ഹാബിറ്റാറ്റ് മുപ്പതാം വാർഷികാഘോഷങ്ങൾ 14 മുതൽ

Posted on: May 3, 2017

തിരുവനന്തപുരം : ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിന്റെ മുപ്പതാം വാർഷികാഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മെയ്  14 ന് വൈകുന്നേരം പൂജപ്പുര മൈതാനത്ത്  നിർവഹിക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ ജി.ശങ്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശശി തരൂർ എംപി, ഒ.രാജഗോപാൽ എംഎൽഎ, ബി.സുഗതകുമാരി, മഞ്ജു വാര്യർ എന്നിവർ പങ്കെടുക്കും. ചെലവുകുറഞ്ഞ നിർമാണരീതികൾ അവലംബിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ഹാബിറ്റാറ്റ് ഏർപ്പെടുത്തിയിരിക്കുന്ന ദേശീയ പുരസ്‌കാരവും ചടങ്ങിൽ വിതരണം ചെയ്യും. വിദഗ്ധ പാനൽ തെരഞ്ഞെടുത്തിരിക്കുന്ന ആറ് വിജയികളെ പിന്നീട് പ്രഖ്യാപിക്കും. 33,333 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഉദ്ഘാടനത്തോടനുബന്ധിച്ച് പൂജപ്പുര മൈതാനത്ത് ചെലവുകുറഞ്ഞ നിർമാണ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള നാലു നാൾ നീളുന്ന പ്രദർശനവും ദേശീയ സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുമെന്നും അദേഹം പറഞ്ഞു.

മുപ്പതാം വാർഷികാഘോഷപരിപാടികളോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന നിരവധി നൂതന സംരംഭങ്ങളാണ് ഹാബിറ്റാറ്റ് ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ ആദ്യത്തേതാണ് മുള നിർമാണ സ്‌കൂളും ചെലവു പരമാവധി കുറച്ച് നിർമിച്ച രണ്ട് ഭവനങ്ങളും. മുള നിർമാണ സ്‌കൂളിന്റെ ഔപചാരിക പ്രവർത്തന ഉദ്ഘാടനം ധനമന്ത്രി ഡോ. തോമസ് ഐസക്കും, ഭവന മാതൃകകളുടെ അനാവരണം തദേശ സ്വയംഭരണ മന്ത്രി കെ. ടി. ജലീലും നിർവഹിക്കും. പൂജപ്പുര മുടവൻമുഗൾ പറമ്പിൽ ക്ഷേത്രത്തിന് സമീപമുള്ള ഹാബിറ്റാറ്റ് സെന്ററിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.