ഐഹിറ്റ്‌സ് ടെക്‌നോളജീസ് സ്മാർട്ട്‌സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു

Posted on: April 7, 2017

ഐഹിറ്റ്‌സ് ടെക്‌നോളജീസിന്റെ കൊച്ചി സ്മാർട്ട്‌സിറ്റിയിലെ ഓഫീസ് സ്മാർട്ട്‌സിറ്റി സിഇഒ ഡോ. ബാജു ജോർജ്, സംസ്ഥാനത്തെ ഐടി പാർക്കുകളുടെ സിഇഒ ഋഷികേശ് നായർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. (ഇടത്ത് നിന്ന്) കമ്പനിയുടെ ചീഫ് മെന്റർ എസ്.ആർ. നായർ, ടിസിഎസ് കേരള ഹെഡ് ദിനേശ് തമ്പി, ഐഹിറ്റ്‌സ് ടെക്‌നോളജീസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജോഷി സിറിയക് എന്നിവർ സമീപം.

കൊച്ചി : കൊച്ചി ആസ്ഥാനമായ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് കമ്പനിയായ ഐഹിറ്റ്‌സ് ടെക്‌നോളജീസ് സ്മാർട്ട്‌സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. സ്മാർട്ട്‌സിറ്റിയിലെ ഒന്നാം ഐടി സമുച്ചയത്തിലെ കമ്പനിയുടെ ഓഫീസ് സ്മാർട്ട്‌സിറ്റി സിഇഒ ഡോ. ബാജു ജോർജ്, സംസ്ഥാനത്തെ ഐടി പാർക്കുകളുടെ സിഇഒ ഋഷികേശ് നായർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

കേരള സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഐടി നയം ആഗോള ഐടി ഭീമൻമാരെ സ്മാർട്ട്‌സിറ്റിയുൾപ്പെടെയുള്ള കേരളത്തിലെ ഐടി പാർക്കുകളിലേക്ക് ആകർഷിക്കുമെന്ന് ഡോ. ബാജു ജോർജ് പറഞ്ഞു. ഇതോടൊപ്പം ഡിജിറ്റൽ ഇക്കോണമി പ്രോത്സാപ്പിക്കാൻ കേന്ദ്രസർക്കാർ നടപടികളും രാജ്യത്തെ ഐടി വ്യവസായത്തിന് ഊർജം പകരുമെന്നും അദേഹം പറഞ്ഞു. ഐഹിറ്റ്‌സ് ടെക്‌നോളജിയുടെ മിഡ്ൽ ഈസ്റ്റ് പ്രവർത്തനങ്ങൾക്ക്് സ്മാർട്ട്‌സിറ്റി ഓഫീസ് സഹായകരമാകുമെന്നും ഡോ. ബാജു ജോർജ് കൂട്ടിച്ചേർത്തു.

ഇൻഫോപാർക്കിൽ ഓഫീസുള്ള ഐഹിറ്റ്‌സ് ടെക്‌നോളജീസിന്റെ സ്മാർട്ട്‌സിറ്റിയിലേക്കുള്ള പ്രവർത്തനവ്യാപനം കമ്പനിയുടെ വളർച്ചയുടെ തെളിവാണെന്ന് ഋഷികേശ് നായർ ആശംസിച്ചു. ടിസിഎസ് കേരള ഹെഡ് ദിനേശ് തമ്പി, ഐഹിറ്റ്‌സ് ചീഫ് മെന്റർ എസ്.ആർ. നായർ, ജി-ടെക് സിഇഒ രഞ്ജിത്ത് രാമാനുജം തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

2000-ൽ ഹോൾസോഫ്റ്റ് സിസ്റ്റംസ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഐഹിറ്റ്‌സ് ടെക്‌നോളജീസ് 5000 ച.അടി സ്ഥലമാണ് സ്മാർട്ട്‌സിറ്റിയിലെടുത്തിട്ടുള്ളത്. കമ്പനിയുടെ 100-ഓളം ജീവനക്കാരെ ഇവിടെ ഉൾകൊള്ളാനാകും. സ്മാർട്ട്‌സിറ്റി ലഭ്യമാക്കുന്ന ലോകോത്തര സൗകര്യങ്ങൾക്ക് പുറമേ കമ്പനിയുടെ മിഡ്ൽ ഈസ്റ്റ് പ്രവർത്തനങ്ങൾക്ക് സ്മാർട്ട്‌സിറ്റിയിലെ ഓഫീസ് സഹായകരമാകുമെന്ന് ഐഹിറ്റ്‌സ് ടെക്‌നോളജീസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജോഷി സിറിയക് പറഞ്ഞു. അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ മുംബൈ, ചെന്നൈ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലേക്ക് കമ്പനിയുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദേഹം പറഞ്ഞു.

എംപ്ലോയീസ് റിസോഴ്‌സ് പ്ലാനിങ് സിസ്റ്റം (ഇആർപി), ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (എച്ച്ആർഎംഎസ്), ഓട്ടോമൊബീൽ കമ്പനികൾക്കുള്ള ഡീലർഷിപ്പ് മാനേജ്‌മെന്റ് സിസ്റ്റം (ഡിഎംഎസ്) എന്നിവയാണ് ഐഹിറ്റ്‌സ് ടെക്‌നോളജീസ് നൽകുന്ന പ്രധാന സോഫ്റ്റ്‌വേർ സൊല്യൂഷനുകൾ. വിദേശ കമ്പനികളായ മാക്‌സ് യൂറോപ്പ്, എസ്ആർജി ഗ്രൂപ്പ്, മിഡ്ൽ ഈസ്റ്റ്, അൽ അറബ് ഖത്തർ, കരുപ്പന്ന്യ ഗ്രൂപ്പ് ബംഗ്ലാദേശ് തുടങ്ങിയവയാണ് ഐഹിറ്റ്‌സിന്റെ വിദേശ ഇടപാടുകാർ. ഭാരത് കാർപെറ്റ്‌സ് പാനിപെറ്റ്, പിസിഎസ് മുംബൈ, സായ് സർവീസ് പൂനെ, ഗോയങ്ക ഗ്രൂപ്പ് അഹമ്മദാബാദ്, അബാദ് ഗ്രൂപ്പ്, ഈസ്റ്റേൺ കോണ്ടിമെന്റ്‌സ്, കിറ്റെക്‌സ്, മലബാർ ഗോൾഡ്, മുത്തൂറ്റ് തുടങ്ങി നിരവധി കമ്പനികളും ഇടപാടുകാരാണ്.