മലയാളികള്‍ക്ക് ഏറ്റവും മികച്ച നിക്ഷേപം ഓഹരി വിപണിയെന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

Posted on: January 29, 2021

കൊച്ചി : ആഗോളതലത്തില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും വലിയ വരുമാനം നല്‍കുന്നതിലൂടെയും മറ്റേതൊരു സംഘടിത നിക്ഷേപത്തേക്കാളും ശരിയായ സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്നതിലൂടെയും ഇന്ത്യയിലെ സ്‌റ്റോക്ക് മാര്‍ക്കറ്റ് മറ്റെല്ലാ അസറ്റ് ക്ലാസുകളെയും പിന്നിലാക്കി. സി.എസ്.ബി ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ ടി. എസ് അനന്തരാമന്‍ എഴുതിയ സ്‌റ്റോക്ക് മാര്‍ക്കറ്റ് വിസ്ഡം: ക്യാപിറ്റല്‍ മാര്‍ക്കറ്റിലെ ജീവിതകാലത്തെ പഠനങ്ങള്‍ എന്ന പുസ്തകത്തിലാണ് സ്‌റ്റോക്ക് മാര്‍ക്കറ്റ് സംബന്ധിച്ച ആധികാരിക പഠനങ്ങളും വിശദാംശങ്ങളും ഉള്ളത്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ രണ്ട് പ്രമുഖ സ്‌റ്റോക്ക് മാര്‍ക്കറ്റ് സൂചികകളായ സെന്‍സെക്‌സ്, നിഫ്റ്റി എന്നിവയില്‍ നിന്നുള്ള വരുമാനം യഥാക്രമം 1289 ശതമാനവും 1357 ശതമാനവുമാണ് എന്ന് അനന്തരാമന്‍ വ്യക്തമാക്കുന്നു.

ആമസോണിലെ ബെസ്റ്റ് സെല്ലറായ സ്‌റ്റോക്ക് മാര്‍ക്കറ്റ് വിസ്ഡം എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചര്‍ച്ചയും കൊച്ചിയില്‍ നടന്നു. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ എമിരിറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, അക്യൂമെന്‍ ക്യാപിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ അക്ഷയ് അഗര്‍വാള്‍ എന്നിവര്‍ പങ്കെടുത്തു. ഓഹരി വിപണിയിയെ സംബന്ധിച്ച അദ്ദേഹത്തിന്റെ പുസ്തകം വായിക്കപ്പെടേണ്ടതാണെന്നും ഇത് തുടക്കക്കാര്‍ക്ക് പ്രചോദനവും അറിവും നല്‍കുന്നതാണെന്നും ടി.എസ് .അനന്തരാമന്റെ പുസ്തകം പരിചയപ്പെടുത്തി കൊണ്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു. സാധാരണക്കാര്‍ക്കുള്ള വഴികാട്ടിയാണ് അനന്തരാമന്റെ പുസ്തകം. ലൈസന്‍സില്ലാത്ത ചിട്ടിക്കമ്പനികളില്‍ പണം മുടക്കി എല്ലാം നഷ്ടപ്പെടുത്തുന്ന മലയാളികള്‍ക്കുള്ള ജനതാ ഗൈഡ് ആണ് സ്‌റ്റോക്ക് മാര്‍ക്കറ്റ് വിസ്ഡം എന്ന പുസ്തകമെന്നും അദ്ദേഹം പറഞ്ഞു. ഓഹരി വിപണിയുടെ ഗുണം ഏറെ അനുഭവിച്ച ആളാണ് താനെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു.പരിചയസമ്പന്നനായ സംരംഭകന്‍, നിക്ഷേപകന്‍, ധനവിപണിയിലെ പ്രചോദനവുമാണ് അനന്തരാമനെന്ന് അക്ഷയ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ നിക്ഷേപകരുടെ ഇഷ്ട മേഖലകളായ റിയല്‍ എസ്‌റ്റേറ്റ്, ഗോള്‍ഡ്, ബാങ്ക് നിക്ഷേപം തുടങ്ങിയവയില്‍ നിന്നുള്ള ആദായം (റിട്ടേണ്‍) സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന ആദായവുമായി താരതമ്യം ചെയ്താല്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് വലിയ വ്യത്യാസത്തില്‍ മുന്നിട്ട് നില്‍ക്കുമെന്ന് അനന്തരാമന്‍ പുസ്തകത്തില്‍ പറയുന്നു. ഉദാഹരണത്തിന്, ഇന്ത്യയിലെ ഏറ്റവും പ്രചാരമേറിയ മാര്‍ക്കറ്റ് സൂചികയായ സെന്‍സെക്‌സില്‍ കഴിഞ്ഞ 40 വര്‍ഷമായി ലഭിക്കുന്ന വാര്‍ഷിക വരുമാനം 16% വരും, പുസ്തകത്തില്‍ അന്തരാമന്‍ പറയുന്നു.

