ആലങ്ങാട് ബ്ലോക്കിൽ 1500 സ്റ്റാർട്ടപ്പ് സംരംഭങ്ങൾ

Posted on: December 4, 2021

കൊച്ചി :  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് സംരംഭക പദ്ധതിയനുസരിച്ച് 1500 സംരംഭങ്ങള്‍ ആലങ്ങാട് ബ്ലോക്കില്‍ ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. സംരംഭക വികസനത്തിനായി അഞ്ചുകോടി രൂപയോളം ബ്ലോക്കിലെ നാല് പഞ്ചായത്തുകളിലായി ചെലവഴിക്കുമെന്നും കളമശ്ശേരി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ. കൂടിയായ മന്ത്രി പറഞ്ഞു.

ഗ്രാമീണമേഖലയില്‍ സംരംഭക-നൈപുണ്യ പരിശീലനം നല്‍കി സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് എസ്.വി.ഇ.പി. വ്യക്തിഗത-ഗ്രൂപ്പ് സംരംഭങ്ങളാണ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുക.

കാര്‍ഷിക പ്രാധാന്യമുള്ള ബ്ലോക്ക് ആയതിനാല്‍ മൂല്യവര്‍ധിത ഉത്പന്ന സംരംഭങ്ങള്‍ തുടങ്ങുന്നതിന് പ്രാധാന്യം നല്‍കും. പഴം, ചക്ക, മാങ്ങ, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങി പ്രാദേശിക വിഭവങ്ങള്‍ ഉപയോഗിച്ചുള്ള സംരംഭങ്ങള്‍ക്കാവും മുന്‍ഗണന. നാലുവര്‍ഷം കൊണ്ട് 1500 സംരംഭങ്ങള്‍ സാധ്യമാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കുക.

സംരംഭക വികസനത്തില്‍ പ്രത്യേക പരിശീലനം നേടിയ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ പദ്ധതി നടപ്പാക്കാന്‍ നിയോഗിക്കും. ഇവരെ ഈ മാസംതന്നെ തിരഞ്ഞെടുക്കും. സംരംഭകര്‍ക്കാവശ്യമായ പരി
ശീലനവും ബിസിനസ് പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള സഹായവും ബി.ആര്‍.സി. നല്‍കും. ബ്ലോക്ക് അതിര്‍ത്തിയില്‍ പുതിയ തൊഴിലവസരങ്ങളും വരുമാനവും ഉറപ്പാക്കാന്‍ പദ്ധതി സഹായകരമാകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.