കാലിക്കട്ട് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ നിക്ഷേപം 1400 കോടി കവിഞ്ഞു

Posted on: April 1, 2021

കോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ നിക്ഷേപം 1400 കോടി രൂപ കവിഞ്ഞുവെന്ന് ചെയര്‍മാന്‍ ജി,നാരായണന്‍കുട്ടിയും ഡയറക്ടര്‍ പി.ദാമോദരനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ ഇക്കൊല്ലവും നഗരത്തിലെത്തുന്നവര്‍ക്കു വേനല്‍ചൂടില്‍ കുളിരേകാന്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പുതിയ ബസ് റ്റാന്‍ഡ് പരിസരത്തും 5000 പായ്ക്കറ്റ് മില്‍മ സംഭാരം വിതരണം ചെയ്യും. ഏപ്രില്‍ ഒന്നിന് രാവിലെ 11 മണിക്ക് ഇതിന്റെ ഉദ്ഘാടനം നടക്കുമെന്ന് അവര്‍ അറിയിച്ചു.

ബാങ്കിന്റെ കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്ററില്‍ പ്രതിദിനം 24 ഡയാലിസിസുകള്‍ സൗജന്യമായി ചെയ്തുവരുന്നുണ്ട്. 2017 ല്‍ പ്രവര്‍ത്തനമാരംഭിച്ച എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമാണ്. നാലുവര്‍ഷത്തിനുളളില്‍ കാന്‍സര്‍ചികില്‍സാ രംഗത്ത് ശ്രദ്ധേയമായ ചുവടുവയ്പ്പ് നടത്തിയ എം. വി. ആര്‍ കാന്‍സര്‍ സെന്ററിന് സര്‍ക്കാര്‍ അനുമതിയുടെ അടിസ്ഥാനത്തില്‍ 600 കോടി രൂപ വായ്പയായി നല്‍കിയിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു.

അംഗീകൃത വാലേഷന്‍ റിപ്പോര്‍ട്ട് പ്രകാരം 800 കോടി രൂപയോളം ആസ്തിമൂല്യമുള്ള കെയര്‍ ഫൗണ്ടേഷന് 15 വര്‍ഷ കാലാവധിയിലാണ് വായ്പ അനുവദിച്ചിട്ടുള്ളത്. നാളിതുവരെ പലിശ തിരിച്ചടക്കുന്നതില്‍ കെയര്‍ ഫൗണ്ടേഷന്‍ വീഴ്ച വരുത്തിയിട്ടില്ല. കോ ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍)ക്ക് 100 കോടി രൂപ വരെ കാഷ് ക്രെഡിറ്റ് വായ്പ അനുവദിക്കുന്നതിന് സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് അവര്‍ അറിയിച്ചു. ലാഡറിന് നിലവില്‍ 500 കോടി രൂപയോളം ആകെ ആസ്തി മൂല്യമുണ്ട്. ജനറല്‍ മാനേജര്‍സാജു ജെയിംസ്, അസി. ജനറല്‍ മാനേജര്‍
കെ.രാകേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.