ഓഹരി വിപണിയില്‍ വിവേകത്തോടെ നിക്ഷേപിക്കുക എന്നത് ഒരു കലയാണ്. കാലങ്ങളായി ഈ കലയെ തന്റെ അഭിനിവേശമാക്കി മാറ്റിയ വ്യക്തിയാണ് ടി. എസ്. അനന്തരാമന്‍. അദ്ദേഹത്തിന്റെ പുസ്തകം ഓഹരിവിപണിയെ ഭയപ്പെടുന്നവര്‍ക്ക് പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതാണ്. ഓഹരി വിപണിയില്‍ നിക്ഷേപം നടത്താനും സമ്പത്ത് നേടാനും ആഗ്രഹിക്കുന്നവര്‍ സ്വീകരിക്കേണ്ട പക്വമായ നടപടികള്‍ പുസ്തകം വിശദീകരിക്കുന്നു.

കൊറോണ വൈറസ് ബാധയെ തടുര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കിടയിലും ആമസോണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകമായി ഇത് മാറിയത് ഈ പുസ്തകം ശരിയായ സമയത്താണ് പുറത്തിറങ്ങിയത് എന്നതിന് തെളിവാണ്. ഈ വൈറസ് ബാധ ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും സാരമായി ബാധിച്ചു; 2020 മാര്‍ച്ചില്‍ ഇന്ത്യന്‍ ഓഹരി വിപണി 40% തകര്‍ച്ചയിലേക്ക് നയിച്ചു. എന്നാല്‍ അതിനുശേഷം വിപണി കൂടുതല്‍ ശക്തമായി. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് റെക്കോര്‍ഡ് 50000 പോയിന്റ് മറികടന്ന് ഇന്ത്യന്‍ ഓഹരി വിപണിയുടെ കരുത്ത് തെളിയിച്ചു.

പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, വീടുകളില്‍ മാത്രം ഒതുങ്ങിയ ചില്ലറ നിക്ഷേപകര്‍ക്ക് ഓഹരികള്‍ പഠിക്കാനും കൈകാര്യം ചെയ്യാനും സമയം ലഭിച്ചതിനാല്‍ ഏകദേശം 10 ദശലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ആരംഭിച്ചു.1980 മുതല്‍ ഓഹരി വിപണി രംഗത്ത് സജീവമായി തുടരുന്ന അനന്തരാമന്‍ ഈ പുസ്തകത്തില്‍,തന്റെ വിപുലമായ അനുഭവത്തില്‍ നിന്ന് ഓഹരിവിപണിയുടെ എല്ലാ വശങ്ങളും വരച്ചുകാട്ടുന്നു. അതിനാല്‍ നിക്ഷേപമായാലും വ്യാപാരമായാലും , മ്യൂച്വല്‍ ഫണ്ടുകള്‍ ,ബോണ്ടുകള്‍, അടിസ്ഥാന വിശകലനം അല്ലെങ്കില്‍ സാങ്കേതികത എന്നിങ്ങനെ ഏത് വിഷയത്തിലുമുള്ള പാഠപുസ്തകം കൂടിയാണ് അനന്തരാമന്റെ പുസ്തകം.

വേണ്ടത്ര അറിവില്ലായ്മ, ഓഹരി വിപണികളെക്കുറിച്ചുള്ള തെറ്റായ പ്രചാരണം, ഓഹരി വിപണികളെ കാസിനോകളുമായി തുലനം ചെയ്യുക, പൊടിപ്പും തൊങ്ങലും ചേര്‍ത്ത കഥകള്‍, വ്യാജപ്രചരണം എന്നിവ കാരണം സാധാരണക്കാര്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നുവെന്ന് അനന്തരാമന്‍ പറയുന്നു. ഇന്ത്യയിലെ 1.3 ലക്ഷം കോടി ജനസംഖ്യയില്‍, വെറും 3% മാത്രമാണ് ഓഹരിയുടമകള്‍. ‘സാധാരണ ഇന്ത്യക്കാരന്‍ ഓഹരിവിപണിയെക്കുറിച്ച് അജ്ഞനാണ്, പക്ഷേ ഉല്‍പാദനക്ഷമമല്ലാത്ത ആസ്തികളായ സെല്‍ഫോണുകള്‍, സ്വര്‍ണം, ആഭരണങ്ങള്‍, ഭൂമി എന്നിവയാല്‍ ആകര്‍ഷിക്കപ്പെടുന്നു,’ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതിനാല്‍, സര്‍ക്കാര്‍, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, റെഗുലേറ്റര്‍മാര്‍, സമൂഹത്തിലെ വിദ്യാസമ്പന്നരായ അംഗങ്ങള്‍ എന്നിവര്‍സ്‌റ്റോക്ക് മാര്‍ക്കറ്റുകളില്‍ നിന്നുള്ള അപകടസാധ്യതകളും പ്രതിഫലങ്ങളും നിക്ഷേപകര്‍ക്ക് അവര്‍ നല്‍കുന്ന ആനുകൂല്യങ്ങളും ജനങ്ങളെ പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പുസ്തകം വാദിക്കുന്നു.

