കേരള അപ്പാരല്‍ സ്റ്റാര്‍ട്ടപ് ജി ആന്‍ഡ് എയില്‍ നിക്ഷേപം

Posted on: July 16, 2022

കൊച്ചി : കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര അപ്പാരല്‍ സ്റ്റാര്‍ട്ടപ്പ് ബ്രാന്റായ ജിയാക്കാ ആന്‍ഡ് അബിറ്റോ സര്‍ട്ടോറിയല്‍ ഫാഷന്‍ ലിമിറ്റഡില്‍ (ജി ആന്‍ഡ് എ) നിക്ഷേപം നടത്തി മലയാളി ഏഞ്ചല്‍ നിക്ഷേപകരായ സോനു വൈദ്യനും, ഡോ. സോണി വൈദ്യനും. നിക്ഷേപം എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല. മുന്‍നിര ബിസിനസ് ശൃംഖലയായ ശ്യാമ ഡൈനാമിക് ഗ്രൂപ്പിന്റെ ഡയറക്ടര്‍മാര്‍ കൂടിയാണ് ഇരുവരും.

സാധാരണക്കാരനും താങ്ങാനാവുന്ന വിലയില്‍ ലക്ഷ്വറി മെന്‍സ് അപ്പാരല്‍ ഉല്‍പ്പന്നങ്ങള്‍ വിപണയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊല്ലം സ്വദേശിയായ ശ്രീജിത്ത് ശ്രീകുമാര്‍ കൊവിഡ് കാലത്ത് ജി ആന്‍ഡ് എ (G&A) എന്ന ബ്രാന്റിന് രൂപം നല്‍കിയത്.

ആഗോള ഫാഷന്‍ വിപണിയില്‍ കേരളത്തിന്റെ മുഖമുദ്ര പതിപ്പിക്കുക എന്ന ആഗ്രഹം കൂടിയാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമായത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഇന്ത്യയിലുടനീളം സാന്നിധ്യമറിയിച്ച് കഴിഞ്ഞു. കേരളത്തില്‍ മാത്രം മുന്‍നിര ടെക്‌സറ്റൈല്‍സുകളിലായി നൂറിലേറെ കൗണ്ടറുകളാണ് ജി ആന്‍ഡ് എയ്ക്കുള്ളത്. കൂടാതെ തമിഴ്‌നാട്, കര്‍ണാടക, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ന്യൂഡല്‍ഹി, പഞ്ചാബ്, ബീഹാര്‍ ഒഡിഷ എന്നീ സംഥാനങ്ങളിലും ജി&എ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അടുത്ത സാമ്പത്തികവര്‍ഷത്തിനുള്ളില്‍ 20 കോടി രൂപയുടെ ബിസിനസ് കൈവരിക്കുകയെന്ന നേട്ടത്തിലേക്ക് കൂടിയാണ് പുതിയ നിക്ഷേപം വഴിതുറന്നിരിക്കുന്നത്.

ഗുണനിലവാരത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലാതെ മിതമായ നിരക്കില്‍ ലക്ഷ്വറി അപ്പാരല്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുക എന്ന ബ്രാന്റിന്റെ സ്ഥാപിത ലക്ഷ്യത്തിന് ലഭിച്ച അംഗീകാരമാണ് പുതിയ നിക്ഷേപമെന്ന് ജി ആന്‍ഡ് എ സ്ഥാപകന്‍ ശ്രീജിത്ത് ശ്രീകുമാര്‍ പറഞ്ഞു. വിദേശ വിപണി ലക്ഷ്യമിട്ടുള്ള കമ്പനിയുടെ അണിയറ ഒരുക്കങ്ങള്‍ക്ക് പുതിയ സഹകരണം ഊര്‍ജ്ജമാകും. ബ്രാന്റിന്റെ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള കൗണ്ടറുകളില്‍ നിന്ന് കൂടുതല്‍ ഓര്‍ഡറുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇത് ലഭ്യാമാക്കാന്‍ ഉതകുന്ന തരത്തില്‍ നിര്‍മാണം വ്യാപിപ്പിക്കാനും നിക്ഷേപം കരുത്താകുമെന്നും ശ്രീജിത്ത് ശ്രീകുമാര്‍ വ്യക്തമാക്കി.

കേരളത്തില്‍ വേരൂന്നി ആഗോള വിപണി ലക്ഷ്യമാക്കി മുന്നേറുന്ന വ്യവസായങ്ങളെ പിന്തുണയ്ക്കുക എന്ന താല്‍പ്പര്യമാണ് ജി ആന്‍ഡ് എയുമായുള്ള സഹകരണത്തിലേക്ക് തങ്ങളെ നയിച്ചതെന്ന് നിക്ഷേപകരില്‍ ഒരാളായ സോനു വൈദ്യന്‍ പറഞ്ഞു. ലക്ഷ്വറി മെന്‍സ് അപ്പാരല്‍ രംഗത്ത് അസൂയാവഹമായ നേട്ടമാണ് ശ്രീജിത്ത് ശ്രീകുമാറും സംഘവും നേടിയിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജി ആന്‍ഡ് എ ബ്രാന്‍ഡ് നേടിയ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്നും സോനു വൈദ്യന്‍ വ്യക്തമാക്കി.

മെന്‍സ് വെയര്‍ രംഗത്ത് ഇന്ത്യയില്‍ പല ബ്രാന്റുകളും വന്നും പോയും ഇരുന്നെങ്കിലും ഗുണമേന്മയുള്ളവ നന്നേ കുറവാണെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തില്‍ നിന്നാണെങ്കില്‍ സ്യൂട്ട്, ബ്ലേസര്‍ രംഗത്ത് വിജയക്കൊടി നാട്ടിയ ബ്രാന്റുകള്‍ തീരെയില്ല. ഇത്തരം വസ്തുതകളും വിപണി സാധ്യതകളെ കുറിച്ചുളള തിരിച്ചറിവില്‍ നിന്നുമാണ് ജി&എ പിറവിയെടുക്കുന്നത്. എക്‌സിക്യൂട്ടിവ് വെയറുകള്‍ക്കായി ‘ടി ദി ബ്രാന്റ്’ എന്ന വിഭാഗവും, നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന കാഷ്വല്‍ വസ്ത്രങ്ങള്‍ക്കായി ‘ബെയര്‍ ബ്രൗണ്‍’ എന്ന ബ്രാന്റുമാണ് കമ്പനിക്കുള്ളത്. വൈകാതെ എത്തിനിക് വെയര്‍ വസ്ത്രങ്ങള്‍ക്കായുള്ള ബ്രാന്റും കമ്പനി അവതരിപ്പിക്കും.