ദേശീയ ക്ലൈമത്തോണ്‍ 2022 പുരസ്‌കാരം സ്വന്തമാക്കി കേരള സ്റ്റാര്‍ട്ടപ്പ് ട്രീ ടാഗ്

Posted on: December 2, 2022

കൊച്ചി : സാങ്കേതിക സംയോജിത വനവല്‍ക്കരണ പദ്ധതികളിലൂടെ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കേരളത്തില്‍ നിന്നുള്ള ഗ്രീന്‍ സ്റ്റാര്‍ട്ടപ്പായ ട്രീ ടാഗിന് പുരസ്‌കാരം. ദേശീയ മത്സരമായ ക്ലൈമത്തോണ്‍-2022-ലാണ് ട്രീ ടാഗ് ഒന്നാം സ്ഥാനക്കാരായത്. സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ, നാസ്‌കോം, ടൈ കേരള, ഇവൈ ഗ്ലോബല്‍ ഡെലിവറി സര്‍വീസസ്, യുഎന്‍ഡിപി, ഗ്ലോബല്‍ ഷേപേഴ്‌സ് കൊച്ചി എന്നിവയുടെ സഹകരണത്തോടെ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സംഘടിപ്പിച്ച ഹാക്കത്തോണാണ് ക്ലൈമത്തോണ്‍-2022. നവംബര്‍ 26, 27 തീയതികളില്‍ കൊച്ചിയിലെ കേരള ടെക്നോളജി ഇന്നവേഷന്‍ സോണില്‍ നടന്ന പരിപാടിയില്‍ ഇന്ത്യയിലുടനീളമുള്ള 174 എന്‍ട്രികളില്‍ നിന്നാണ് ട്രീ ടാഗ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക.

കാലാവസ്ഥാ വ്യതിയാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, സുസ്ഥിരവും, കാലാവസ്ഥാ പ്രതിരോധശേഷിയുമുള്ള ഭാവി സൃഷ്ടിക്കുക എന്നതായിരുന്നു ക്ലൈമത്തോണിലെ പ്രമേയം. 2015 ല്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ട് വച്ച ഏഴ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി, കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് നൂതനമായ പരിഹാരം കണ്ടെത്തുന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം.

പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വിപുലമായ ഡാറ്റാ അധിഷ്ഠിത സ്വഭാവമുള്ള സമാന ആശയങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് ഈ നേട്ടം തെളിയിക്കുന്നതായി ട്രീ ടാഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഭിജിത്ത് കുമാര്‍ മീനാകുമാരി പറഞ്ഞു. അടുത്ത വര്‍ഷത്തോടെ ഈ ആശയത്തെ ദേശീയ അന്തര്‍ദേശീയ പദവിയിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇവൈ, കെഎസ് യുഎം, മറ്റ് സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിഭാശാലികളുമായി സംവദിക്കാനും ബന്ധപ്പെടാനുമായത് ക്ലൈമത്തോണിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിന് സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, സാങ്കേതിക വിദഗ്ധര്‍, പ്രൊഫഷണലുകള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഹാക്കത്തോണിന്റെ ലക്ഷ്യം.

ക്ലൈമറ്റ് ആക്ഷന്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സുസ്ഥിര നഗരങ്ങളും സമൂഹവും, ശുദ്ധമായ ഊര്‍ജം, ഉത്തരവാദിത്തത്തോടെയുള്ള ഉപഭോഗവും ഉത്പ്പാദനവും, ട്രീ ടാഗിനെ അവാര്‍ഡിന് അര്‍ഹരാക്കിയ ഭൂമിയിലെ ജീവിതം തുടങ്ങിയവയാണ് ക്ലൈമത്തോണ്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍. നിലവിലുള്ള വന പരിസ്ഥിതി വ്യവസ്ഥകളെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതും പ്രധാന നിര്‍ദേശമാണ്.

നാല് ഘട്ടങ്ങളിലായി നടന്ന ഹാക്കത്തോണില്‍ ഇന്ത്യയില്‍ ഉടനീളം 174 എന്‍ട്രിയാണ് ലഭിച്ചത്. ഏഴ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് കീഴിലുള്ള പ്രശ്‌ന പ്രസ്താവനകളില്‍ നിന്നാണിത്. സിഇഒ അഭിജിത്ത് കുമാര്‍ മീനാകുമാരി, ചീഫ് ടെക്നോളജി ഓഫീസര്‍ ആശുതോഷ് ബി സായ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുഹമ്മദ് വസീര്‍, ചീഫ് സ്ട്രാറ്റജി ഓഫീസര്‍ അനൂപ് ബാബു എന്നിവര്‍ ഉള്‍പ്പടെയുള്ള സംഘമാണ് ട്രീ ടാഗിനെ പ്രതിനിധീകരിച്ച് ക്ലൈമത്തോണില്‍ പങ്കെടുത്തത്.

സ്‌കൂളുകളിലും കോളേജുകളിലും തങ്ങളുടെ സ്വമേധയാ ഉള്ള ബോധവല്‍ക്കരണത്തിലൂടെയും കപ്പാസിറ്റി ബില്‍ഡിംഗ് പരിപാടികളിലൂടെയും മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഭാവി പദ്ധതി എന്ന് ട്രീ ടാഗ് ടീം വ്യക്തമാക്കി. പതിനായിരത്തില്‍ അധികം വിദ്യാര്‍ത്ഥി വോളന്റിയര്‍മാരെ ഇപ്പോള്‍ ട്രീ ടാഗ് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എപിജെ അബ്ദുള്‍ കലാം കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ എന്‍ആര്‍പിഎഫിന്റെ എന്‍എസ്എസ് സെല്ലിലെ സന്നദ്ധപ്രവര്‍ത്തകര്‍ വൃക്ഷത്തൈ നടീല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.