പ്രോജക്ട് മാനേജ്മെന്റ് റീജിയണല്‍ കോണ്‍ഫറന്‍സ് 2022 കേരളത്തില്‍ സംഘടിപ്പിച്ചു

Posted on: May 24, 2022

തിരുവനന്തപുരം : പ്രോജക്ട് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (പി എം ഐ) എട്ടാമത് പ്രോജക്ട് മാനേജ്മെന്റ് റീജിയണല്‍ കോണ്‍ഫറന്‍സ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പി എം ഐ കേരള ചാപ്റ്ററിന്റെ സഹകരണത്തോടെ നടന്ന കോണ്‍ഫറന്‍സ് ‘ഫിനിഷിംഗ് ലൈനിനപ്പുറം – സുസ്ഥിരതയിലേക്ക്’ എന്ന വിഷയത്തെ അധികരിച്ചായിരുന്നു. ഇന്ത്യയിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ഡോ. കിരണ്‍ ബേദി, പിഎംഐ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍ ജെന്നിഫര്‍ ഥാര്‍പ്പ് തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങളുടെ പ്രഭാഷണങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു പി എം ഐ റീജിയണല്‍ കോണ്‍ഫറന്‍സ്. ദക്ഷിണേഷ്യയില്‍ നിന്നുള്ള 350-ഓളം പ്രോജക്ട് പ്രഫഷണലുകള്‍ പങ്കെടുത്തു.

ഐ എസ് ആര്‍ ഒ ഡയറക്ടറും എച്ച്.എസ്.എഫ്.സി ശാസ്ത്രജ്ഞനുമായ ഉമാമഹേശ്വരന്‍ ആര്‍, ഇ.വൈ. ഗ്ലോബല്‍ ഡെലിവറി സര്‍വീസസ് ഗ്ലോബല്‍ ടാലന്റ് ആന്‍ഡ് എനേബിള്‍മെന്റ് സര്‍വീസസ് ലീഡര്‍ ശ്രീകാന്ത് കെ അറിമനിത്തായ, എര്‍ത്ത്പിഎം സഹസ്ഥാപകന്‍ റിച്ച് മാള്‍ട്ട്‌സ്മാന്‍, തടാക സംരക്ഷണ പ്രവര്‍ത്തകന്‍ ആനന്ദ് മല്ലിഗവാദ്, തുടങ്ങി നിരവധി വ്യവസായ പ്രമുഖരുടെ ഉള്‍ക്കാഴ്ചയുള്ള സെഷനുകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു ഏകദിന സമ്മേളനം.

കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള പ്രശ്നങ്ങളെ ചെറുക്കുന്നതില്‍ പ്രോജക്ട് മാനേജ്മെന്റിന് വഹിക്കാനാകുന്ന പങ്കിനെക്കുറിച്ചു സംസാരിച്ചു കൊണ്ട് ജെന്നിഫര്‍ ഥാര്‍പ്പ് സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് പദ്ധതികള്‍, ദൗത്യങ്ങള്‍ എന്നിവയുടെ അടിസ്ഥാന ഘടകമായി സുസ്ഥിരത ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉമാമഹേശ്വരന്‍ ആര്‍. സംസാരിച്ചു. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാനും പരിവര്‍ത്തനത്തിനു വഴിതെളിക്കുവാനും ആവശ്യമായ നേതൃപാടവത്തെപ്പറ്റി ശ്രീകാന്ത് കെ അറിമനിത്തായ സംസാരിച്ചപ്പോള്‍, നിലവിലെ പ്രവര്‍ത്തനങ്ങളില്‍ നവീന ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി അണ്‍ബോക്‌സ് എക്‌സ്പീരിയന്‍സ് സ്ഥാപകനായ സവീന്‍ ഹെഗ്ഡെ വിശദീകരിച്ചു. ഇതിനകം പരീക്ഷിച്ചു വിജയം കണ്ട സാങ്കേതിക വിദ്യകളും ഹരിത പ്രോജക്റ്റ് മാനേജ്മെന്റിലെ മികച്ച പ്രവര്‍ത്തനങ്ങളും, അപകടസാധ്യതകളും അവസരങ്ങളുടെ വിലയിരുത്തലുകളും ഉള്‍പ്പെടെയുള്ള വിഷയങ്ങളെ പ്രതിപാദിച്ചു റിച്ച് മാള്‍ട്ട്സ്മാന്‍ സംസാരിച്ചു. സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ താന്‍ സ്വായത്തമാക്കിയ പ്രൊജക്റ്റ് മാനേജ്മെന്റ് വൈദഗ്ധ്യത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് ആനന്ദ് മല്ലിഗാവാദ് വിശദമാക്കിയപ്പോള്‍, ഡോ. കിരണ്‍ ബേദി ഔദ്യോഗിക യാത്രയിലുടനീളം തന്റെ ഒപ്പമുണ്ടായിരുന്ന വിവിധ പ്രോജക്ടുകളെപ്പറ്റി വിശദമാക്കി.

‘പിഎംഐ കേരള ചാപ്റ്ററുമായി ചേര്‍ന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഈ സമ്മേളനം സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. സാമ്പത്തികവും സാമൂഹികവും പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തമികവ് സാധ്യമാക്കുന്ന വിധത്തിലുള്ള വലിയ മാറ്റത്തോടെയുള്ള പ്രോജക്ട് മാനേജ്മെന്റ് ആണ് സുസ്ഥിരതയിലൂന്നിയുള്ള പുതിയ കാലത്തിന്റെ മുന്നോട്ടുപോക്കിന് ആവശ്യം,’ എന്ന് പിഎംഐ ദക്ഷിണേഷ്യ റീജിയണല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ശ്രീനി ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

അര്‍ത്ഥവത്തായ ചിന്തകളില്‍ നിന്നുടലെടുക്കുന്ന സംവാദങ്ങളും, സാമൂഹിക ഇടപെടലുകള്‍ക്ക് വഴിതെളിക്കുന്ന സംരംഭങ്ങളും സൃഷ്ടിക്കുന്നതില്‍ മുന്‍നിര പ്രവര്‍ത്തനം നടത്തി വരികയാണ് പി എം ഐ കേരള ചാപ്റ്റര്‍. യുഎന്‍ജിസി അവേഴ്സ് ഓഫ് ഇംപാക്ട് കാമ്പെയ്നിനായി 14,000 മണിക്കൂറിലധികം സമയം നീക്കിവച്ചിട്ടുള്ള പി എം ഐ കേരള ചാപ്റ്റര്‍ അതിനോടനുബന്ധിച്ച് 600-ലധികം പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം സ്പോണ്‍സര്‍ ചെയ്യുന്നുണ്ട്. കൂടാതെ, ഉഡാന്‍ പോലെയുള്ള സാമൂഹിക സംരംഭങ്ങളിലൂടെ യു എന്‍ സസ്റ്റൈനബിള്‍ ഡെവെലപ്‌മെന്റ്‌റ് ഗോള്‍സിലേയ്ക്ക് സംഭാവന ചെയ്യുന്നു. 300-ലധികം വിദ്യാര്‍ത്ഥികള്‍ ഒത്തുചേരുന്ന സര്‍വം ഓര്‍ഗാനിക് തുടങ്ങിയ ഉദ്യമങ്ങളിലൂടെ അവരുടെ ചുറ്റുപാടുകള്‍ മെച്ചപ്പെടുത്താനും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനും പിഎം ഐ കേരള ചാപ്റ്റര്‍ നേതൃത്വം നല്‍കിവരുന്നു.