പ്രധാനമന്ത്രിയുടെ സന്ദർശനം ഒരുക്കങ്ങൾ പൂർത്തിയായി

Posted on: December 9, 2015

Narendra-Modi-in-safron-Big

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ കേരള സന്ദർശനം സംബന്ധിച്ച ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 14 ന് വൈകുന്നേരം 4.10 ന് പ്രത്യേക വ്യോമസേന വിമാനത്തിൽ പ്രധാനമന്ത്രി കൊച്ചിയിലെ ഐഎൻഎസ് ഗരുഡ നേവൽ എയർ സ്റ്റേഷനിൽ എത്തിച്ചേരും. സ്വീകരണത്തിനു ശേഷം 4.15 ന് പ്രധാനമന്ത്രി ഹെലികോപ്ടറിൽ തൃശൂർ കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിലേക്ക് തിരിക്കും. കോളേജ് ഗ്രൗണ്ടിൽ ഒരുക്കിയിട്ടുള്ള ഹെലിപാഡിൽ നിന്നും 4.50 ന് തേക്കിൻകാട് മൈതാനത്തിൽ എത്തിച്ചേരും. തുടർന്ന് അഞ്ച് മണിക്ക് പ്രധാനമന്ത്രി പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തിരിച്ച് 7.15 ന് കൊച്ചി താജ് മലബാറിലെത്തുന്ന പ്രധാനമന്ത്രി രാത്രി അവിടെ തങ്ങും.

പിറ്റേന്ന് രാവിലെ 8.50 ന് ഐഎൻഎസ് ഗരുഡയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് മാർഗം എത്തിച്ചേരും. തുടർന്ന് ഒമ്പത് മണിക്ക് ട്രൈ സർവീസ് ഗാർഡ് ഓഫ് ഹോണർ. തുടർന്ന് നേവിയുടെ ഹെലികോപ്ടറിൽ 9.30 ന് ഐ.എൻ.എസ്. വിക്രമാദിത്യയിലെത്തിച്ചേരുന്ന പ്രധാനമന്ത്രി 9.40 മുതൽ ഉച്ചയ്ക്ക് 1.15 വരെ സംയുക്ത കമാൻഡർമാരുടെ കോൺഫറൻസിൽ പങ്കെടുക്കും. 1.45 ന് ഹെലികോപ്ടറിൽ കൊല്ലം ആശ്രാമം മൈതാനത്തേക്ക് തിരിക്കും. 2.45 ന് എസ്എൻ കോളേജിലെത്തുന്ന പ്രധാനമന്ത്രി മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. തുടർന്ന് ഹെലികോപ്ടറിൽ 4.05 ന് വർക്കലയിൽ എത്തുന്ന അദ്ദേഹം 4.15 ന് ശിവഗിരി മഠത്തിൽ ശ്രീനാരായണഗുരുവിന് ആദരങ്ങൾ അർപ്പിച്ച് വൃക്ഷത്തൈ നടും.

പിന്നീട് 4.50 ന് ശംഖുമുഖത്തേക്ക് ഹെലികോപ്ടറിൽ യാത്രതിരിക്കുന്ന പ്രധാനമന്ത്രി 5.10 ന് ശംഖുമുഖം വ്യോമസേന ടെക്‌നിക്കൽ ഏരിയയിൽ എത്തിച്ചേരും. തുടർന്ന് 5.15 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി ന്യൂഡൽഹിക്ക് മടങ്ങും.