ആഴക്കടല്‍ മത്സ്യബന്ധനം കെ.എസ്.ഐ.എന്‍.സിക്ക് 2950 കോടിയുടെ പദ്ധതി

Posted on: February 4, 2021


കൊച്ചി: കേരളത്തിലെ മല്‍സ്യബന്ധന മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനുതകുന്ന 2950 കോടി രൂപയുടെ പദ്ധതിക്കായി കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും (കെ.എസ്.ഐ.എന്‍.സി) അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി. ഇന്റര്‍നാഷണലും കൈകോര്‍ക്കുന്നു. കെ.എസ്.ഐ.എന്‍.സി. മാനേജിംഗ് ഡയറക്ടര്‍ എന്‍.പ്രശാന്തും ഇ.എം.സി.സി. ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വര്‍ഗീസും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ഒപ്പിട്ടു.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച അസന്‍ഡ് 2020 നിക്ഷേപസമാഹരണ പരിപാടിയില്‍ ഇഎംസിസിയും സര്‍ക്കാരുമായി ഏര്‍പ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് തുടക്കമാകുന്നത്. ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ട്രോളറുകളുടെ നിര്‍മാണം, തുറമുഖ വികസനം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. മല്‍സ്യബന്ധനത്തിനായി 400 ട്രോളറുകളാണ് കെഎസ്‌ഐഎന്‍സിയുടെ സഹായത്തോടെ ഇഎംസിസി കേരളത്തില്‍ നിര്‍മിക്കുക. നിലവില്‍ വിദേശ ട്രോളറുകളാണ് കൂടുതലായും ഉപയോഗിച്ചു വരുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിദേശനിക്ഷേപങ്ങളിലൊന്നായിരിക്കുമിത്. ഇ.എം.സി.സിക്ക് ട്രോളറുകള്‍ നിര്‍മിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളാണ് കെ.എസ്.ഐ.എന്‍.സി ഒരുക്കുന്നത്.

രണ്ടു കോടി രൂപയാണ് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ട്രോളര്‍ നിര്‍മിക്കാനുള്ള ചെലവ്. നിലവിലെ മല്‍സ്യത്തൊഴിലാളികള്‍ക്കാണിവ വിതരണം ചെയ്യുക. ഇത്രയും ട്രോളറുകള്‍ക്ക് അടുക്കാന്‍ നിലവില്‍ കേരളത്തിലെ ഹാര്‍ബറുകളില്‍ ആവശ്യത്തിന് സൗകര്യമില്ലാത്തിനാല്‍ പുതിയ ഹാര്‍ബറുകളും വികസിപ്പിക്കും.

മല്‍സ്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ഇ.എം. സി.സി. കേരള ത്തില്‍ യൂണിറ്റുകള്‍ തുറക്കും. ഇവിടെ മല്‍സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കും. കേരളത്തില്‍ തുറക്കുന്ന 200 ഔട്‌ലെറ്റുകള്‍ വഴി സംസ്‌കരിച്ച മല്‍സ്യം വിറ്റഴിക്കുന്നതിനൊപ്പം പുറംരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയുമാണ് പദ്ധതിയെന്ന് ഇ.എം.സി.സി. പ്രസിഡന്റ് ഷിജു വര്‍ഗീസ് പറഞ്ഞു. ഇഎംസിസിയുടെ കടന്നുവരവോടെ 25000 ല്‍പരം തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെടുമെന്ന് കെഎഐഎന്‍സി മാനേജിംഗ് ഡയറക്ടര്‍ എന്‍. പ്രശാന്ത് പറഞ്ഞു.