ക്രാഫ്റ്റ് ഹോസ്പിറ്റലിൽ ടേയ് സാക് ജനിതക രോഗമില്ലാത്ത കുട്ടി ജനിച്ചു

Posted on: July 27, 2016

CRAFT-Hospital-Tey-Sach-fre

കൊച്ചി : കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്പിറ്റലിൽ അത്യപൂർവ രോഗമായ ടേയ്-സാക് ന് പിടികൊടുക്കാതെ ഗിരീഷ്-സജിനി ദമ്പതികളുടെ പെൺകുഞ്ഞ് മൂന്നുമാസം പിന്നിട്ടു. ക്രാഫ്റ്റ് ഹോസ്പിറ്റലിലെ ജനിതക ഗവേഷണവിഭാഗം മേധാവി റിതു നായരുടെ നേതൃത്വത്തിൽ ടേയ്-സാക് ബാധിതരായ മാതാപിതാക്കളിൽ നിന്നും ടേയ്-സാക് ജീനുകളില്ലാത്ത കുട്ടിയെ ജനിപ്പിക്കാൻ കഴിഞ്ഞതായി ക്രാഫ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില പൂർണ്ണമായും തൃപ്തികരമാണെന്നും അവർ അറിയിച്ചു. മൂന്നു പ്രാവശ്യം ജനിച്ച കുട്ടികൾക്ക് ഇതേവിധി നേരിട്ട ദമ്പതികളാണ് തമിഴ്‌നാട് സ്വദേശികളായ ഗിരീഷും സജിനിയും.

ക്രോമസോം നമ്പർ 15 ൽ ഉൾപ്പെട്ട ഒരു കൂട്ടം ജീനുകളിൽ ഒരു പ്രത്യേകം എൻസൈമിന്റെ കുറവാണ് ടേയ്-സാക് രോഗത്തിനു കാരണം. ഏഴുമാസം പ്രായമാകുമ്പോഴേയ്ക്കും കുട്ടിയുടെ ഞരമ്പുകളിലെ കോശങ്ങളെ നശിപ്പിച്ച് തുടങ്ങുന്ന രോഗം മാനസികവും ശാരീരികവുമായ തളർച്ചയിലേക്ക് നയിക്കുകയും, 4 വയസ്സാകുമ്പോഴേക്കും കുട്ടി മരിക്കുന്ന അവസ്ഥയുമാണ് കണ്ടുവരുന്നത്. ഈ രോഗബാധിതമായ ജീനുകളുള്ള മാതാപിതാക്കളുടെ ബീജത്തിൽ നിന്നും ആരോഗ്യമുള്ള ബീജങ്ങളുടെ സങ്കലനം നടക്കാൻ സാദ്ധ്യത കുറവാണ്. ജനിക്കുന്ന കുട്ടികൾ തലാസ്സേമിയ, സ്‌പൈനൽ മസ്‌കുലർ അട്രോഫി, ഹീമോഫീലിയ മുതലായ ജനിതകരോഗങ്ങൾക്കും ചിലപ്പോൾ ഇരയാകുന്നു. പ്രിഇംപ്ലാന്റേഷൻ ഡയഗണോസിസിലൂടെ രോഗബാധിതമല്ലാത്ത ഏറ്റവും നല്ല എംബ്രിയോകൾ ഫെർട്ടിലൈസേഷൻ രീതികളിലൂടെ സംയോജിപ്പിച്ച് അമ്മയുടെ യൂട്രസിൽ നിക്ഷേപിച്ചാണ് ക്രാഫ്റ്റ് ഹോസ്പിറ്റലിൽ ടേയ്-സാക് രോഗമില്ലാത്ത കുട്ടിയെ ഈ ദമ്പതികൾക്ക് ലഭിച്ചതെന്ന് ഡോ. റീതു നായർ പറഞ്ഞു. മുമ്പ് 12 ആഴ്ചമുതൽ 16 ആഴ്ചവരെയുള്ള ഗർഭകാലത്താണ് ജനിതകതകരാറുകൾ അറിയുവാൻ കഴിഞ്ഞിരുന്നത്. എന്നാൽ പ്രീ ഇംപ്ലാന്റേഷൻ ഡയഗണോസിസ് (പി.ജി.ഡി.) പോലെയുള്ള ആധുനിക ആരോഗ്യശാസ്ത്ര രീതികൾ ഈ രംഗത്ത് വിപ്ലവാത്മകരമായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ക്രാഫ്റ്റ് ഹോസ്പിറ്റൽ ചെയർമാനും സ്ഥാപകനുമായ ഡോ. സി. മുഹമ്മദ് അഷറഫ് പറഞ്ഞു.

ഹോസ്പിറ്റലിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗവേഷണകേന്ദ്രം രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ഏറ്റവും കൂടുതൽ ക്രോമസോം, സിംഗിൾ ജീൻ, തകരാറുകൾ പഠനവിധേയമാക്കിയ ആശുപത്രിയും ക്രാഫ്റ്റാണെന്ന് അദ്ദേഹം പറഞ്ഞു.