്പൂർ, പോളണ്ട്, റൊമാനിയ, ചെക്ക് റിപ്പബ്ലിക്, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതാദ്യമായി കേരളാ ട്രാവൽ മാർട്ടിൽ പങ്കെടുത്തു. 255 സെല്ലർ സ്റ്റാളുകളും 241 അന്താരാഷ്ട്ര ബയർമാരും 861 തദ്ദേശ ബയർമാരും ട്രാവൽ മാർട്ടിൽ പങ്കെടുത്തതായി അദ്ദേഹം അറിയിച്ചു.

ഉത്തരവാദിത്വ ടൂറിസം വ്യാപിപ്പിക്കുന്നതിനായി പ്രാദേശിക സാമൂഹ്യ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്താൻ ഉതകുന്ന തരത്തിലുള്ള കർമ്മപരിപാടികൾ ആവിഷ്‌കരിക്കുമെന്ന് കേരള ടൂറിസം സെക്രട്ടറി സുമൻ ബില്ല പറഞ്ഞു.

അനന്ത സാധ്യതകളാണ് കേരളത്തിൽ ടൂറിസത്തിനുള്ളതെന്നും കേരള മോഡൽ ടൂറിസം വ്യാപിപ്പിക്കുമെന്നും ട്രാവൽ മാർട്ടിന് സമാപനം കുറിച്ച് കൊണ്ട് കേന്ദ്ര ടൂറിസം അഡീഷനൽ സെക്രട്ടറി ഗിരിശങ്കർ പറഞ്ഞു.

വിവാഹ, മധുവിധു ഡെസ്റ്റിനേഷനായി കേരളത്തെ അവതരിപ്പിച്ചത് വിദേശ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ പ്രശംസ നേടി. 31 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സ്‌പൈസ് റൂട്ട് പദ്ധതിക്കും മികച്ച പ്രതികരണമുണ്ടായി. ക്രൂയിസ് ടൂറിസമാണ് ഭാവിയിൽ കേരളത്തിന് മാർക്കറ്റ് ചെയ്യാൻ കഴിയുന്ന ആശയമെന്നും ചർച്ചകളിൽ ഉരുത്തിരിഞ്ഞു. യഥാർത്ഥ ആയുർവേദത്തിന്റെ സാധ്യതകൾ പ്രചരിപ്പിക്കണമെന്ന നിർദേശവും ട്രാവൽ മാർട്ടിൽ പരിഗണിക്കപ്പെട്ടു. മെഡിക്കൽ ടൂറിസത്തിന്റെ അനന്ത സാധ്യതകളും ട്രാവൽമാർട്ട് ചർച്ച ചെയ്തു.

കേരളത്തിൽ ടൂറിസം സൗഹൃദ മദ്യ നയം സ്വീകരിക്കണമെന്ന് എട്ടാമത് ട്രാവൽ മാർട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന നിരവധി പദ്ധതികളാണ് കേരളം ഇത്തവണ ഉയർത്തിക്കാട്ടിയതെന്നും കെ ടി എം പ്രസിഡന്റ് ജോണി എബ്രഹാം ജോർജ് കൂട്ടിച്ചേർത്തു.