യൂബർ ഒരു ലക്ഷം വിമുക്തഭടൻമാരെ ഡ്രൈവർമാരായി നിയമിക്കും

Posted on: November 4, 2015

Uber-taxi-Big

കൊച്ചി : യൂബർ ഇന്ത്യ ഒരു ലക്ഷത്തിലേറെ വിമുക്തഭടൻമാരെ ഡ്രൈവർമാരായി നിയമിക്കും. ഇത് സംബന്ധിച്ച് യൂബർ ടാക്‌സീസും പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ആർമി വെൽഫയർ പ്ലേസ്‌മെന്റ് ഓർഗനൈസേഷനും തമ്മിൽ ധാരണയിലെത്തി. സ്വകാര്യ മേഖലയിൽ വിമുക്ത ഭടൻമാർക്ക് തൊഴിൽ തരപ്പെടുത്തികൊടുക്കുന്ന സേവനമാണ് ആർമി വെൽഫയർ പ്ലേസ്‌മെന്റ് ഓർഗനൈസേഷൻ നിർവഹിച്ചു വരുന്നത്.

ഓർഗനൈസേഷൻ നിർദേശിക്കുന്ന ഡ്രൈവർമാർക്കാണ് യൂബർ തൊഴിൽ നൽകുകയെന്ന് യൂബർ ഇന്ത്യ പ്രസിഡന്റ് അമിത് ജെയിൻ പറഞ്ഞു. നമ്മുടെ സേനാനികൾ ഏറ്റവും പ്രഗത്ഭരും സമർപ്പണ മനോഭവമുള്ളവരുമാണെന്ന വസ്തുത കണക്കിലെടുത്താണ് വിമുക്തഭടൻമാർക്ക് യൂബർ മുൻഗണന നൽകുന്നതെന്നത്. അർഹരായ വിമുക്തഭടൻമാർക്ക് കാർ വാങ്ങുന്നതിന് വായ്പ തരപ്പെടുത്തിക്കൊടുക്കുമെന്നും അമിത് ജെയിൻ വ്യക്തമാക്കി.

യൂബറിൽ ഇപ്പോൾ തന്നെ ആയിരക്കണക്കിന് വിമുക്ത ഭടൻമാർ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് ആർമി വെൽഫേർ പ്ലേസ്‌മെന്റ് ഓർഗനൈസേഷൻ മാനേജിംഗ് ഡയറക്ടർ മേജർ ജനറൽ ദീപക് സാപ്ര പറഞ്ഞു.