മന്ത്രി കെ. ബാബു രാജിവച്ചു

Posted on: January 23, 2016

Minister-K-Babu-Big

കൊച്ചി : എക്‌സൈസ് മന്ത്രി കെ. ബാബു രാജിവച്ചു. എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ. ബാബു രാജിപ്രഖ്യാപനം നടത്തിയത്. പൊതുതാത്പര്യ ഹർജിയുടെ അടിസ്ഥാനത്തിൽ തൃശൂർ വിജിലൻസ് കോടതിയിൽ നിന്നും എനിക്കെതിരെ ഒരു പരാമർശമുണ്ടായി. താൻ ഈ നിമിഷം വരെ ഒരു കേസിലും പ്രതിയല്ല. സങ്കേതികത്വം പറഞ്ഞ് താൻ അധികാരത്തിൽ കടിച്ചുതൂങ്ങില്ലെന്നും കെ. ബാബു മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ക്വിക്ക് വെരിഫിക്കേഷൻ പൂർത്തിയാക്കാൻ വിജിലൻസ് ഒരു മാസത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്നു. പ്രാരംഭ അന്വേഷണത്തിൽ ധാരാളം ആളുകളിൽ നിന്ന് മൊഴിയെടുത്തെങ്കിലും തെളിവ് കണ്ടെത്താനായില്ല. അബ്കാരികളുമായ താനും എക്‌സൈസ് ഉദ്യോഗസ്ഥരും 2013 ഫെബ്രുവരി രണ്ടാം തീയതി ചർച്ച നടത്തിയിരുന്നു. എന്നാൽ ആരോപണം ഉന്നയിച്ചത് രണ്ട് വർഷം കഴിഞ്ഞാണ്. ആരോപണകർത്താവ് നാല് തവണ വിജിലൻസിന് മൊഴികൊടുത്തപ്പോഴും എനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് കെ ബാബു ചൂണ്ടിക്കാട്ടി.

ഡിസംബർ 15 ന് വി. ശിവൻകുട്ടി എംഎൽഎയുടെ വസതിയിൽ കോടിയേരി ബാലകൃഷ്ണനും അബ്കാരികളുമായി നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് തനിക്കെതിരെയുള്ള ആരോപണം. പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ നഷ്ടം നേരിട്ടവരാണ് ഇതിനു പിന്നിൽ. സുപ്രീംകോടതിയും കേരള സർക്കാരിന്റെ മദ്യനയത്തെ അംഗീകരിച്ചിട്ടുണ്ട്. ബോധവത്കരണം, എൻഫോഴ്‌സ്‌മെന്റ് തുടങ്ങി വിവിധ തലങ്ങളിൽ മികച്ച പ്രവർത്തനമാണ് എക്‌സൈസ് വകുപ്പ് കാഴ്ചവച്ചതെന്ന് കെ. ബാബു അവകാശപ്പെട്ടു.

അധികാരത്തിൽ എത്തിയാൽ പൂട്ടിയ ബാറുകൾ തുറന്നുകൊടുക്കാമെന്ന രഹസ്യധാരണയിലാണ് സിപിഎം എന്നും കെ. ബാബു ആരോപിച്ചു. ഇക്കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ബാബു ആവശ്യപ്പെട്ടു. പൊതുപ്രവർത്തനരംഗത്ത് 49 വർഷമായി. എംഎൽഎയായിട്ട് 25 വർഷമായി. എല്ലാക്കാലത്തും ധാർമികത ഉയർത്തിപ്പിടിച്ചിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ വിജിലൻസ് കോടതി ഉത്തരവിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് എറണാകുളം ഗസ്റ്റ്ഹൗസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ആശയവിനിമയം നടത്തി കെ. ബാബു രാജി സന്നദ്ധത അറിയിച്ചിരുന്നു. കെ.വി. തോമസ് എംപി, എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബഹനാൻ, ഡൊമിനിക് പ്രസന്റേഷൻ എന്നിവരുമായി കെ. ബാബു കൂടിക്കാഴ്ച നടത്തിയിരുന്നു. കോടതി ഉത്തരവിനെ ഗൗരവമായി കാണുന്നുവെന്നാണ് കെപിസിസി പ്രസിഡന്റ് വി. എം. സുധീരൻ അഭിപ്രായപ്പെട്ടത്.

പരാതിക്കാരൻ ബിജു രമേശിനെതിരെയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് കോടതി നിർദേശിച്ചിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. സർക്കാരിനും വിജിലൻസിനും എതിരെ അതി രൂക്ഷമായ വിമർശനമാണ് കോടതി നടത്തിയത്.