എൻഐഐടി ഡോട് ടിവിയ്ക്ക് തുടക്കം

Posted on: October 6, 2015

NIIT-tv-Big

കൊച്ചി : എൻഐഐടി പൊതുജനങ്ങൾക്ക് സൗജന്യമായി  തൊഴിൽ പരിശീലനം ലഭ്യമാക്കുന്നതിനായി എൻഐഐടി ഡോട് ടിവി എന്ന പേരിൽ ഇന്റർനെറ്റ് ടിവി ആരംഭിച്ചു. ഇന്റർനെറ്റ് കണക്ഷനുള്ള കംപ്യൂട്ടറോ മൊബൈലോ ഉള്ളവർക്ക് ഈ അവസരം സൗജന്യമായി ഉപയോഗപ്പെടുത്താം.

ക്ലാസ് റൂമുകളിൽ എൻഐഐടി പരിശീലിപ്പിക്കുന്ന കോഴ്‌സുകളാണ് ഇന്റർനെറ്റ് ടിവിയിൽ ലഭ്യമാവുക. ഡിജിറ്റൽ ഇന്ത്യ, സ്‌കിൽ ഇന്ത്യ കാമ്പയിനുകൾ വിജയിപ്പിക്കുന്നതിന്റെ ഭാഗമാണ് എൻഐഐടിയുടെ ഈ ഉദ്യമമെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാഹുൽ പട്‌വർധൻ പറഞ്ഞു. കഴിഞ്ഞ 34 വർഷത്തിനിടയിൽ മൂന്നരക്കോടി ആളുകളെ പരിശീലിപ്പിച്ച് ഐടി മേഖലയ്ക്ക് വലിയ സംഭാവനയാണ് എൻഐഐടി നൽകിയത്. സമയം, സ്ഥലം, ഭാഷ, പണം തുടങ്ങി എല്ലാ അതിർവരമ്പുകളും ഭേദിച്ചു തൊഴിൽ നൈപുണ്യ പരിശീലനം സാർവത്രികമാക്കാൻ എൻഐഐടി മുന്നോട്ടു വന്നിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ സ്‌കിൽ ഇന്ത്യ കാമ്പയിൻ ഉദ്ഘാടന വേളയിൽ ഒരു കോടി വിദ്യാർഥികൾക്ക് നൈപുണ്യ പരിശീലനം നൽകുമെന്ന് എൻഐഐടി പ്രഖ്യാപിക്കുകയുണ്ടായി. ഇതിലേക്കുള്ള ചുവടുവയ്പാണ് ഇന്റർനെറ്റിലൂടെയുള്ള സൗജന്യ പരിശീലനം.

ഇരുപതിലധികം തൊഴിൽ പരിശീലന കോഴ്‌സുകൾ തുടക്കത്തിൽ എൻഐഐടി ഡോട് ടിവി വഴി ലഭ്യമാക്കും. ഐടി, മാനേജ്‌മെന്റ്, ബാങ്കിംഗ്, ഫിനാൻസ്, റീട്ടെയ്ൽ, മേഖലകളെ സ്പർശിക്കുന്നവയാവും ഈ കോഴ്‌സുകൾ. തുടക്കത്തിൽ ഇംഗ്ലീഷിലും ഹിന്ദിയിലുമായിരിക്കും കോഴ്‌സുകൾ. തുടർന്ന് പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുന്നതാണ്.

www.NIIT.tv യിൽ ലോഗ് ചെയ്താൽ ഇന്റർനെറ്റ് ടിവിയിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. എൻഐഐ ടി ഡോട്ട് ടിവിയുടെ ബീറ്റാ വിഭാഗമാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. സൗജന്യമായ വിദഗ്ധ തൊഴിൽ പരിശീലനം ലഭ്യമാക്കാൻ മുന്നോട്ടു വരുന്ന സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും എൻഐഐടി ടിവിയുടെ സ്റ്റുഡിയോയും സാങ്കേതിക സൗകര്യങ്ങളും ലഭ്യമാക്കാൻ തയാറാണെന്ന് ചീഫ് ട്രെയിനിങ്ങ് ഓഫീസർ രാജൻ വെങ്കട്ടരാമൻ പറഞ്ഞു.