കേരളം നവജാത ശിശുക്കൾക്ക് ശ്രവണ പരിശോധന നിർബന്ധമാക്കുന്ന ആദ്യ സംസ്ഥാനം

Posted on: August 31, 2019

കൊച്ചി : എല്ലാ നവജാത ശിശുക്കൾക്കും ശ്രവണ പരിശോധന നിർബന്ധമാക്കുന്നതിനെക്കുറിച്ചുള്ള ആശയ വിനിമയങ്ങൾ തുടരാനും കോക്ലിയറിന്റെ ആഗോള ഹിയറിംഗ് അംബാസഡറും അന്താരാഷ്ട്ര ക്രിക്കറ്റ് ഇതിഹാസവുമായ ബ്രെറ്റ് ലീ കേരളം സന്ദർശിച്ചു. കേരളത്തിലെ എല്ലാ ആശുപത്രികളിലും പരിശോധന നിർബന്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ നീക്കങ്ങൾ്. എല്ലാ സർക്കാർ കേന്ദ്രങ്ങളിലും ശ്രവണ പരിശോധന നിർബന്ധമാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.

ഈ മേഖലയിൽ കഴിഞ്ഞ നാലു വർഷങ്ങളിൽ കേരളം മികച്ച പുരോഗതിയാണു കൈവരിച്ചിട്ടുള്ളതെന്ന് ബ്രെറ്റ് ലീ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സർക്കാർ തലത്തിലുള്ള 61 മെറ്റേണിറ്റി കേന്ദ്രങ്ങളിലുംശ്രവണ പരിശോധനാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു ആരോഗ്യ സംരക്ഷണ നീക്കത്തിന് രാജ്യത്ത് നേതൃത്വം നൽകുന്നതാണ് കേരളത്തിന്റെ നടപടി. സർക്കാർ സംവിധാനത്തിൽ ഓരോ വർഷവും ശരാശരി ഒരു ലക്ഷം കുട്ടികൾക്കാണ് ശ്രവണ ശേഷി നഷ്ടത്തെക്കുറിച്ചു പരിശോധന നടത്തുന്നത്. ഒരു കുട്ടിക്കും നിശബ്ദ ലോകത്തു ജീവിക്കേണ്ട സാഹചര്യം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഒരുമിച്ചു മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തു ജനിക്കുന്ന ഓരോ കുട്ടിയുടേയും ശ്രവണ ശേഷി പരിശോധിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ഇതേക്കുറിച്ചു സംസാരിച്ച ദേശീയ ആരോഗ്യ മിഷൻ ശിശു ആരോഗ്യ വിഭാഗം സംസ്ഥാന നോഡൽ ഓഫിസർ ഡോ. ശ്രീഹരി മാധവൻകുട്ടി നായർ പറഞ്ഞു. സ്വകാര്യ മേഖലയിലും ഇതു പ്രോത്സാഹിപ്പിക്കുവാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ എല്ലാ നവജാത ശിശുക്കൾക്കും ശ്രവണ പരിശോധന നടത്തി 2003-ൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ കൊച്ചി ശാഖയാണ് ഈ രംഗത്ത് സമഗ്രമായ ചുവടു വെച്ച ആദ്യ പ്രസ്ഥാനമെന്ന് സെൻട്രൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ മുൻ പ്രസിഡന്റും ശിശുരോഗ വിദഗ്ധനുമായ ഡോ. സച്ചിദാന്ദ കമ്മത്ത് ചൂണ്ടിക്കാട്ടി. എറണാകുളം ജില്ലയിലെ എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിച്ചു കൊണ്ട് 2014 ൽ ഹിയറിംഗ് ഫ്രണ്ട്ലി എറണാകുളം ഡിസ്ട്രിക്ട് എന്ന പേരിൽ ഇതു കൂടുതൽ വികസിപ്പിച്ചു. 2019 ഏപ്രിൽ വരെ 1,70,168 നവജാത ശിശുക്കൾക്കാണ് പരിശോധന നടത്തിയത്. ഇതിൽ 4009 കുട്ടികൾക്ക് ശ്രവണ പ്രശ്നങ്ങൾ കണ്ടെത്താനുമായി.