ചെലവുകുറഞ്ഞ വീടുകളിലൂടെ സമ്പൂർണ ഭവനപദ്ധതി നടപ്പിലാക്കും : മന്ത്രി ജലീൽ

Posted on: May 4, 2017

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സമ്പൂർണ ഭവനപദ്ധതിക്ക് ഏറ്റവും അനുയോജ്യമായ മാതൃകയാണ് ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിന്റെ ചെലവുകുറഞ്ഞ ഭവന നിർമാണ മാതൃകകളെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ. ടി. ജലീൽ പറഞ്ഞു. ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ചെലവു പരമാവധി കുറച്ച് നിർമിച്ച രണ്ട് ഭവന മാതൃകകളുടെ അനാവരണം നിർവഹിക്കുകയായിരുന്നു അദേഹം.

ഭവനരഹിതർക്ക് സർക്കാർ ധനസഹായമായി 3.5 ലക്ഷം രൂപയാണ് നൽകിവരുന്നത്. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും താങ്ങാവുന്ന നിരക്കായ നാലുലക്ഷം രൂപയിൽ ഫർണിഷിംഗ് അടക്കം നിർവഹിച്ച 400 സ്‌ക്വയർഫീറ്റ് വീടുകൾ എന്ന ഹാബിറ്റാറ്റ് പദ്ധതി സമ്പൂർണ ഭവനപദ്ധിക്ക് ഏറ്റവും അനുയോജ്യമായതാണ്. ഇടതു ജനാധിപത്യ സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇതും ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.

മെയ് 11 മുതൽ 14 വരെ പൂജപ്പുര മൈതാനിയിൽ സംഘടിപ്പിക്കുന്ന ഹാബ്‌ഫെസ്റ്റ് അറ്റ് 30 മേളയുടെ ലോഗോ പ്രകാശനം ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി. കെ. രാമചന്ദ്രൻ നിർവഹിച്ചു. ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ചടങ്ങിൽ ഒ. രാജഗോപാൽ എംഎൽഎ അധ്യക്ഷതവഹിച്ചു. ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ചെയർമാൻ ജി. ശങ്കർ സ്വാഗതവും സീനിയർ കൺസൽറ്റന്റ് അവാർഡ് കൗൺസിലർമാരായ ഡോ. വിജയലക്ഷ്മി, ഗോപകുമാർ വി, ആസൂത്രണ ബോർഡ് അംഗം മൃദുൽ ഈപ്പൻ എന്നിവർ പങ്കെടുത്തു.

ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിന്റെ 30 വർഷത്തെ അതിജീവന ചരിത്രത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന മുള നിർമാണസ്‌കൂളിന്റെ ഔപചാരിക പ്രവർത്തനോദ്ഘാടനം ധനകാര്യമന്ത്രി ടി. എം. തോമസ് ഐസക്ക് പിന്നീട് നിർവഹിക്കും.