ടിഡിഎസ് ഭേദഗതികളെ സ്വാഗതം ചെയ്ത് ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖല

Posted on: March 30, 2023

കൊച്ചി: ഇത്തവണത്തെ ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്ന ടിഡിഎസ് ഭേദഗതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖല സ്വാഗതം ചെയ്തു. ഇതോടെ പുതിയ ടിഡിഎസ് രീതിയിലേക്കുള്ള മാറ്റം സുഗമമാകുമെന്നാണ് ഓണ്‍ലൈന്‍ വ്യവസായ മേഖല കരുതുന്നത്.

10,000 രൂപയ്ക്കു മുകളിലുള്ള വിജയങ്ങള്‍ക്ക് ആദായ നികുതി നിയമത്തിന്റെ 194ബി വകുപ്പു പ്രകാരം ടിഡിഎസ് കുറക്കുന്നതായിരുന്നു ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയില്‍ നേരത്തെബാധകമായിരുന്ന രീതി. എന്നാല്‍ 2023-ലെ ബജറ്റില്‍ 194ബിഎ എന്ന പുതിയ വകുപ്പ് സൃഷ്ടിക്കുകയും അറ്റ വിജയങ്ങള്‍ക്ക് 30 ശതമാനം ടിഡിഎസ് ചുമത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അറ്റ വിജയങ്ങള്‍ കണക്കു കൂട്ടുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി ഈ മേഖല കാത്തിരിക്കുകയാണ്. ഇത് 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിനു മുന്‍പ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ടിഡിഎസ് രീതിയിലേക്ക് സുഗമമായ മാറ്റം ഉറപ്പാക്കണമെന്ന ഈ മേഖലയുടെ ആവശ്യം അംഗീകരിച്ച സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് ഇതേക്കുറിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫാന്റസി സ്‌പോര്‍ട്ട്‌സ് ഡയറക്ടര്‍ ജനറല്‍ ജോയ് ഭട്ടാചാര്യ പറഞ്ഞു. മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ തങ്ങള്‍ക്കു പ്രതിബദ്ധതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ടിഡിഎസ് രീതിയിലേക്കു മാറുന്ന തീയ്യതി പുതുക്കിയതില്‍ തങ്ങള്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് ഇ-ഗെയിമിംഗ് ഫെഡറേഷന്‍ സെക്രട്ടറി മലയ് കുമാര്‍ ശുക്ല പറഞ്ഞു.