വി. തുളസീദാസ് ഇന്ന് കിയാൽ എംഡി സ്ഥാനം ഒഴിയും

Posted on: March 12, 2021

കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിന് നേതൃത്വം നല്‍കിയ കിയാല്‍ (കണ്ണൂര്‍ ഇന്റര്‍നാഷണല്‍എയര്‍ പോര്‍ട്ട് ലിമിറ്റഡ്) മാനേജിംഗ് ഡയറകട്ര്‍ വി. തുളസീദാസ് ഇന്ന് സ്ഥാനമൊഴിയും. എംഡിയുടെ അധികച്ചുമതല മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. വി. വേണുവിന് നല്‍കി.

മൂന്നുവര്‍ഷ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് തുളസീദാസിന്റെ വ്യക്തിപരമായ അഭ്യര്‍ഥന മാനിച്ചാണ് സ്ഥാനമൊഴിയാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

നിര്‍ദിഷ്ട ശബരിമല വിമാനത്താവളം സ്‌പെഷല്‍ ഓഫീസര്‍, തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാദമി എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ തുടങ്ങിയ ചുമതലകള്‍ അദ്ദേഹം തുടര്‍ന്നും വഹിക്കും. 2018 ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ വിമാനത്താവളം രാജ്യാന്തരനിലവാരത്തില്‍ സജ്ജമാക്കിയതിനൊപ്പം ലാഭകരമായ പ്രവര്‍ത്തനപാതയും ഒരുക്കിയാണ് തുളസീദാസിന്റെ പടിയിറക്കം. 

1972 ബാച്ച് ത്രിപുര കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ തുളസീദാസ് 1995 മുതല്‍ 2003 വരെ ത്രിപുര ചീഫ് സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് 2008 വരെ എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി. എയര്‍ മൗറീഷ്യസ് ഡയറക്ടര്‍, ഒമാന്‍ എയര്‍ ഡയറക്ടര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിരുന്നു.