പുതുക്കിയ ബ്രാന്‍ഡ് ഇമേജുമായി എസ്ബിഐ ലൈഫ്

Posted on: February 3, 2022

 


കൊച്ചി : മഹാമാരിയെ തുടര്‍ന്ന് ഇന്‍ഷൂറന്‍സിനോടുള്ള ഉപഭോക്താക്കളുടെ സമീപനത്തില്‍ വന്ന മാറ്റമടക്കമുള്ളവ പരിഗണിച്ച് രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വകാര്യ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലൊന്നായ എസ്ബിഐ ലൈഫ് തങ്ങളുടെ ബാന്‍ഡ് ഇമേജ് പുതുക്കി. ചിന്തയുടെ കാര്യത്തില്‍ സ്വാതന്ത്ര്യം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങള്‍.

ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സിയായ ക്ലോറോഫൈല്‍ ആണ് റീബ്രാന്‍ഡിംഗ് പ്രക്രിയയില്‍ എസ്ബിഐ ലൈഫിനോടൊത്ത് പ്രവര്‍ത്തിച്ചത്. അപ്‌നേ ലിയെ, അപ്‌നോ കേ ലിയെ എന്നാണ് എസ്ബിഐ ലൈഫിന്റെ ബ്രാന്‍ഡ് പുനര്‍ നിര്‍വചിച്ചിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആവശ്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനൊപ്പം തങ്ങള്‍ക്കു വേണ്ടത് സ്വന്തമാക്കുകയും ചെയ്യാന്‍ വ്യക്തികളെ സ്വായത്തരാക്കാനുളള ഇന്‍ഷൂറന്‍സ് സ്ഥാപനത്തിന്റെ ശ്രമമാണ് ഇതിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്.

ഇന്‍ഷൂറന്‍സ് സ്ഥാപനത്തിന്റെ സവിശേഷമായ വ്യക്തിത്വവും മാതൃ ബ്രാന്‍ഡിന്റെ വ്യക്തിത്വവും സംയോജിപ്പിച്ചു കൊണ്ടുള്ള ശക്തമായ രീതിയില്‍ ബ്രാന്‍ഡിന്റെ രൂപകല്പനയിലും പരിഷ്‌ക്കരണം വരുത്തിയിട്ടുണ്ട്. തങ്ങളുടേയും കുടുംബത്തിന്റേയും ആവശ്യങ്ങള്‍ സന്തുലിതമായി കൊണ്ടുപോകാന്‍ വ്യക്തികളെ പര്യാപ്തരാക്കുന്നതിനെ പ്രതീകാത്മകമായി ഉയര്‍ത്തിക്കാട്ടുന്നതാണ് പുതിയ എസ്ബിഐ ലൈഫിന്റെ ബ്രാന്‍ഡ്.

ലൈഫ് ഇന്‍ഷൂറന്‍സിനേയും ലിബറേഷനേയും പ്രതിനിധീകരിക്കുന്ന രീതിയിലാണ് ശക്തമായ വര്‍ണസങ്കലവും ഫോണ്ടുകളും ഉപയോഗിച്ചുള്ള പുതിയ ബ്രാന്‍ഡ് ഇമേജിലുള്ള എല്‍ ആകൃതി. തങ്ങളുടെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്ന ഒന്നായാണ് ആധുനീക ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഇന്‍ഷൂറന്‍സിനെ കാണുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്ബിഐ ലൈഫ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ആന്റ് സിഎസ്ആര്‍ മേധാവി രവീന്ദ്ര ശര്‍മ പറഞ്ഞു.പുതുക്കിയ ബ്രാന്‍ഡുമായി പുതിയ ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാനാവും വിധം സേവനങ്ങള്‍ നല്‍കാനാവുമെന്നു തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: SBI Life |