സുഗന്ധവ്യഞ്ജന കയറ്റുമതി 3,977 കോടി രൂപയായി

Posted on: September 29, 2015

Indian-Spices-Big

കൊച്ചി : ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി നടപ്പുധനകാര്യ വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ 3,976.65 കോടി രൂപയിലെത്തി. മുൻ ധനകാര്യ വർഷത്തിലെ ഇതേ കാലയളവിൽ 3,059.74 കോടി രൂപയുടേതായിരുന്നു കയറ്റുമതി. മുൻവർഷത്തേക്കാൾ 30 ശതമാനം വളർച്ചയാണ് ഇത്തവണ കൈവരിച്ചത്. നടപ്പുധനകാര്യ വർഷത്തിൽ ലക്ഷ്യമിടുന്ന 14014 കോടി രൂപയുടെ സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ 28 ശതമാനവും ആദ്യ ക്വാർട്ടറിൽ നേടിയെടുക്കാനായി.

വെളുത്തുള്ളി, കുരുമുളക്, ചെറിയ ഏലം, ഉലുവ, ജാതിക്ക, ചതകുപ്പ, സുഗന്ധ എണ്ണ, ഓലിയോറെസിൻ എന്നിവയുടെ കയറ്റുമതിയാണ് ഏപ്രിൽ-ജൂൺ ക്വാർട്ടറിൽ വളർച്ചയിൽ ഗണ്യമായ പങ്കുവഹിച്ചത്. മൊത്തം 215,215 ടൺ സുഗന്ധവ്യഞ്ജനങ്ങളാണ് കയറ്റുമതി ചെയ്തത്. മുൻ വർഷം ഇതേ കാലയളവിലെ കയറ്റുമതി 213,443 ടൺ ആയിരുന്നു.

കുരുമുളക് കയറ്റുമതി 201 ശതമാനം വളർച്ചയോടെ 635.9 കോടിരൂപയിലെത്തി. മുൻവർഷത്തെതിൽ നിന്നും 148 ശതമാനം വളർച്ചയാണ് കുരുമുളകിന്റെ അളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 3,725 ടൺ സുഗന്ധ എണ്ണയും ഓലിയോറെസിനും 564.65 കോടി രൂപയുടെ കയറ്റുമതി രേഖപ്പെടുത്തി. മുൻ വർഷത്തെ ഇതേ കാലയളവിനെക്കാൾ 24 ശതമാനം വളർച്ചയും മൂല്യത്തിൽ 40 ശതമാനം വർധന കൈവരിച്ചു.

ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾക്ക് ആഗോള തലത്തിൽ വിപണി കണ്ടെത്തുന്നതിനായി സ്‌പൈസസ് ബോർഡ് നടത്തിയ പ്രവർത്തനങ്ങളാണ് ഒന്നാം ക്വാർട്ടറിൽ ഗണ്യമായ കയറ്റുമതി വളർച്ചയ്ക്ക് കാരണമെന്ന് സ്‌പൈസസ് ബോർഡ് ചെയർമാൻ ഡോ. ജയതിലക് പറഞ്ഞു.