നിര്‍മാണ രംഗം ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക് ; ഐ ഐ ഐ സി യില്‍ ഏകദിന ശില്‍പ്പശാല നടന്നു

Posted on: October 29, 2022

കൊച്ചി : അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക് എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ഏകദിന ശില്‍പ്പശാല നടന്നു. അതിനൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യയായ ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മാനേജ്മന്റ് (ബിം) എന്ന വിഷയത്തെ അധികരിച്ചുകൊണ്ടാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ലോകത്തിലെ മികച്ച നിര്‍മ്മാണരംഗ ഉപദേഷ്ടാക്കളായ ബെക്സല്‍ ഇന്ത്യയുമായി ചേര്‍ന്നുകൊണ്ടാണ് ഈ ശില്‍പ്പശാല സംഘടിപ്പിച്ചത്

യു എല്‍ സി സി എസ് ചെയര്‍മാന്‍ ശ്രീ രമേശന്‍ പാലേരി അധ്യക്ഷനായി. നിര്‍മാണ രംഗം ആര്‍ജിക്കപ്പെണ്ടേണ്ട വേഗവും ഗുണ നിലവാരവും വര്‍ധിപ്പിക്കാനുതകുന്ന രീതിയില്‍ മാനുഷിക വിഭവങ്ങളെ പരിശീലിപ്പിക്കേണ്ടതുണ്ട്. ബിം പോലുള്ള ഡിജിറ്റല്‍ മേഖലാ പരിശീലനം ആര്‍ജിക്കുന്നതോടെ പദ്ധതി ആവിഷ്‌ക്കാര വേഗം വര്‍ധിപ്പിക്കാനുതകുന്ന രീതിയില്‍ നൈപുണ്യമുള്ള തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നദ്ദേഹം പറഞ്ഞു.നിര്‍മാണ മേഖലയിലെ ആഭ്യന്തരവളര്‍ച്ച നിരക്ക് വര്‍ധിപ്പിച്ചു രാജ്യത്തിന്റെ ആകെ ഉത്പ്പാദനക്ഷമതക്കു വലിയൊരു മുതല്‍ക്കൂട്ടായി തീരുവാന്‍ ഡിജിറ്റല്‍ പരിവര്‍ത്തനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ ഐ ഐ സി യുടെ ഇത്തരത്തിലുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള പരിശീലന പരിപാടികള്‍ക്ക് പരിപൂര്‍ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അക്കാദമി ഓഫ് കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ കെ ഭിക്ഷാപതി ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സിവില്‍ മേഖലക്ക് വന്ന അപചയത്തിന് മറ്റു മേഖലകളിലെ ആകര്‍ഷണീയ ജോലി രീതികളും ശമ്പളവും കാരണമായി തീര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ പരിവേഷത്തിലേക്കു സിവില്‍ സാങ്കേതിക വിഭാഗം പരിവര്‍ത്തനം ചെയ്യപ്പെട്ടാല്‍ കൂടുതല്‍ യുവതീ യുവാക്കള്‍ ഈ മേഖലയില്‍ കടന്നുവരികയും ,നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സമയബന്ധിത പൂര്‍ത്തീകരണത്തിന് വഴിതെളിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

കണ്‍സ്ട്രക്ഷന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ നരേന്ദ്ര ദേശ്പാണ്ഡെയുടെ സാന്നിധ്യം ശ്രദ്ധേയമായി. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ ധാരാളമായി ജോലി ചെയ്യുന്ന ഏക മേഖല നിര്‍മാണമാണ്. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ നൈപുണ്യ വര്‍ദ്ധനവിനുതകുന്ന പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുക വഴി രാജ്യത്തിന്റെ മൊത്തം ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി എസ് ഡി സി ഐ പ്രവര്‍ത്തിക്കുന്നത്. നിര്‍മാണ രംഗത്ത് വ്യത്യസ്ത മേഖലകളില്‍ ആവശ്യമായ മാനുഷിക വിഭവങ്ങള്‍ , വേണ്ട രീതിയില്‍ അവരുടെ വിന്യാസം , അവര്‍ക്കാവശ്യമായ നൈപുണ്യ വര്‍ദ്ധനവ് സംബന്ധിച്ച വിഷയങ്ങള്‍ എന്നിവയെ സംബന്ധിച്ച് വിശദമായ ഗവേഷണം പ്രാദേശിക തലത്തില്‍ സി എസ് ഡി സി ഐ ആരംഭിച്ചിട്ടുണ്ട് .അക്കാഡമിക് സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്നതിലൂടെ വലിയൊരു തലത്തിലേക്കാണ് ഈ ഗവേഷണം പുരോഗമിക്കുന്നത്. അന്തര്‍ദേശീയ തലത്തില്‍ ആവശ്യമായ മാനുഷിക വിഭവങ്ങള്‍ എന്നൊരു റിപ്പോര്‍ട്ടും സി എസ് ഡി സി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നു അദ്ദേഹം പ്രസ്താവിച്ചു.

ലോകോത്തര നിര്‍മാണ ഉപദേഷ്ടാക്കളായ ബെക്സല്‍ പ്രസിഡന്റ് വെല്‍ജെക്കോ ജാന്‍ജിക് ഓണ്‍ലൈനില്‍ ശില്പശാലയെ അഭിസംബോധന ചെയ്തു. അതിവേഗവും ഗുണ നിലവാരവും ആര്‍ജ്ജിക്കേണ്ട നിര്‍മാണമേഖലക്ക് അടിത്തറയേകുന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് എന്ന് അദ്ദേഹം പറഞ്ഞു.

ബെക്സല്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജിത് കുമാര്‍ വടക്കൂട്ട് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് നടന്ന ടെക്നിക്കല്‍ സെഷനില്‍ ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മാനേജ്മന്റ് സംവിധാനം ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോയില്‍ വിജയകരമായി നടപ്പിലാക്കിയ രീതികളെക്കുറിച് ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് വകുപ്പ് മേധാവി ബി എസ് മുകുന്ദ് വിശദീകരിച്ചു. നിര്‍മാണ മേഖലയിലെ വിദഗ്ധര്‍, വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി/വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ നേരിട്ടും ഓണ്‍ലൈനിലും ശില്പശാലയില്‍ സംബന്ധിച്ചു. ഐ ഐ ഐ സി ഡയറക്ടര്‍ പ്രൊഫ.ഡോ. സുനില്‍കുമാര്‍ ബി സ്വാഗതവും ,ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ കെ രാഘവന്‍ നന്ദിയും പ്രകാശിപ്പിച്ചു.

 

TAGS: IIIC |