നൂതന ഡിജിറ്റല്‍ ബാങ്കിംഗ് ആശയങ്ങള്‍ തേടി ഇസാഫ് ഫിന്‍ടെക് കോണ്‍ക്ലേവ്

Posted on: September 8, 2020

കൊച്ചി : രാജ്യത്തെ മികവുറ്റ ഫിന്‍ടെക്ക് കമ്പനികള്‍ക്ക് നൂതന ഡിജിറ്റല്‍ ബാങ്കിംഗ് ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ അവസരമൊരുക്കി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഫിന്‍ടെക് കോണ്‍ക്ലേവ് 2020 സംഘടിപ്പിക്കുന്നു. ഡിജിറ്റല്‍ ബാങ്കിങ് രംഗത്തെ മാറ്റിമറിക്കുന്ന ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കാന്‍ ശേഷിയുള്ള ആര്‍ക്കും ഇസാഫ് ഫിന്‍ടെക് കോണ്‍ക്ലേവില്‍ പങ്കെടുക്കാം.

ഇന്ത്യയില്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കാത്തവരും വേണ്ടത്ര സൗകര്യം ലഭ്യമല്ലാത്തവരുമായ ജനങ്ങളിലേക്ക് ബാങ്കിംഗ് സേവനം എത്തിക്കുക എന്ന ഇസാഫിന്റെ സ്ഥാപിത ലക്ഷ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഡിജിറ്റല്‍ ബാങ്കിംഗ് ആശയങ്ങളായിരിക്കണം അവതരിപ്പിക്കേണ്ടത്. ബാങ്കിംഗ് സാങ്കേതികവിദ്യാ രംഗത്തെ സംരഭകരെ പ്രോത്സാഹിപ്പിക്കുക, കോവിഡാനന്തര ഇന്ത്യയുടെ പുനര്‍നിമാണത്തിനു ആക്കം കൂട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

മുന്‍നിര ഫിന്‍ടെക് കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നവീന ആശയങ്ങളുള്ള സംരഭകര്‍ക്കും ഈ കോണ്‍ക്ലേവില്‍ പങ്കെടുക്കാം. അന്തിമമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇസാഫ് ബാങ്കിന്റെ നവീന ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളും ഉത്പന്നങ്ങളും വികസിപ്പിക്കുന്നതില്‍ ദീര്‍ഘകാല പങ്കാളിയാകാനുള്ള അവസരവും ലഭിക്കും.

ഉപഭോക്താക്കളെ സുസ്ഥിരമായ ജീവിതമാര്‍ഗം കെട്ടിപ്പടുക്കാന്‍ പ്രാപ്തരാക്കുന്ന സാങ്കേതിക വിദ്യകളിലാണ് ഇസാഫിന്റെ ശ്രദ്ധ. ഈ ആശയങ്ങളുള്ള ഡിജിറ്റല്‍ സംരഭകര്‍ക്ക് അവരുടെ ശേഷി തെളിയിക്കാനുള്ള മികച്ച അവസരമാണ് ഫിന്‍ടെക് ക്ലോണ്‍ക്ലേവിലൂടെ ഞങ്ങള്‍ ഒരുക്കുന്നതെന്ന്  ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.

കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിന് https://www.esafbank.com/esaf-fintech-conclave-2020/ വെബ്സൈറ്റ് ലിങ്ക് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. ഷോര്‍ട് ലിസ്റ്റ് ചെയ്യുന്ന കമ്പനികളേയും വ്യക്തികളേയും നേരിട്ട് വിവരം അറിയിക്കും. അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം.