വരൂ നിക്ഷേപം നടത്തൂ.. വ്യവസായികളോട് മുഖ്യമന്ത്രി

Posted on: February 4, 2021

തിരുവനന്തപുരം : കേരളത്തിലെ നിക്ഷേപസാഹചര്യവും മികച്ച അവസരങ്ങളും ഉപയോഗപ്പെടുത്തണമെന്ന് രാജ്യത്തെ വ്യവസായപ്രമുഖരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണി ഉറപ്പുവരുത്തുന്നതിനു വേണ്ടി കയറ്റുമതി പ്രോത്സാഹന സമിതിയ്ക്ക് രൂപം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഉത്പാദന മേഖലയില്‍ കേരളം ശക്തമായ സാന്നിദ്ധ്യമാകാന്‍ പോകുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ ആഹ്വാനം. സംസ്ഥാന ആസൂത്രണബോര്‍ഡ് സംഘടിപ്പിച്ച കേരള ലുക്‌സ് അഹെഡ്(ഭാവി വീക്ഷണത്തോടെ കേരളം) സമ്മേളനത്തില്‍ വ്യവസായ മേഖലയെക്കുറിച്ച് നടന്ന പ്രത്യേക ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഊര്‍ജ്ജസ്വലമായ സംരംഭകത്വം നിറഞ്ഞ വ്യവസായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ രത്തന്‍ ടാറ്റ, ശ്രീ അസിം പ്രേംജി, ശ്രീ ആനന്ദ് മഹീന്ദ്ര, ശ്രീമതി കിരണ്‍ മജൂംദാര്‍ ഷോ തുടങ്ങിയ വ്യവസായ പ്രമുഖര്‍ പ്രത്യേക ചര്‍ച്ചയില്‍ പങ്കെടുത്തു.

ഊര്‍ജ്ജസ്വലവും സംരംഭകത്വമുള്ളതുമായ സമൂഹം കേരളത്തിന്റെ ഭാവി സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായി മാറും. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പാരിസ്ഥിതിക സുസ്ഥിരതയുള്ളതും വിജ്ഞാനവും നൂതനത്വവും നയിക്കുകയും ചെയ്യുന്ന സമൂഹമായിരിക്കുമിത്.

സംസ്ഥാനത്തിന്റെ അകത്തുള്ള സംരംഭകത്വവും നൈപുണ്യവും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ആധുനിക വ്യവസായ മേഖലയുടെ നിര്‍മ്മാണത്തിന്റെ പ്രഖ്യാപനം കൂടിയാണ് ഈ ലോകോത്തര സമ്മേളനം. ഈ ആധുനിക വ്യവസായ സമൂഹം കെട്ടിപ്പെടുക്കുന്നതിന് രാജ്യത്തെ വ്യവസായികളുടെ സഹകരണം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കൃഷി, വ്യവസായം എന്നിവയില്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗമായിരിക്കും കേരളത്തിന്റെ വളര്‍ച്ചയുടെ പ്രധാന ഘടനം. മികച്ച തൊഴില്‍, നൈപുണ്യശേഷി, പരിസ്ഥിതി സൗഹൃദമായ സാമ്പത്തികവളര്‍ച്ച, സുസ്ഥിര വികസനം എന്നിവ അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ കൈവരിക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.

ലോകമെമ്പാടുമുള്ള നിര്‍മ്മാണമേഖലയില്‍ ഓട്ടോമേഷനും വിജ്ഞാന സാങ്കേതിക വിദ്യയുടെ ഉപയോഗവും കൂടിവരികയാണ്. വ്യവസായം 4.0 എന്നാണ് ഇവ അറിയപ്പെടുന്നത്. തൊഴിലവസരങ്ങളെ ഇത് ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കില്‍ കൂടി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ പരിസ്ഥിതിയെ നേരിടാന്‍ കേരളം തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു.

