എട്ടാമത് ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് കൊച്ചിയില്‍ ആരംഭിച്ചു

Posted on: November 22, 2022

കൊച്ചി : ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് സെക്ഷന്‍ ഓഫ് ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയും ഐ.സി.എ.ആര്‍ന്റെ കീഴിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയും,സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്‌നോളജിസ്റ്റ് ഇന്ത്യയും (SOFTI) സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് (GAF8) കേരള ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു.

മത്സ്യബന്ധന മേഖലയില്‍ സ്ത്രീകളുടെ തുല്യതയും അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആഗോള സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. അനുദിനം വളരുന്ന മത്സ്യബന്ധന വ്യവസായത്തില്‍ വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് സ്ത്രീകള്‍. എന്നാല്‍ ഇന്ന് മത്സ്യബന്ധനത്തിലും മത്സ്യകൃഷിയിലുമുള്ള സ്ത്രീകളുടെ സംഭാവനകള്‍ വളരെക്കാലമായി അവഗണിക്കപ്പെടുന്നുണ്ട്.
ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമ്മേളനം നടത്തുന്നതെന്ന് ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് പറഞ്ഞു.

2017-ലെ ബൈ ആനുവല്‍ സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്‌നോളജി അവാര്‍ഡ് പ്രശസ്ത ഗവേഷകനും അക്കാഡമീഷ്യനുമായ ഡോ. ടി കെ ശ്രീനിവാസ ഗോപാല്‍ ഗവര്‍ണറില്‍ നിന്ന് ചടങ്ങില്‍ ഏറ്റുവാങ്ങി. പാക്കേജിംഗ് ടെക്‌നോളജി, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവയെ അടിസ്ഥാനമാക്കിയ ഫിഷറീസ് മേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

മത്സ്യ വ്യവസായത്തിലും അനുബന്ധ മേഖലകളിലും സ്ത്രീകള്‍ നിസ്സംശയമായും കഴിവുള്ളവരാണ്, പക്ഷേ സാങ്കേതികവിദ്യകള്‍, സാമ്പത്തികം, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം അത്യാവശ്യമാണ്. സ്ത്രീകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയും എല്ലാ മേഖലയിലും അവരെ മുന്‍പന്തിയില്‍ എത്തിക്കാനുള്ള വഴികള്‍ കണ്ടെത്തി സഹായിക്കുകയാണ് ഗാഫ്8 (GAF8)ലക്ഷ്യമിടുന്നതെന്ന് കോ-ചെയര്‍ GAF8, മലേഷ്യയിലെ ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയുടെ മുന്‍ ചെയറുമായ ഡോ. മെറില്‍ ജെ. വില്യംസ് പറഞ്ഞു.

2022 നവംബര്‍ 21 മുതല്‍ 23 വരെ കൊച്ചി ഐഎംഎ ഹൗസിലാണ് സമ്മേളനം . സുസ്ഥിര മത്സ്യബന്ധന,മത്സ്യകൃഷി രംഗത്ത് ലിംഗനീതി ഉറപ്പാക്കുക എന്നതാണ് ഇത്തവണത്തെ ആഗോള കോണ്‍ഫറന്‍സിന്റെ പ്രമേയം. ഫിഷറീസ് മേഖലയിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും ചര്‍ച്ചയാകും. അക്വ, ഫിഷറീസ് രംഗങ്ങളില്‍ ലിംഗനീതിയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രയോഗികമായ പരിഹാരം കാണാനും കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നു.

മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ ശാസ്ത്രജ്ഞര്‍, അക്കാദമിക് വിദഗ്ധര്‍, ജന്‍ഡര്‍ വിദഗ്ധര്‍, നയരൂപീകരണ വിദഗ്ധര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി മുന്നൂറിലേറെപ്പേര്‍പങ്കെടുക്കും. 20 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 6 വിഷയങ്ങളിലായിരിക്കും പ്രബന്ധങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒപ്പം വിവിധ അന്തര്‍ദേശീയ സംഘടനകളുടെ പത്ത് സ്‌പെഷ്യല്‍ സെഷനുകളും ഉണ്ടാകും. ഐക്യ രാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, പസിഫിക് കമ്മ്യുണിറ്റി, ബി ഒ ബി പി (BOBP) ഐ സി എസ് എഫ് (ICSF) എന്നിവയുടെ ശ്രദ്ധേയ സാന്നിധ്യവും ഉണ്ടാവും.