യുഎസ് കമ്പനിയായ വെന്‍ഷ്വര്‍ കേരളത്തില്‍ 1500 കോടിരൂപയുടെ നിക്ഷേപം നടത്തും

Posted on: October 22, 2022

തിരുവനന്തപുരം : എംപ്ലോയര്‍ സര്‍വീസ് മേഖലയിലെ പ്രമുഖ യുഎസ് കമ്പനിയായ വെന്‍ഷ്വര്‍ കേരളത്തില്‍ 1500 കോടിരൂപയുടെ നിക്ഷേപം നടത്തും. വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മീറ്റ് ദ ഇന്‍വെസ്റ്റര്‍ പരിപാടിയുടെ ധാരണപ്രകാരം വെന്‍ഷറിന്റെ പുതിയ ഓഫിസ് തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു.

വ്യവസായ മന്ത്രി പി. രാജീവ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവര്‍ വെന്‍ഷ്വര്‍ ഓഫിസ് സന്ദര്‍ശിച്ചു. കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയൊ പാര്‍ക്കില്‍ ആരംഭിച്ച വെന്‍ഷ്വറിന്റെ തിരുവനന്തപുരം ഓഫിസില്‍ നിലവില്‍ 200ഓളം പേരാണ് ജോലി ചെയ്യുന്നത്.

കിന്‍ഫ്ര അനുവദിച്ച രണ്ടേക്കര്‍ ഭൂമിയില്‍ ആക്‌സല്‍ ഇന്‍ഫിനിയം പണികഴിപ്പിച്ച ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് വെന്‍ഷ്വര്‍ പ്രവര്‍ത്തനമാരംഭിച്ചത്.

വെന്‍ഷ്വറിനു ഒരു ലക്ഷത്തിലധികം ബിസിനസ് കൂട്ടാളികളാണുള്ളത്. ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്കാവശ്യമായ മാനവശേഷി, പേ റോള്‍, റിസ്‌ക് മാനെജ്‌മെന്റ്, ജീവനക്കാര്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍ എന്നീ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് വെന്‍ഷ്വര്‍,10 രാജ്യങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാനപ്രവര്‍ത്തന കേന്ദ്രമായി കേരളത്തെ മാറ്റാനാണ് വെന്‍ഷ്വര്‍ ശ്രമിക്കുന്നത്.

 

TAGS: Venture |