മൂല്യവര്‍ധിത സുഗന്ധവ്യഞ്ജനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം

Posted on: June 21, 2022

കൊച്ചി : പ്രമുഖ ക്രോസ്-ബോര്‍ഡര്‍ ഡിജിറ്റല്‍ ട്രേഡ് ഫിനാന്‍സ് പ്ലാറ്റ്ഫോമായ ഡ്രിപ്പ് ക്യാപിറ്റല്‍ കൊച്ചി ചാപ്റ്റര്‍ ‘ഡ്രിപ്പ് ഔട്ട്ലുക്ക്: സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ അവസരങ്ങള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. എ.ഐ.എസ്.ഇ.എഫിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി വിപണി, വെല്ലുവിളികള്‍, മുന്നോട്ടുള്ള വഴികള്‍ എന്നീ ലക്ഷ്യത്തോടെ വിവിധ വിദഗ്ധര്‍ ചര്‍ച്ചകള്‍ നടത്തി.

പരിപാടിയില്‍ ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതിയെക്കുറിച്ചുള്ള ഡ്രിപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്റെ അവതരണം നടന്നു. വ്യവസായത്തിലെ ഉയര്‍ന്നുവരുന്ന ചില പ്രവണതകളും പകര്‍ച്ചവ്യാധിക്ക് ശേഷം ഉണ്ടായ പുതിയ അവസരങ്ങള്‍ ഇന്ത്യ എങ്ങനെ ഉപയോഗപ്പെടുത്തണം തുടങ്ങിയവ ഡ്രിപ്പ് ക്യാപിറ്റലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പുതിയ ലക്ഷ്യമായ 2027-ഓടെ 10 ബില്യണ്‍ യു.എസ്. ഡോളറിന്റെ സുഗന്ധവ്യഞ്ജന കയറ്റുമതി എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ഈ മേഖലയെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ചയില്‍ സംസാരിച്ചു. വ്യവസായ പ്രഭാഷകരും സുഗന്ധവ്യഞ്ജന കയറ്റുമതിക്കാരും അടങ്ങുന്ന രണ്ട് പാനല്‍ ചര്‍ച്ചകളാണ് നടത്തിയത്.

ലോകത്തിന്റെ ‘മസാല പാത്രം’ എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. ആ പേര് നിലനിര്‍ത്താനും ലക്ഷ്യം നേടാനും ഗുണനിലവാരത്തിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളിലും ഊന്നല്‍ നല്‍കി കൊണ്ട് അസംസ്‌കൃത ഉത്പന്നങ്ങളെക്കാളും ഉത്പന്ന വികസനത്തെക്കാളും മൂല്യവര്‍ധിത സുഗന്ധവ്യഞ്ജനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് സ്പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യ സെക്രട്ടറി ഡി. സത്യന്‍ ഐ.എഫ്.എസ്. പറഞ്ഞു.

എ.ഐ.എസ്.ഇ.എഫ്. ചെയര്‍മാന്‍ ചെറിയാന്‍ സേവ്യര്‍ മുഖ്യപ്രഭാഷണം നടത്തി. കോവിഡ് സുഗന്ധവ്യഞ്ജന മേഖലയെ ബാധിക്കുകയും തൊഴില്‍/അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം, വര്‍ദ്ധിച്ച ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തന നടപടിക്രമങ്ങള്‍ മുതലായവയ്ക്ക് കാരണമാവുകയും ചെയ്തു.
എന്നിരുന്നാലും, നൂതനാശയങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ഗവേഷണവും പഠനവും തുടരുകയാണെങ്കില്‍, പ്രധാന പങ്കാളികളുമായി തന്ത്രപരമായ പങ്കാളിത്തം ആരംഭിക്കുകയും ഉത്പന്ന പാക്കേജിംഗ് മെച്ചപ്പെടുത്തുകയും ചെയ്താല്‍, ഇന്ത്യയ്ക്ക് ഉയര്‍ന്ന വളര്‍ച്ചാ കയറ്റുമതിയിലെത്താനാകുമെന്ന് ചെറിയാന്‍ സേവ്യര്‍ പറഞ്ഞു.

‘ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 109 ഇനം സുഗന്ധവ്യഞ്ജനങ്ങളില്‍ 75 എണ്ണവും ഇന്ത്യ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതില്‍ 80 ശതമാനം ക്യപ്റ്റീവ് ഉപയോഗവും 15-20% മാത്രമേ കയറ്റുമതി ചെയ്യുന്നുള്ളൂ. കോവിഡ് -19 പാന്‍ഡെമിക് ഇതിനകം തന്നെ പുതിയ അവസരങ്ങള്‍ തുറന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍,സങ്കീര്‍ണ്ണമായ സുഗന്ധവ്യഞ്ജന ഉല്‍പന്നങ്ങള്‍ ഇന്ത്യ വികസിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അന്താരാഷ്ട്ര വിപണികളെ മികച്ച രീതിയില്‍ ശക്തമാക്കുകയും ‘ബ്രാന്‍ഡ് ഇന്ത്യ’ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് ഡ്രിപ്പ് ക്യാപിറ്റലിന്റെ സി.ഇ.ഒ.യുംസ്ഥാപകനുമായ പുഷ്‌കര്‍ മുകേവാര്‍ പറഞ്ഞു.

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നിരുന്നാലും, ഇന്ത്യയിലെ കയറ്റുമതിക്കാര്‍ നിലവില്‍ ചെയ്യുന്ന കയറ്റുമതിയേക്കാള്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ട്. അതിനാല്‍ സ്പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യ വ്യാപാരത്തില്‍ ആഗോള നേതൃത്വം ലഭ്യമാക്കുന്നതിനായി സുഗന്ധവ്യഞ്ജന കയറ്റുമതിചെയ്യുന്നതിനും മൂല്യവര്‍ദ്ധിത സുഗന്ധവ്യഞ്ജനങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രോത്സാഹനം നല്‍കുമെന്ന് ചര്‍ച്ചയില്‍ പറഞ്ഞു.

ജോയിന്റ് ഡി.ടി.എഫ്.ടി. കെ.എം. ഹരിലാല്‍ ഐ.ടി.എസ്., എ.ഐ.എസ്.ഇ.എഫ്. മാനേജിംഗ് കമ്മിറ്റി പ്രകാശ് നമ്പൂതിരി, സ്പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യ, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് എസ്. കാനന്‍, എ.ഐ.എസ്.ഇ.എഫ്. മാനേജിംഗ് കമ്മിറ്റി രാജീവ് പാലിച്ച എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

TAGS: Drip Capital |