ക്രിസ്മസ്- ന്യൂ ഇയര്‍ 30% വരെ പ്രത്യേക റിബേറ്റുമായി ഖാദി ബോര്‍ഡ്

Posted on: November 11, 2022

 

തിരുവനന്തപുരം : ക്രിസ്മസ്- ന്യൂ ഇയറിനോടനുബന്ധിച്ച് 30% വരെ പ്രത്യേക റിബേറ്റുമായി ഖാദി ബോര്‍ഡ് വിപണിയില്‍ സജീവമാകും. ഖാദി ഗ്രാമ വ്യവസായ മേഖലയ്ക്ക് ആത്മവിശ്വാസം പകരുന്ന മുന്നേറ്റമാണ് ഓണക്കാലം സമ്മാനിച്ചതെന്നു ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം 150 കോടി രൂപ വിറ്റുവരവിനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതു വരെ 42 കോടി രൂപയുടെ വില്‍പനയാണ് ഉണ്ടായത്. ക്രിസ്മസും ന്യൂ ഇയറും സാമ്പത്തിക വര്‍ഷാവസാനവും നടക്കുന്ന വില്‍പനയും കഴിയുമ്പോള്‍ ലക്ഷ്യം  പൂര്‍ത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷ. ക്രിസ്മസ്- ന്യൂ ഇയറിനോടനുബ
ന്ധിച്ച് ഡിസംബര്‍ 19 മുതല്‍ ജനുവരി 5 വരെ വരെ 30 ശതമാനം വരെപ്രത്യേക റിബേറ്റ് നല്‍കും.

ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശം ഉയര്‍ത്തിയാണ് ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും പ്രചാരണം തുടങ്ങിയത്. പുതിയ ഡിസൈനിലും ഗുണമേന്മയിലും ഊന്നിയുള്ള ഖാദി വസ്ത്ര നിര്‍മാണം വലിയൊരു ജനവിഭാഗത്തിന് ഇഷ്ട വസ്ത്രമായി. അവരുടെ അഭിരുചിക്കനുസരിച്ചുള്ള വസ്ത്രങ്ങള്‍ നെയ്യുന്നതിന് സൗകര്യപ്രദമായ ഷോറൂമുകള്‍ ആധുനിക രീതിയില്‍ തയാറാക്കിയിട്ടുണ്ട് ഇത്തരത്തില്‍ ആരംഭിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ ഷോറൂം വളരെ മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ സ്റ്റിച്ചിംഗ്, ലോണ്‍ഡ്രി കൂടാതെ ഡിസൈനറുടെ സേവനവും ലഭ്യമാണ്.

പുതിയ കാലത്തിനനുസരിച്ചുള്ള വസ്ത്രങ്ങള്‍ സമൂഹത്തില്‍ പരിചയപ്പെടുത്തുന്നതിനും ഈക്കാലയളവില്‍ ബോര്‍ഡിനു കഴിഞ്ഞു. ഖാദി ടോപ്പുകള്‍, കുഞ്ഞുടുപ്പുകള്‍, വിവാഹ വസ്ത്രങ്ങള്‍, പാന്റ്‌സ് പീസുകള്‍ കൂടാതെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ധരിക്കാവുന്ന കോട്ടുകള്‍ എന്നിവ വിപണിയിലിറക്കി. കാക്കി യൂണിഫോം നിര്‍മിക്കുന്നതിനുള്ള പദ്ധതിയും ബോര്‍ഡിനുണ്ട്. ഓട്ടോതൊഴിലാളികള്‍ക്കുള്ള കാക്കി വസ്ത്രം വിപണിയിലിറക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മോട്ടോര്‍ തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍ എന്നിവര്‍ക്കും ആവശ്യമായ വിവിധ നിറങ്ങളിലുള്ള യൂണിഫോം നിര്‍മിച്ചു നല്‍കുന്ന
തിന് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടെന്നും പി. ജയരാജന്‍ പറഞ്ഞു.