കാത്തലിക് സിറിയൻ ബാങ്ക് സെലിബ്രസ് ക്യാപിറ്റലുമായി പങ്കാളിത്തത്തിൽ

Posted on: February 27, 2018

കാത്തലിക് സിറിയൻ ബാങ്കും സെലിബ്രസ് ക്യാപിറ്റലും തമ്മിലുള്ള ധാരണാപത്രം കാത്തലിക് സിറിയൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സി. വി. ആർ രാജേന്ദ്രനും സെലിബ്രസ് ക്യാപിറ്റൽ ഡയറക്ടർ ജോർജ് ഐപ്പും കൈമാറുന്നു.

കൊച്ചി : കാത്തലിക് സിറിയൻ ബാങ്ക് ഓൺലൈൻ ഉപഭോക്താക്കൾക്ക് ട്രേഡിംഗ്, ഡീമാറ്റ് സേവനങ്ങൾ നൽകുന്നതിനായി സെലിബ്രസ് ക്യാപിറ്റലുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ധാരണപ്രകാരം, സി എസ് ബി ഉപഭോക്താക്കൾക്ക് സൗജന്യമായി സെലിബ്രസ് ട്രേഡിംഗ് അക്കൗണ്ട് തുടങ്ങാം. കൂടാതെ ഡീമാറ്റ് അക്കൗണ്ടിൽ ബ്രോക്കറേജ് ചാർജ് ഇനത്തിലും എ എം സി ഫീസ് ഇനത്തിലും പ്രത്യേക ഇളവുകൾ ലഭിക്കുകയും ചെയ്യും. സെലിബ്രസിൻറെ തനത് മൊബൈൽ ട്രേഡിംഗ് നിക്ഷേപക പ്ലാറ്റ്‌ഫോമായ – ലീപ്പിൽ ആക്‌സസ് ലഭിക്കും.

ഇക്വിറ്റി, മ്യൂച്വൽ ഫണ്ട് വിപണിയിൽ സ്വീകരിക്കേണ്ട തന്ത്രപരമായ സമീപനങ്ങളെ സംബന്ധിച്ച് സി എസ് ബി ഉപഭോക്താക്കളെ സെലിബ്രസ് ബോധവത്ക്കരിക്കും. സി എസ് ബി ഉപഭോക്താക്കളുടെ സംശയങ്ങൾ ദൂരീകരിക്കാൻ സെലിബ്രസ് പ്രത്യേകം ജീവനക്കാരെ നിയോഗിക്കും ഒപ്പം ഇവർക്കായി സഹായകേന്ദ്രം ആരംഭിക്കുകയും ചെയ്യും.

ഇക്വിറ്റി വിപണികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്താൻ ഉപഭോക്താക്കൾ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും സെലിബ്രസുമായുള്ള പങ്കാളിത്തത്തിലൂടെ സി എസ് ബി ഉപഭോക്താക്കൾക്ക് സെലിബ്രസിൽ സൗജന്യമായി ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കാൻ കഴിയുമെന്നും കാത്തലിക് സിറിയൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സി. വി. ആർ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ രാജ്യത്തെ പ്രധാന ബ്രോക്കിംഗ് ഹൗസായി സെലിബ്രസ് ക്യാപിറ്റൽ മാറിക്കഴിഞ്ഞെന്ന് സെലിബ്രസ് ക്യാപിറ്റൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജിബി മാത്യു പറഞ്ഞു. പുതുതലമുറ സാങ്കേതികവിദ്യയും കൃത്യതയാർന്ന വിപണി ഗവേഷണവും 24 / 7 ഉപഭോക്തൃ സേവനവുമാണ് സെലിബ്രസ് വിജയത്തിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.