അരികെ : മലയാളികള്‍ക്കു മാത്രമായി ഒരു ഡേറ്റിംഗ് ആപ്പ്

Posted on: March 26, 2021

തിരുവനന്തപുരം : ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ഇതാ മലയാളത്തനിമയോടെ പുതിയൊരു ഡേറ്റിംഗ് ആപ്പ്. ‘അരികെ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ്, പൂര്‍ണ്ണമായും മലയാളിക്കു വേണ്ടിയാണ് അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ആപ്പുകളിലൊന്നായ ‘അയ്ല്‍’ ആണ് അരികെയുടെ മാതൃസ്ഥാപനം.

ആദ്യമായി മലയാളികള്‍ക്ക് മാത്രമായി ‘അരികെ’ അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയിലെ തന്നെ പ്രഥമ ഭാഷാ കേന്ദ്രീകൃതമായ ഹൈ ഇന്റെന്റ് ഡേറ്റിംഗ് ആപ്പ് എന്ന സവിശേഷതയോടെയാണ്. കേരളത്തിന്റെ തനതു സംസ്‌കാരവും ശീലങ്ങളും കോര്‍ത്തിണക്കിയാണ് ‘അരികെ’ എത്തുന്നത്. 21 നും 40 നും ഇടയില്‍ പ്രായമുള്ള മലയാളികളുടെ മാച്ച് മേക്കിംഗിന് സഹായകമായി രൂപകല്പന ചെയ്തിട്ടുള്ള ‘അരികെ’യില്‍ ഭൂമിശാസ്ത്ര പരമായ അതിര്‍വരമ്പുകള്‍ തീരെ ഇല്ല.

മലയാളിയുടെ സാംസ്‌കാരികമായ സവിശേഷതകള്‍ക്ക് മുന്‍തൂക്കം നല്‍കി വികസിപ്പിച്ചിരിക്കുന്ന ആപ്പ്, മലയാളത്തനിമയുള്ള പല പ്രത്യേകതകളും അടങ്ങിയതാണ്. ഉദാഹരണത്തിന് ആദ്യമായി രണ്ടു പേര്‍ തമ്മിലുള്ള സംസാരം തുടങ്ങി വയ്ക്കാനുതകുന്ന വിഷയങ്ങളായ മലയാള ഭക്ഷണ രീതികള്‍, സിനിമ, സംഗീതം തുടങ്ങിയ പല ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അരികെ ആപ്പിന്റെ ലോഗോ രൂപകല്പന ചെയ്തിട്ടുള്ളത് മലയാളത്തിലെ ആദ്യ അക്ഷരമായ ‘അ’ ഉപയോഗിച്ചാണ്.

മലയാളികളായ രണ്ടു പേര്‍ തമ്മില്‍ പരിചയപ്പെടുകയും, അടുത്തറിയുകയും ചെയ്യാനുതകുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ‘അരികെ’ ആപ്പില്‍ ഉപയോക്താക്കള്‍ക്ക് നോട്‌സ് വാങ്ങാനും, ആപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് നേരിട്ട് സന്ദേശങ്ങള്‍ കൈമാറാനും കഴിയും. ‘അരികെ’ യുടെ ചുവടു പിടിച്ച് രാജ്യത്തെ മറ്റു ഭാഷകളിലേയ്ക്ക് കൂടി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ മാതൃസ്ഥാപനമായ അയ്ല്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ട്.

ആപ്പിന്റെ വികസനത്തിനായി ആറു വര്‍ഷങ്ങളിലേറെ ചിലവഴിച്ചിട്ടുണ്ട് എന്ന് അയ്ല്‍ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഏബിള്‍ ജോസഫ് പറഞ്ഞു. ‘കേരളത്തിലെ ജനങ്ങള്‍ ഹൈ ഇന്റെന്റ് ഡേറ്റിംഗ് മേഖലയില്‍ ഏറെ മികച്ച സ്ഥാനത്താണ് എന്നാണ് ഞങ്ങളുടെ ഡേറ്റ സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ഏറ്റവും അനുയോജ്യരായ ജീവിതപങ്കാളികളെ തിരഞ്ഞെടുക്കാനും, പ്രണയിക്കാനും വിവാഹിതരാകാനും ഉദ്ദേശിക്കുന്ന മലയാളി ഉപയോക്താക്കള്‍ക്കായി ഞങ്ങള്‍ ‘അരികെ’ എന്ന ആപ്പ് വികസിപ്പിക്കാന്‍ തീരുമാനിച്ചത്.

ക്രോസ്സ് ബോര്‍ഡര്‍ മലയാളി മാച്ച് മേക്കിംഗ് വര്‍ധിപ്പിക്കുന്നതു വഴി അയ്ലിന്റെ ഏഷ്യയിലെ സാന്നിധ്യം ശക്തിപ്പെടുത്താനും ഞങ്ങള്‍ക്ക് കഴിയും എന്നാണ് വിശ്വാസം. കേരളം ഒരു തുടക്കം മാത്രമാണ്; അരികെയുടെ മറ്റു ഭാഷകളിലുള്ള വേര്‍ഷനുകള്‍ അതാതു സംസ്ഥാനങ്ങളുടെ സാംസ്‌കാരിക സവിശേഷതകള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കും, ഏബിള്‍ ജോസഫ് അറിയിച്ചു.

ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന അഞ്ചു ഡേറ്റിംഗ് ആപ്പുകളില്‍ അയ്ല്‍ മാത്രമാണ് ഇന്ത്യന്‍ നിര്‍മ്മിതം. ടിന്‍ഡര്‍, ബംബ്ള്‍ തുടങ്ങിയ ബില്യണ്‍ ഡോളര്‍ കമ്പനികളുമായാണ് അയ്ല്‍ മത്സരിക്കുന്നത്. അടുത്തിടെ ഹുറൂണ്‍ ഇന്ത്യ സ്ഥാപകനും എം ഡിയുമായ അനസ് റഹ്മാന്‍, കോംഗ്ളോ വെഞ്ചേഴ്സ് സ്ഥാപകനായ വിനോദ് ജോസ്, മറ്റ് നിക്ഷേപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ അയ്ല്‍ തങ്ങളുടെ ആദ്യ പ്രീ-സീരീസ് എ ഫണ്ടിംഗ് സ്വീകരിച്ചിരുന്നു.

മാച്ച് ചെയ്യുന്നതിന് മുന്‍പ് ഉപയോക്താക്കള്‍ തമ്മില്‍ വിര്‍ച്വല്‍ മുറികളില്‍ ഓഡിയോ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ സൗകര്യമൊരുക്കുന്ന ‘റൂംസ്’ ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട പ്രൊഫൈലുകള്‍ വിശകലനം ചെയ്ത് ക്യൂറേറ്റഡ് മാച്ച് മേക്കിംഗ് സാധ്യമാക്കുന്ന ‘കോണ്‍സിയേര്‍ജ്’ എന്ന പ്രീമിയം ഫീച്ചറും ആപ്പില്‍ ലഭ്യമാണ്.

TAGS: Arike App | Dating App |