വിവരസാങ്കേതികവിദ്യയില്‍ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ഐടി പാര്‍ക്കുകളുടെ ശൃംഖലയും കേരളത്തിലുണ്ട്. ഭക്ഷ്യ-മത്സ്യസംസ്‌ക്കരണ വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിലൂടെ കാര്‍ഷിക വ്യവസായങ്ങളില്‍ പുത്തനുണര്‍വ് കേരളം പ്രതീക്ഷിക്കുന്നുണ്ട്. മരുന്ന് വ്യവസായം, ബയോടെക്‌നോളജി, ആശുപത്രി ഉപകരണങ്ങള്‍, ജൈവ ശാസ്ത്ര കേന്ദ്രം എന്നീ നിലകളിലും കേരളം പ്രധാന കേന്ദ്രമാകാന്‍ പോവുകയാണ്.

പൊതുമേഖലയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയെന്ന ബഹുമതി കൊച്ചിയില്‍ ഭാരത് പെട്രോളിയം കൈവരിക്കാന്‍ പോവുകയാണ്. ഇതോടെ പെട്രോകെമിക്കല്‍, പ്ലാസ്റ്റിക്, പോളിമര്‍, ഫൈബര്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നീ മേഖലകളില്‍ വമ്പിച്ച നിക്ഷേപ സാധ്യത ഉണ്ടാകും. കെഎസ്‌ഐഡിസി കൊച്ചിയില്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നതോടെ കൂടുതല്‍ സംരംഭങ്ങള്‍ ഇവിടേക്കെത്തും.

സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്നതായിരുന്നു ഈ സര്‍ക്കാര്‍ 2016 മേയില്‍ അധികാരമേറ്റെടുത്തപ്പോള്‍ ലക്ഷ്യം വച്ചിരുന്നത്. കൊവിഡ് 19 മഹാവ്യാധിയെ വിജയകരമായി നേരിട്ടതില്‍ സംസ്ഥാനത്തിന് ആഗോളതലത്തിലുള്ള അഭിനന്ദനം ലഭിച്ചു. മികച്ച ആരോഗ്യസംവിധാനം, ഭരണനിര്‍വഹണം, ശക്തമായ സാമൂഹ്യ സ്ഥാപനങ്ങള്‍ എന്നിവയാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

ദേശീയശരാശരിയേക്കാള്‍ ദ്രുതഗതിയിലാണ് സംസ്ഥാനത്തിന്റെ വളര്‍ച്ച. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ ആളോഹരി വരുമാനം ദേശീയ ശരാശരിയേക്കാള്‍ 55.3 ശതമാനം അധികമായിരുന്നു. സേവനമേഖലയാണ് കേരളത്തിന്റെ വളര്‍ച്ചയുടെ പ്രധാനസ്രോതസ്സ്. മികച്ച മനുഷ്യവിഭവശേഷിയും കേരളത്തിന് മറ്റ് ലോകരാജ്യങ്ങളുമായുള്ള ബന്ധവുമാണ് സേവനമേഖലയില്‍ ഇത്തരത്തിലുള്ള വളര്‍ച്ചയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിജ്ഞാന സാങ്കേതിക മേഖലയിലെ നൂതന വ്യവസായങ്ങളിലേക്കുള്ള സംസ്ഥാനത്തിന്റെ പ്രവേശനത്തിന്റെ അടിസ്ഥാനം മികച്ച മനുഷ്യവിഭവശേഷിയും ശക്തമായ സാമൂഹ്യമേഖലയുമാണ്.

നോബല്‍ ജേതാവും സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. ജോസഫ് ഇ സ്റ്റിഗ്ലിറ്റ്‌സ്, ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്‍ എന്നിവരുടെ മുഖ്യപ്രഭാഷണങ്ങളോടെ ഫെബ്രുവരി ഒന്നിനാണ് ഓണ്‍ലൈനായി നടന്ന ഈ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായത്. സമ്പദ്ഘടനയെയും സമൂഹത്തെയും സ്വാധീനിക്കുന്ന ഒമ്പത് പ്രധാനവിഷയങ്ങളിലായിരുന്നു ത്രിദിന സമ്മേളനത്തിലെ ചര്‍ച്ചകള്‍.