പോർട്ട് ഫോളിയോ നിക്ഷേപം : സെലിബ്രസും ഫെഡറൽ ബാങ്കും ധാരണയിൽ

Posted on: March 26, 2018

കൊച്ചി : പ്രവാസി ഇന്ത്യക്കാർക്ക് പോർട്ട് ഫോളിയോ നിക്ഷേപ പദ്ധതിയിൽ കൂടുതൽ സേവനങ്ങൾ നൽകുന്നതിനായി ഫെഡർ ബാങ്ക് സെലിബ്രസ് ക്യാപ്പിറ്റൽ, ഫോർച്യൂൺ വെൽത്ത് മാനേജ്മെന്റ് കമ്പനി എന്നിവയുമായി പങ്കാളിത്ത കരാറുകളിൽ ഏർപ്പെട്ടു. മറൈൻഡ്രൈവിൽ ഫെഡറൽ ടവേഴ്സിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് റീട്ടെയ്ൽ ബിസിനസ് മേധാവിയും ഇ വി പിയുമായ ജോസ് കെ മാത്യു, റീട്ടെയ്ൽ ബിസിനസ് ഡി വി പി രവി രഞ്ജിത്ത് എന്നിവർ സെലിബ്രസ് ക്യാപ്പിറ്റൽ മാനേിജിംഗ് ഡയറക്ടർ ജിബി മാത്യു, ഫോർച്യൂൺ വെൽത്ത് മാനേജ്മെൻറ് മാനേജിംഗ് ഡയറക്ടർ ജോസി എബ്രഹാം എന്നിവരുമായി ധാരണാപത്രങ്ങൾ ഒപ്പിട്ടു.

ഇതോടെ, ഒൻപത് ബ്രോക്കിങ് കമ്പനികളുമായി ഫെഡറൽ ബാങ്ക് ധാരണയിലെത്തി. സുതാര്യമായ മാർഗത്തിലൂടെ പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യൻ മൂലധന വിപണിയിൽ നിക്ഷേപം നടത്താനുള്ള പരമാവധി അവസരങ്ങൾ നൽകാൻ ഫെഡറൽ ബാങ്കുമായുള്ള പങ്കാളിത്തത്തോടെ സെലിബ്രസ് ക്യാപ്പിറ്റലിന് കഴിയുമെന്ന് മാനേജിംഗ് ഡയറക്ടർ ജിബി മാത്യു പറഞ്ഞു.

എൻ ആർ ഐ ഉപഭോക്താക്കൾക്ക് ന്യായമായ നിരക്കിൽ പരമാവധി സേവനം നൽകാൻ ഫെഡറൽ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് റീട്ടെയ്ൽ ബിസിനസ് മേധാവി ജോസ് കെ മാത്യു പറഞ്ഞു. ആകെ ബിസിനസിലും അക്കൗണ്ടുകളുടെ എണ്ണത്തിലും പി ഐ എസ് ബിസിനസ് ഇരട്ടിയാക്കാനാണ് ബാങ്ക് ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു.