ഇന്ത്യയെ കണ്ടറിഞ്ഞ് പ്രശാന്തച്ഛന്റെ ഭാരത യാത്ര

Posted on: December 14, 2021

കൊച്ചി : ഡിസ്‌കവറിംഗ് ട്രസ്റ്റ്, ഗ്രീന്‍, പീസ് എന്ന സന്ദേശമുയര്‍ത്തി തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് പ്രിന്‍സിപ്പലായിരുന്ന ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി നടത്തിയ ഇന്ത്യയെ കണ്ടെത്തല്‍ സോളോ ബൈക്ക് യാത്രയ്ക്ക് സമാപനമായി. 24 വര്‍ഷം അധ്യാപകനായിരുന്ന ഫാ. പ്രശാന്ത് എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നിന്ന് വിരമിച്ചത് കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു. എന്നാല്‍ വിശ്രമിക്കാന്‍ തയാറാകാതെ, പതിമ്മൂന്ന് വര്‍ഷമായി തന്റെ സന്തത സഹചാരിയായ ഹോണ്ട യൂണിക്കോണ്‍ 150 സി സി ബൈക്കുമായി ഇന്ത്യയെ കണ്ടെത്താനുള്ള യാത്രയ്ക്ക് ഫാദര്‍ തീരുമാനമെടുക്കുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് പത്തിന് തേവര കോളേജില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. തേവരയിലെ നിന്ന് മാന്നാനത്തെ വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിലെത്തിയ ശേഷമാണ് യാത്ര ആരംഭിച്ചത്. ഓരോ ദിവസത്തെ യാത്രയും വ്യത്യസ്തമായിരുന്നു. ഭാരതത്തിന്റെ ആത്മാവുറങ്ങുന്ന ഗ്രാമങ്ങളിലും ആശ്രമങ്ങളിലും നദീതീരങ്ങളിലും കൃഷിയിടങ്ങളിലും രാജ്യാതിര്‍ത്തിയിലുമൊക്കെ അനേകരുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതായി ഫാ. പ്രശാന്ത് പറഞ്ഞു. കന്യാകുമാരിയില്‍ നിന്ന് ധനുഷ്‌കോടിയിലേക്കും തുടര്‍ന്ന് മദിരാശിയിലും ബെംഗളൂരുവിലും തെലുങ്കാനയും ആന്ധ്രയുമൊക്കെ കയറിയിറങ്ങി. ഛത്തീസ്ഗഡ്, ഒഡീഷ, ബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടിങ്ങളിലെല്ലാം നല്ല സ്വീകാര്യതയാണ് യാത്രയ്ക്ക് ലഭിച്ചത്. ചൈന അതിര്‍ത്തിയില്‍ കോച്ചി വിറയ്ക്കുന്ന കാലാവസ്ഥയായിരുന്നു. ക്ഷീണം ബാധിച്ചിരുന്നില്ലേങ്കിലും കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് അനുസരിച്ച് വിശ്രമ ഇടവേളകള്‍ വേണ്ടി വന്നു. ഒട്ടേറെ പേര്‍ യാത്രയുടെ സന്ദേശങ്ങള്‍ ചോദിച്ചറിയാന്‍ അടുത്തുകൂടി. അരുണാചല്‍ പ്രദേശിലെ പതിനയ്യായിരം അടി ഉയരമുള്ള ബുംല ബോര്‍ഡറിലേക്കുള്ള കയറ്റം വ്യത്യസ്തമായ അനുഭവമായിരുന്നു.

യു പിയിലെ ഗ്രാമീണരുമായി സംവദിച്ചു. ഉത്തരാഖണ്ഡിലെ മനോഹാരിത പറഞ്ഞറിയിക്കാനാവാത്തതാണ്. ഹിമാചല്‍ പ്രദേശിലെ ആപ്പിള്‍ തോട്ടങ്ങളും ആരെയും ആകര്‍ഷിക്കുന്നതാണ്. ലഡാക്കിലേക്ക് പോകാന്‍ നാലഞ്ച് ദിവസം തങ്ങിയെങ്കിലും കാലാവസ്ഥ അനുവദിച്ചില്ലെന്ന നിരാശ മനസിലുണ്ട്. കാഴ്ചകളുടെ സ്വര്‍ഗ്ഗ ഭൂമിയാണ് കാശ്മീരെന്ന് ഫാദര്‍ പറയുന്നു. പോരാട്ടവീഥിയിലുള്ള കര്‍ഷകരുമായി സംസാരിക്കാനും സമയം കണ്ടെത്തി. രണ്ടു തവണ കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്നവരെ സന്ദര്‍ശിച്ചു. കേരളത്തില്‍ നിന്നുള്ള അധ്യാപകനാണെന്ന് പറഞ്ഞപ്പോള്‍ സമ്മേളനത്തില്‍ പ്രസംഗിക്കാനും അവര്‍ അവസരം നല്‍കി. കര്‍ഷക സമരത്തിന് പരിഹാരമായതില്‍ സന്തോഷവും ചാരിതാര്‍ഥ്യവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ മഹത്വത്തെ കുറിച്ചുള്ള സന്ദേശമാണ് യാത്രയിലുടനീളം അദ്ദേഹം നല്‍കിയത്. അതിര്‍ത്തിയില്‍ പുകയുന്ന ആശങ്ക വലിയ പ്രശ്‌നം തന്നെയാണെന്ന് ഫാദര്‍ പറയുന്നു. സൈന്യത്തെ ഉപയോഗിച്ചുള്ള സമാധാന സ്ഥാപനത്തിന് ഉപരിയായി മറ്റു സാധ്യതകളും നാം അന്വേഷിക്കണം. സമാധാനത്തിനു വേണ്ടിയുള്ള വിദ്യാഭ്യാസ പ്രക്രിയ സ്‌കൂള്‍ തലം മുതല്‍ ഉണ്ടാകണം, ഫാദര്‍ പറഞ്ഞു.

യാത്രക്കിടെ ഒറീസയില്‍ വലിയൊരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഫാദര്‍ രക്ഷപ്പെട്ടത്. ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഉച്ച സമയത്ത് അറിയാതെ ഉറങ്ങി പോയി. ബൈക്കില്‍ നിന്ന് തെറിച്ചു ദൂരെ വീണ പ്രശാന്തച്ഛന്റെ ശരീരത്തിന് മുകളിലാണ് ബൈക്ക് പതിച്ചത്. ഓടിക്കൂടിയവര്‍ ബൈക്കുയര്‍ത്തി അദ്ദേഹത്തെ എഴുനേല്‍പ്പിക്കുകയായിരുന്നു. പോറല്‍ പോലും സംഭവിക്കാതിരുന്നത് ദൈവാനുഗ്രഹം എന്നാണ് ഫാദര്‍ പറഞ്ഞത്. ബൈക്കിന്റെ ചെറിയ തകരാര്‍ പരിഹരിച്ച് യാത്ര തുടരുകയും ചെയ്തു.

ബീഹാറിലെ ദുര്‍ഘടമായ റോഡുകളും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനജീവിതവും ഏറെ വേദനിപ്പിച്ചു. കേരളത്തെ അപേക്ഷിച്ച് മറ്റു പല സ്ഥലങ്ങളിലും കൃഷിയിടങ്ങള്‍ കൂടുതലായി കണ്ടു. പല കാര്യങ്ങളിലും കേരളമാണ് ഭേദമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ അശാന്തി വേദനാജനകമാണ്. ഇവിടെ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നതായി അനുഭവപ്പെടുന്നു. പിന്നോക്കാവസ്ഥ ഏറെയും കണ്ടത് ബിഹാറിലാണ്. കുടിലിനു സമാനമായ വീടുകളും ഇവിടെ കണ്ടു.

=ദിവസവും 200 കിലോമീറ്ററാണ് അദ്ദേഹം യാത്ര ചെയ്തത്. ചില ദിവസങ്ങളില്‍ ഇത് 400 കിലോമീറ്റര്‍ വരെയായിരുന്നു. ദിവസവും ഏതെങ്കിലും പള്ളിയിലോ ക്രൈസ്തവ സ്ഥാപനങ്ങളിലോ പൂര്‍വ വിദ്യാര്‍ഥികളുടെ ഇടങ്ങളിലോ വിശ്രമിച്ചുറങ്ങും. രാവിലെ അവിടെ കുര്‍ബാന അര്‍പ്പിക്കും. കിട്ടുന്ന ഭക്ഷണം മാത്രം കഴിക്കും.

ഇരുപതിനായിരത്തിലധികം കിലോമീറ്ററാണ് ഫാദര്‍ പ്രശാന്ത് താണ്ടിയത്. എത്തിയ ഇടങ്ങളിലെല്ലാം പരിസ്ഥിതി വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെന്ന ചാരിതാര്‍ഥ്യത്തോടെയാണ് ഫാദര്‍ യാത്ര അവസാനിപ്പിച്ചത്.

TAGS: Fr. Prasanth |