വല്ലാർപാടത്തുനിന്ന് ഗാലെക്‌സിന്റെ ചരക്കു കപ്പൽ സർവീസ്

Posted on: July 14, 2015

DP-World-Galex-shipping-lauകൊച്ചി : വല്ലാർപാടം ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലിന്റെ നടത്തിപ്പുകാരായ ഡിപി വേൾഡും എമിറേറ്റ്‌സ് ഷിപ്പിങ്ങ് ലൈനും കൈകോർക്കുന്നു. ഇരു കമ്പനികളുടെയും നേതൃത്വത്തിൽ ഇ.എസ്.എൽ, കെ.എം.ടി.സി, ആർ സി എൽ, ഹാൻജിൻ എന്നീ കമ്പനികളുമായി ചേർന്ന് ആരംഭിച്ച ഗാലെക്‌സിന്റെ (ജി എൽ എക്‌സ്) ആദ്യ ചരക്ക് കപ്പൽ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു. 6500 ടി ഇ യു ശേഷിയുള്ള ഏഴ് കപ്പലുകൾ ഗാലെക്‌സ് സർവീസിന് ഉപയോഗിക്കും.

ദക്ഷിണ കൊറിയയിലെ പുസാനിൽ നിന്നാണ് ഗാലെക്‌സിന്റെ ചരക്ക് കപ്പലുകൾ യാത്ര തുടങ്ങുക. ഷാംഗ്ഹായ്, നിംഗ്‌ബോ, ഛിവാൻ, സിംഗപൂർ, പോർട്ട് ക്ലാങ്, കൊളംബോ, കൊച്ചി, നവസേവ, മുന്ദ്ര, ജബൽ അലി എന്നീ തുറമുഖങ്ങളിൽ കപ്പൽ എത്തും. ജബൽ അലിയിൽ നിന്നാരംഭിക്കുന്ന മടക്കയാത്ര പോർട്ട് ക്ലാങ്, ഹോംഗോംഗ് വഴി പുസാനിൽ അവസാനിക്കും. കൊച്ചിയിൽ നിന്ന് ലോകത്തെ പ്രമുഖ തുറമുഖങ്ങളിലേക്ക് നേരിട്ട് ഇടപാടിന് സൗകര്യം ലഭിച്ചിരിക്കുകയാണെന്നും യാത്രാ സമയം കുറയുന്നത് വ്യവസായികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർമാൻ പോൾ ആന്റണി പറഞ്ഞു.

DP-World-Vallarpadam-big

ജബൽ അലിയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള പ്രതിവാര സർവീസിന് തുടക്കമിടുകയാണെന്ന് എമിറേറ്റ്‌സ് ഷിപ്പിംഗ് ലൈൻ കൊമേഴ്‌സ്യൽ വിഭാഗം വൈസ് പ്രസിഡന്റ് അബ്ദുള്ള അൽജുഫൈറി അറിയിച്ചു. പുതിയ സംരംഭം വഴി കടൽമാർഗമുള്ള തങ്ങളുടെ വാണിജ്യ ഇടപാടിന് കൂടുതൽ വിശ്വാസ്യത ലഭിച്ചിരിക്കുകയാണെന്ന് ഡിപി വേൾഡ് സബ്‌കോണ്ടിനെന്റ് മാനേജിംഗ് ഡയറക്ടറും സീനിയർ വൈസ് പ്രസിഡന്റുമായ അനിൽ സിങ്ങ് പറഞ്ഞു.