ബില്‍ഡേഴ്സ് ദിനാഘോഷം സംഘടിപ്പിച്ചു

Posted on: November 29, 2021

കൊച്ചി : ബില്‍ഡര്‍മാരുടെ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ ഏതൊരു നഗരത്തിന്റെയും വികസനം പൂര്‍ണമാകൂ എന്ന് കൊച്ചി മേയര്‍ എം. അനില്‍കുമാര്‍. സംരംഭകരുടെ നഗരമാണ് കൊച്ചിയെന്നും ബില്‍ഡര്‍മാരാണ് നഗര വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബി എ ഐ )കൊച്ചിന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബില്‍ഡേഴ്സ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്ര നിര്‍മാണത്തിന്റെ ഭാഗമായി കൂടുതല്‍ വനിതാ സംരംഭകര്‍ മുന്നോട്ട് വരണം.

മിഷന്‍ കൊച്ചി വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഒട്ടേറെ തടസങ്ങള്‍ നേരിടുന്നുണ്ടെങ്കിലും കൂട്ടായ് പരിശ്രമത്തിലൂടെ അത് സാധ്യമാകുമെന്നും മേയര്‍ പറഞ്ഞു. ഒരു നഗരത്തെ സംബന്ധിച്ച് അവിടത്തെ നിര്‍മാണങ്ങള്‍ക്കും രൂപകല്പനയ്ക്കും ഏറെ പ്രാധാന്യമുണ്ടെന്ന് മേയര്‍ ഓര്‍മ്മപ്പെടുത്തി. പരിസ്ഥിതിയെ കൂടി സംരക്ഷിച്ചു കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടത്താവൂ. കൊച്ചി മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതില്‍ ബില്‍ഡര്‍മാര്‍ക്ക് ക്രിയാത്മകമായ പങ്ക് വഹിക്കാനുണ്ടെന്നും മേയര്‍ പറഞ്ഞു.

രാഷ്ട്ര നിര്‍മാണത്തില്‍ നിര്‍മാണമേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ ബി എ ഐ മുന്‍ ദേശീയ പ്രസിഡന്റ് ചെറിയാന്‍ വര്‍ക്കി, ബി എ ഐ സംസ്ഥാന ചെയര്‍മാന്‍ നജീബ് മണ്ണേല്‍, ബി എ ഐ കൊച്ചി സെന്റര്‍ ചെയര്‍മാന്‍ ജോളി വര്‍ഗീസ്, സെക്രട്ടറി എസ് . സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.