അര്‍ധ അതിവേഗ റെയില്‍പാത നല്‍കുന്നത് പുത്തന്‍ യാത്രാനുഭവം: കെആര്‍ഡിസിഎല്‍ എംഡി

Posted on: December 3, 2019


കൊല്ലം: കേരളം ഇതുവരെ കാണാത്ത മിന്നല്‍ പിണര്‍ പോലെയുള്ള യാത്രാനുഭവമാണ് തിരുവനന്തപുരം-കാസര്‍കോട് അര്‍ധ-അതിവേഗ റെയില്‍പദ്ധതിയായ സില്‍വര്‍ ലൈന്‍ നല്‍കുകയെന്ന് ക്വയിലോണ്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ വ്യക്തമാക്കപ്പെട്ടു.

നടപടികള്‍ പുരോഗമിക്കുന്നതും അതിവേഗത്തില്‍തന്നെയാണെന്ന് പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡി ശ്രീ വി അജിത് കുമാര്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് അറിയിച്ചു.

2020 ജനുവരി ആദ്യം വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാകും.2020ല്‍ തന്നെ നിര്‍മാണം തുടങ്ങുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഡിപിആര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് സര്‍വേ പൂര്‍ത്തിയായി. മണ്ണു പരിശോധന 70% പിന്നിട്ടു. പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുന്നുണ്ട്. പ്രാഥമിക അലൈന്‍മെന്റ് പൂര്‍ത്തിയായി. ഹെലികോപ്റ്റര്‍ സഹായത്തോടെ അന്തിമ അലൈന്‍മെന്റ് ഉടന്‍ നടക്കും. ഇതിനുവേണ്ടി നടത്തേണ്ട ലൈഡാര്‍ സര്‍വെയ്ക്ക് അനുമതിയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലിലുള്ള സ്റ്റേഷനു സമീപമാകും അതിവേഗ പാതയുടെ സ്റ്റേഷനുകള്‍. ഇതൊടൊപ്പം ഫീഡര്‍ സ്റ്റേഷനുകള്‍ നിര്‍മിക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ആറ്റിങ്ങല്‍, കല്ലമ്പലം, പാരിപ്പള്ളി, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ ഫീഡിങ് സ്റ്റേഷന്‍ പരിഗണനയിലാണ്. അന്തിമ തീരുമാനമായിട്ടില്ല.

തിരുവനന്തപുരം-കൊല്ലം 55 കിലോമീറ്റര്‍ 24 മിനിറ്റ് കൊണ്ട് എത്തിച്ചേരും. കൊല്ലത്തുനിന്ന് ചെങ്ങന്നൂരിലെത്താന്‍ 48 മിനിറ്റ്, കോട്ടയത്തേയ്ക്ക് ഒരു മണിക്കൂര്‍, എറണാകുളത്ത് എത്താന്‍ 1.26 മണിക്കൂര്‍ എന്നിങ്ങനെയാണ് യാത്രാസമയം.

ലോക നിലവാരമുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. സിഗ്‌നല്‍ സംവിധാനം, ഓട്ടോമാറ്റിക് ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം, വാര്‍ത്താവിനിമയ സംവിധാനം, ടിക്കറ്റ് വിതരണത്തിന് ഓട്ടോമാറ്റിക് കംപ്യൂട്ടര്‍ സംവിധാനം തുടങ്ങിയ എല്ലാ മേഖലയിലും അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിക്കും.

അതിവേഗ റെയില്‍ പദ്ധതിക്ക് 56,443 കോടി രൂപയാണ് ഇപ്പോള്‍ ചെലവു കണക്കാക്കിയിട്ടുള്ളത്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 66,079 കോടി രൂപയാകും. കുറഞ്ഞ പലിശ നിരക്കില്‍ വായ്പ എടുക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

കണ്‍വെന്‍ഷന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് റിജി ജി.നായര്‍ അധ്യക്ഷത വഹിച്ചു.ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണയയ്ക്ക് റിജി ജി നായര്‍ പുരസ്‌കാരം സമര്‍പ്പിച്ചു. എം.നൗഷാദ് എം എല്‍ എ പ്രസംഗിച്ചു. സമാപന സമ്മേളനം എന്‍.കെ.പ്രേമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്തു.

കേരള ലാന്‍ഡ് യൂസ് കമ്മിഷണര്‍ എ.നിസാമുദീന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അജിത് ഹരിദാസ്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് മുന്‍ ചെയര്‍മാന്‍ ഡോ.ജി.ചന്ദ്രമോഹന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

TAGS: KRDCL |