എത്തിയോസ് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ തുറക്കുന്നു

Posted on: June 13, 2017

 

തിരുവനന്തപുരം : ബംഗലുരു ആസ്ഥാനമായ എത്തിയോസ് ഗ്രൂപ്പിന്റെ ഭാഗമായ എത്തിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കിൽ എക്സലൻസ് സംസ്ഥാനത്ത് കൂടുതൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ തുറക്കുന്നു. ആദ്യഘട്ടത്തിൽ തൃശൂർ ജില്ലയിൽ പുതിയ ക്യാമ്പസ് ആരംഭിക്കുന്നതിനായി മണപ്പുറം ഫൗണ്ടേഷനുമായി ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞതായി എത്തിയോസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സി.പി. രാജേഷ് പറഞ്ഞു. സംസ്ഥാന സർക്കാരിൻറെ നൈപുണ്യ വികസന സംരംഭങ്ങളായ കേസ്, അസാപ് തുടങ്ങിയ പദ്ധതികളിലും എത്തിയോസ് പങ്കാളികളാകും. 2020 ടെ രാജ്യത്താകെ 24 കേന്ദ്രങ്ങൾ തുറക്കുകയെന്നതാണ് എത്തിയോസ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും സി.പി. രാജേഷ് അറിയിച്ചു.

ടൂറിസം ഹോസ്പിറ്റാലിറ്റി, മീഡിയ ആൻഡ് എന്റർടെയ്‌ന്മെന്റ് മേഖലയിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി എത്തിയോസ് പാലക്കാട് രണ്ട് ക്യാമ്പസുകൾ ആരംഭിച്ചു കഴിഞ്ഞു. മൂന്ന് മാസം മുതൽ പതിനെട്ട് മാസം വരെ ദൈർഘ്യമുള്ളവയാണ് ഓരോ കോഴ്സും. ഇരുപതിനായിരം രൂപ മുതൽ 75,000 രൂപ വരെയാണ് ഫീസ്. ഹോസ്പിറ്റാലിറ്റി മേഖലയിലും മീഡിയ മേഖലയിലും തൊഴിൽ അന്വേഷകർക്ക് ഏറെ സഹായകരമാകുന്ന തരത്തിലാണ് കോഴ്‌സ് തയാറാക്കിയിരിക്കുന്നത്. മറ്റ് സ്ഥാപനങ്ങളിൽ നിന്ന് പരിശീലനം ലഭിച്ച ശേഷം തൊഴിൽ അന്വേഷിക്കുന്നവർക്കായി പ്രത്യേക കോഴ്സുകളും രൂപപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻ എസ് ക്യൂ എഫ്) അടിസ്ഥാനപ്പെടുത്തിയുള്ള പരിശീലന പരിപാടിയാണ് നടപ്പാക്കുന്നത്. ഇത് മൂലം ഒരേ സമയം തന്നെ പഠിക്കാനും വരുമാനം നേടാനും ജോലിയിൽ ഉന്നതി നേടാനും പഠിതാവിന് കഴിയുമെന്ന് എത്തിയോസ് ഓപ്പറേഷൻസ് ഡയറക്ടർ ഫിലിപ്പ് തോമസ് പറഞ്ഞു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പ് വരുത്തുന്നതിനായി പ്രമുഖ ഹോസ്പിറ്റാലിറ്റി, മീഡിയ ഗ്രൂപ്പുകളുമായി എത്തിയോസ് ധാരണയിലെത്തിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അയ്യായിരത്തോളം പേരാണ് എത്തിയോസിന് കീഴിൽ പരിശീലനം പൂർത്തിയാക്കി തൊഴിൽ നേടിയത്.

കേന്ദ്ര നൈപുണ്യ വികസനമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സ്‌കിൽ ഡെവലപ്‌മെൻറ് കോർപ്പറേഷൻറെ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, മീഡിയ ആൻഡ് എന്റർടെയ്‌ന്മെന്റ് സ്‌കിൽ കൗൺസിലുകളുടെ പരിശീലന പങ്കാളി കൂടിയാണ് എത്തിയോസ്. ഹോസ്പിറ്റാലിറ്റി രംഗത്ത് പരിശീലന പരിപാടി പൂർത്തിയാക്കുന്നവർ എത്തിയോസിന് കീഴിൽ ക്ലയൻറ് ലൊക്കേഷനിൽ ഒരു വർഷം ഇന്റേൺഷിപ്പ് ചെയ്യേണ്ടിവരും. ഇക്കാലയളവിൽ സൗജന്യ താമസം, ഭക്ഷണം, യാത്ര സൗകര്യം, യൂണിഫോം എന്നിവയ്ക്ക് പുറമെ ഇന്റേൺഷിപ്പ് ഫീസായി 8500 രൂപയും ലഭിക്കും.

കഴിഞ്ഞ പന്ത്രണ്ട് വർഷമായി എത്തിയോസ് ഹോസ്പിറ്റാലിറ്റി മേഖലയിലെ ശക്തമായ സാന്നിധ്യമാണ്. ആയിരത്തിലേറെ ജീവനക്കാരാണ് എത്തിയോസിനുള്ളത്. രാജ്യത്തെ പ്രമുഖ ഹോട്ടൽ ശ്രുംഖലകളെല്ലാം എത്തിയോസ് ഉപഭോക്താക്കളാണ്. താജ് വിവാന്ത, മാരിയറ്റ്, ഷെറാട്ടൺ, ലീല, ഹോളിഡേ ഇൻ, ഐ ടി സി ഹോട്ടൽസ്, ലളിത്, ഗേറ്റ്വേ, ക്ലബ് മഹീന്ദ്ര, സ്റ്റെർലിങ് ഹോളിഡേ തുടങ്ങിയ ഹോട്ടൽ ബ്രാൻഡുകൾക്ക് പുറമെ തോഷിബ, മെഴ്സിഡസ് ബെൻസ്, ക്വൽകോം, ഹുവായി, സി എ ടെക്നോളജീസ് എന്നിവരെല്ലാം എത്തിയോസ് ഗ്രൂപ്പിന്റെ ഉപഭോക്താക്കളാണ്.