കാജു കോൺക്ലേവ് 29 മുതൽ കൊച്ചിയിൽ

Posted on: September 27, 2015

Kaju-Conclave-Cochin-Big

കൊച്ചി: കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗൺസിലിന്റെ (സിഇപിസിഐ) ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കാജു കോൺക്ലേവ്-കാജു ഇന്ത്യ ബയർ സെല്ലർ മീറ്റും പ്രദർശനവും 29 മുതൽ ഒന്നു വരെ കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ നടക്കും. കേന്ദ്ര വാണിജ്യവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മേളയുടെ നാലാമത് എഡിഷനാണു കൊച്ചിയിൽ നടക്കുന്നതെന്നു സിഇപിസിഐ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ. ശശി വർമ പത്രസമ്മേളനത്തിൽ അറിയിച്ചു.

വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി 29 ന് വൈകുന്നേരം 4.30 ന് മേള ഉദ്ഘാടനംചെയ്യും. മന്ത്രി കെ. ബാബു, സിഇപിസിഐ ചെയർമാൻ ടി.കെ. ഷാഹുൽ ഹസൻ മുസലിയാർ, എൻ. കെ. പ്രേമചന്ദ്രൻ എംപി തുടങ്ങിയവർ സംബന്ധിക്കും. മേളയുടെ ഭാഗമായി നടത്തുന്ന യന്ത്രസംവിധാനങ്ങളുടെ പ്രദർശനം ഹൈബി ഈഡൻ എംഎൽഎ ഉദ്ഘാടനംചെയ്യും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന 14 ടെക്‌നിക്കൽ സെഷനുകളിൽ മേഖലയിലെ വിദഗ്ധർ സംബന്ധിക്കും. ഒന്നാം തീയതി 11 ന് സമാപന സമ്മേളനത്തിൽ തൊഴിൽ മന്ത്രി ഷിബു ബേബിജോൺ, കെ.വി. തോമസ് എംപി, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ സെക്രട്ടറി അജിത് ബി. ചവാൻ തുടങ്ങിയവർ സംബന്ധിക്കും.

രാജ്യത്തിനകത്തും പുറത്തുംനിന്നായി 700 പ്രതിനിധികൾ മേളയിൽ സംബന്ധിക്കും. കശുവണ്ടിയും അനുബന്ധ ഉത്പന്നങ്ങളും സേവനങ്ങളും ആഗോള വിപണിക്കു പരിചയപ്പെടുത്താനുള്ള വേദി കൂടിയാവും മേള. യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ വ്യവസായം കൂടുതൽ ഫലപ്രദമായി നടത്തുന്നതു സംബന്ധിച്ച ചർച്ചകളും നടക്കുമെന്നു സംഘാടക സമിതി കൺവീനർ ആർ. കെ. ഭൂതേഷ് പറഞ്ഞു.