സ്ത്രീപക്ഷ നവകേരളം-കുടുംബശ്രീ സംസ്ഥാനതല ക്യാമ്പെയ്ന്‍

Posted on: December 20, 2021

തിരുവനന്തപുരം : സ്ത്രീധനത്തിനെതിരേയുള്ള കുടുംബശ്രീയുടെ പോരാട്ടം ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തി സംഘടിപ്പിക്കുന്ന ‘സ്ത്രീപക്ഷ നവകേരളം’ ക്യാമ്പെയ്‌ന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റുകള്‍ക്കെതിരേ പ്രതികരിക്കുന്നതിന് ഓരോ യുവതിയ്ക്കും കരുത്തു നല്‍കുന്ന വിധത്തില്‍ സമൂഹത്തിന്റെ പൊതുബോധം ഉയര്‍ന്നു വരണം. ഇക്കാര്യത്തില്‍ ഏറ്റവും ഫലപ്രദമായി ഇടപെടാന്‍ സാധിക്കുന്നത് കുടുംബശ്രീക്കാണ്. വിവാഹാലോചനയുടെ ഘട്ടത്തിലും അതിനു ശേഷവും സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യങ്ങളില്‍ കുടുംബശ്രീക്ക് ഇടപെടാന്‍ കഴിയും. സ്ത്രീകള്‍ നേരിടുന്ന തിന്‍മകള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ കഴിയുന്ന നിരവധി ശക്തികള്‍ ഈ സമൂഹത്തിലുണ്ട്. അവര്‍ കുടുംബശ്രീക്കൊപ്പം അണിചേരും. സ്ത്രീധനത്തിനും സ്ത്രീപീഡനങ്ങള്‍ക്കും എതിരെയുള്ള ഈ ബോധവല്‍ക്കരണം ഇനിയും ശക്തമായി തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയണം. സാമൂഹിക തിന്‍മകള്‍ക്കെതിരേ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുടുംബശ്രീക്കൊപ്പമുണ്ടാകുമെന്നു പറഞ്ഞ മുഖ്യമന്ത്രി ‘സ്ത്രീപക്ഷ നവകേരളം’ ബോധവ ക്കരണ പ്രചാരണ പരിപാടികള്‍ക്ക് വിജയാശംസകളും നല്‍കി.

നവോത്ഥാനകാലം മുതല്‍ ഉയര്‍ത്തിക്കൊണ്ടു വന്ന മുദ്രാവാക്യത്തിന്റെ പുതിയ തലങ്ങളിലേക്കും സ്ത്രീപക്ഷ നവകേരളത്തിലേക്കും ഈ നാടിനെ നയിക്കണമെങ്കില്‍ സ്ത്രീയുടെ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്ന് പരിപാടിയുടെ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജനാധിപത്യവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ സ്വീകാര്യത കുടുംബശ്രീയുടെ സ്ത്രീപക്ഷ കേരളം ബോധവല്‍ക്കരണ പ്രചരണ പരിപാടിയ്ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലുളളവരും ജനപ്രതിനിധികളും യുവാക്കളും ഉള്‍പ്പെടെയുള്ളവര്‍ കേരളമൊട്ടാകെ ഈ പ്രചരണപരിപാടിയ്ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി സ്ത്രീപക്ഷ നവകേരളം ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട സമീപന രേഖ ചലച്ചിത്ര താരം നിമിഷ സജയനു നല്‍കി പ്രകാശനം ചെയ്തു. ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്-ഏകീകൃത ട്രോള്‍ ഫീ നമ്പറിന്റെ പ്രഖ്യാപനവും വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് 152 ബ്‌ളോക്കുകളില്‍ നടപ്പാക്കുന്ന ക്രൈം മാപ്പിംഗ് പ്രക്രിയയുടെ പ്രഖ്യാപനവും നിര്‍വഹിച്ചു.

‘സ്ത്രീപക്ഷ നവകേരളം’ ക്യാമ്പെയ്‌ന്റെ ബ്രാന്‍ഡ് അംബാസഡര്‍ ചലച്ചിത്ര താരം കുമാരി നിമിഷ സജയന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ കുടുംബശ്രീ ഒരു നേര്‍ചിത്രം ഫോട്ടോഗ്രാഫി നാലാം സീസണില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ സുരേഷ് കാമിയോ, ആ ഫ്രഡ് എം.കെ, മധു ഇടച്ചന എന്നിവര്‍ക്കുളള സമ്മാനദാനം നിര്‍വഹിച്ചു. പ്രോത്സാഹന സമ്മാനം നേടിയവര്‍ക്ക് വട്ടിയൂര്‍ക്കാവ് എം.എ .എ അഡ്വ.വി.കെ പ്രശാന്ത് സമ്മാനദാനം നിര്‍വഹിച്ചു.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, പ്‌ളാനിങ്ങ് ബോര്‍ഡ് അംഗങ്ങളായ ജിജു.പി.അലക്‌സ്, മിനി സുകുമാര്‍, മേയേഴ്‌സ് ചേമ്പര്‍ ചെയര്‍മാന്‍ എം.അനി കുമാര്‍, മുനിസിപ്പ ചെയര്‍മാന്‍സ് ചേമ്പര്‍ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, പ്രസിഡന്റ്, നഗരസഭാ കൗണ്‍സിലര്‍ ഡോ.റീന.കെ.എസ്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് ബി.പി മുരളി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പരസിഡന്റ് അഡ്വ.ഷൈലജാ ബീഗം, നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്.സലിം, പി.എസ്.സി മെമ്പര്‍ ആര്‍. പാര്‍വതീ ദേവി, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല, സി.ഡി,എസ് ചെയര്‍പേഴ്‌സണ്‍ വിനീത പി എന്നിവര്‍ സന്നിഹിതരായിരുന്നു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍ ഷൈജു നന്ദി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ‘സ്ത്രീപക്ഷ നവകേരളം’ ആശയത്തെ ആസ്പദമാക്കി വിവിധ സി.ഡി.എസുകളുടെ നേതൃത്വത്തി കലാപരിപാടികള്‍ അവതരിപ്പിച്ചു.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