ഓഹരി വിപണിയില്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള താക്കോല്‍ മൂല്യത്തിനും വളര്‍ച്ചാ നിക്ഷേപത്തിനും മുന്‍ഗണന നല്‍കുക എന്നതാണ്, അനന്തരാമന്‍ പറയുന്നു. ‘ഒരു കമ്പനിയുടെ യഥാര്‍ത്ഥ മൂല്യം മനസിലാക്കാന്‍ പഠിക്കുക എന്നതാണ് മൂല്യ നിക്ഷേപത്തിന്റെ താക്കോല്‍. സമീപഭാവിയില്‍ ഗണ്യമായ നേട്ടങ്ങള്‍ കൈവരിക്കാമെന്ന പ്രതീക്ഷയില്‍ വളര്‍ച്ചാ നിക്ഷേപം അതിവേഗം വളരുന്ന കമ്പനികളില്‍ നിക്ഷേപം നടത്തുന്നു, ‘മുതിര്‍ന്ന നിക്ഷേപകന്‍ ചൂണ്ടിക്കാട്ടുന്നു.

സാധാരണഗതിയില്‍ സ്‌റ്റോക്ക് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ഒരു പുസ്തകം സാങ്കേതിക പദപ്രയോഗങ്ങളാല്‍ വിരസമായേക്കാം. എന്നാല്‍ അനന്തരാന്റെ പുസ്തകം വളരെ ലളിതവും വ്യക്തവുമായ ഭാഷയില്‍ മനോഹരമായി വായനയ്ക്കായി അവതരിപ്പിച്ചിരിക്കുന്നു. നിക്ഷേപങ്ങളിലൂടെ മികച്ച ആദായം നേടുന്നതില്‍ വ്യത്യാസങ്ങള്‍ സൃഷ്ടിച്ച യഥാര്‍ത്ഥ ജീവിതവും യഥാര്‍ത്ഥ സ്‌റ്റോക്ക് കഥകളും ഇതിലെ അധ്യായങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള 65 കാരനായ ഡോക്ടറെപ്പോലെ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തന്റെ സ്വത്ത് 5 കോടിയില്‍ നിന്ന് 200 കോടി രൂപയായി 4000 ശതമാനം വര്‍ദ്ധിപ്പിച്ച പോലെയുള്ള അനുഭവ കഥകളും ഇതില്‍ പങ്ക് വെയ്ക്കുന്നു.

സമഗ്രമായ സ്‌റ്റോക്ക് മാര്‍ക്കറ്റ് വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം ഇന്ത്യയിലെ നിക്ഷേപകര്‍ക്കായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നവരും സമ്പത്ത് സൃഷ്ടിക്കുന്നവരുമായ അഞ്ച് പ്രമുഖ ബ്രാന്‍ഡുകളെ കുറിച്ചുള്ള കുറിപ്പുകളും പങ്ക് വെയ്ക്കുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, പിഡിലൈറ്റ്, ടൈറ്റന്‍ എന്നിവയാണ് അവ. ഭാവിയിലെ സമ്പത്ത് സ്രഷ്ടാക്കളാകാന്‍ സാധ്യതയുള്ള അഞ്ച് മള്‍ട്ടിബാഗര്‍ ബ്രാന്‍ഡുകളുടെ പട്ടികയും ഇതിലുണ്ട്. മുത്തൂറ്റ് ഫിനാന്‍സ്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, സീക്വന്റ് സയന്റിഫിക്, യുണൈറ്റഡ് സ്പിരിറ്റ്‌സ്, ഗോദ്‌റെജ് അഗ്രോ എന്നിവയാണ് .