യുസി ബ്രൗസറിന് ഇന്ത്യയിൽ 10 കോടി ഉപയോക്താക്കൾ

Posted on: November 24, 2016

uc-browser-logo-big

കൊച്ചി : ആലിബാബ ഗ്രൂപ്പ് കമ്പനിയായ യുസി ബ്രൗസർ ഇന്ത്യയിൽ സ്ഥിരമായി ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിമാസം 10 കോടി കവിഞ്ഞു. കമ്പനിയുടെ രാജ്യത്തെ വിപണി വിഹിതം 57 ശതമാനമാണ്. 2016-ൽ ഉപയോക്താക്കളുടെ എണ്ണത്തിൽ 26 ശതമാനം വർധനവാണുണ്ടായത്.

ഇന്ത്യയിൽ 6 വർഷം മാത്രം പിന്നിട്ട യുസി ബ്രൗസർ മൊബൈൽ ബ്രൗസിങ് വിപണിയിൽ വൻ കുതിപ്പാണ് നടത്തിയിരിക്കുന്നതെന്ന് ആലിബാബ മൊബൈൽ ബിസിനസ് ഗ്രൂപ്പ് ജനറൽ മാനേജർ (ഓവർസീസ് ബിസിനസ്) കെന്നിയേ പറഞ്ഞു. ഉപയോക്താക്കളുടെ എണ്ണം 10 കോടി കവിഞ്ഞതോടെ ഗൂഗിളിനും ഫേസ്ബുക്കിനുമൊപ്പമെത്തി നിൽക്കുകയാണ് യുസി ബ്രൗസറെന്ന് അദേഹം അവകാശപ്പെട്ടു. ഇന്ത്യയിൽ 46.2 കോടി ഇന്റർനെറ്റ് ഉപയോക്താക്കളാണുള്ളത്. മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം 37.1 കോടിയാണ്.

ബ്രൗസിങ് ടൂൾ എന്നതിലുപരി വിനോദ പരിപാടികളും മറ്റും ലഭ്യമാക്കുന്നതിലാണ് യുസി ബ്രൗസറും യുസി ന്യൂസും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് കെന്നിയേ പറഞ്ഞു. കളേഴ്‌സ് ടിവി, ബോളിവുഡ് ചിത്രമായ യേ ദിൽ ഹൈ മുശ്കിൽ എന്നിവയുമായുണ്ടാക്കിയ വിജയകരമായ കൂട്ടുകെട്ടിനുശേഷം കൂടുതൽ സിനിമാ നിർമാതാക്കളും ചാനലുകളുമായി സഹകരിക്കാൻ യുസി ബ്രൗസർ ശ്രമിച്ചു വരികയാണ്. ആലിബാബ ഗ്രൂപ്പിന്റെ കീഴിൽ പുതിയ ഡിജിറ്റൽ മീഡിയ – എന്റർടെയ്ൻമെന്റ് കമ്പനി ആരംഭിച്ചത് ഈ നീക്കത്തിന് ശക്തിപകർന്നിട്ടുണ്ട്. കളേഴ്‌സ് ടിവിയിലെ ത്ധലക് ദിഖ്‌ലാ ജാ എന്ന പ്രോഗ്രാം 70 ലക്ഷം പേരാണ് യുസി ബ്രൗസറിലൂടെ വീക്ഷിച്ചത്. യേ ദിൽ ഹൈ മുശ്കിലിലെ ഒരു ഗാനത്തിന്റെ വീഡിയോ 60 ലക്ഷം പേരും കണ്ടു.

ആളുകൾക്ക് വിവിധ വിഷയങ്ങളിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരവും യുസി വെബും യുസി ന്യൂസും ഇപ്പോൾ ലഭ്യമാക്കി വരികയാണ്. തന്റെ ഏറ്റവും പുതിയ പുസ്തകമായ വൺ ഇന്ത്യൻ ഗേളി നെക്കുറിച്ച് ചേതൻ ഭഗത് യുസി ന്യൂസിൽ നടത്തിയ പ്രഭാഷണം 15 ലക്ഷം പേരാണ് വീക്ഷിച്ചത്. 1.8 കോടി ആളുകൾ അത് പിന്നീട് വായിക്കുകയും ചെയ്തു.

TAGS: UC Browser |