അധികചെലവില്ലാതെ റൈഡര്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കി ഊബര്‍

Posted on: September 27, 2019

കൊച്ചി: ലോകത്തിലെ  റൈഡ് ഷെയറിംഗ് കമ്പനിയായ ഊബര്‍, ഭാര്‍തി എഎക്സ്എ, ടാറ്റാ എഐജി എന്നിവരുമായി ചേര്‍ന്ന യാത്രക്കാരക്ക് റൈഡര്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കും. അധികചെലവില്ലാതെ കാര്‍, ഓട്ടോ, മോട്ടോസ് യാത്രക്കാര്‍ക്ക് യാത്രയ്ക്കിടയില്‍ അപകടമുണ്ടായാല്‍ അഞ്ചു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്ന പദ്ധതിയാണിത്.

അപകടത്തില്‍ മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിക്കും. പൂര്‍ണമായോ ഭാഗികമായോ ശാരീരിക വൈകല്യം സംഭവിച്ചാല്‍ 5 ലക്ഷം രൂപവരെയും ആശുപത്രി ചികിത്സയ്ക്ക് രണ്ടു ലക്ഷം രൂപവരെയും കവറേജ് ലഭിക്കും. ഒപി ചികിത്സയ്ക്ക് 50000 രൂപ വരെയാണ് കവറേജ്.

ഊബറില്‍ യാത്ര തുടങ്ങുമ്പോള്‍ മുതല്‍ ട്രിപ് അവസാനിക്കുന്നതുവരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. ഊബര്‍ യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയാണ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്ന് ഇന്ത്യ, സൗത്തേഷ്യ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഹെഡ് ( റൈഡ്സ്) പാവന്‍ വൈഷ് പറഞ്ഞു. ഊബറിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയെ യാത്രാ സമൂഹം സഹര്‍ഷം സ്വാഗതംചെയ്യുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഊബറില്‍ അപകടം സംഭവിച്ചാല്‍ ഊബര്‍ ആപ് വഴി വിവരം നല്‍കാം. ഊബറിന്റെ സപ്പോര്‍ട്ട് ടീം പങ്കാളികളായ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് ക്ലെയിം പ്രോസസ് പൂര്‍ത്തിയാക്കും.

TAGS: Uber |