ആഗോള ബ്രാൻഡ് റാങ്കിംഗിൽ ഹയർ ഒന്നാമത്

Posted on: February 8, 2017

കൊച്ചി : കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് മേഖലയിലെ മുൻനിരക്കാരായ ഹയറിനെ ലോകത്തിലെ ഒന്നാം നമ്പർ മേജർ അപ്ലയൻസസ് ബ്രാൻഡായി യൂറോ മോണിറ്റർ ഇന്റർനാഷണൽ വീണ്ടും തെരഞ്ഞെടുത്തു. 2009 മുതൽ തുടർച്ചയായി എട്ടാം തവണയാണ് ഹയർ ഈ അംഗീകാരം നേടുന്നത്. ഗാർഹിക ഇലക്ട്രിക്കൽ ഉപകരണ വിപണിയിൽ 2016 ൽ ഹയറിന് 10.3 ശതമാനം വിപണി പങ്കാളിത്തമാണുള്ളതെന്ന് യൂറോ മോണിറ്റേഴ്‌സ് വ്യക്തമാക്കുന്നു. ബിസിനസ് ഇന്റലിജൻസ് സേവന ദാതാക്കളാണ് യൂറോ മോണിറ്റേഴ്‌സ്.

റെഫ്രിജറേറ്റർ വിഭാഗത്തിൽ 16.8 ശതമാനവും വാഷിംഗ് മെഷീൻ മേഖലയിൽ 14.5 ശതമാനവും ഡീപ് ഫ്രീസർ രംഗത്ത് 21.5 ശതമാനവും വിപണി പങ്കാളിത്തമാണ് 2016-ൽ ഹയറിനുള്ളത്. ഇന്നത്തെ കോംപാക്ട് വീടുകൾക്ക് അനുയോജ്യമായ ഗാർഹികോപകരണങ്ങളും ഹയർ നിർമിക്കുന്നുണ്ട്. രണ്ടു ഡ്രമ്മുകൾ ഉള്ള ഡബിൾ ഡ്രം വാഷിംഗ് മെഷീൻ ആദ്യമായി അവതരിപ്പിച്ചതും ഹയർ ആണ്. ബോട്ടം മൗണ്ടഡ് റെഫ്രിജറേറ്ററാണ് മറ്റൊരു പുതുമ. ഇതിന്റെ റെഫ്രിജറേറ്റർ മുകളിലും ഫ്രീസർ അടിഭാഗത്തുമാണ്. റെഫ്രിജറേറ്ററിൽ നിന്ന് എപ്പോഴും സാധനം എടുക്കാൻ തുടർച്ചയായി കുനിയുന്നത് ഇതുവഴി ഒഴിവാക്കാം.

റെഫ്രിജറേറ്റർ, എയർകണ്ടീഷണർ, വാഷിംഗ് മെഷീൻ, ടിവി, വാട്ടർ ഹീറ്റർ, ഫ്രീസർ, മൈക്രോവേവ് ഓവൻ തുടങ്ങി വിപുലമായ ഉൽപന്ന നിരയാണ് ഹയറിനുള്ളത്.