ലുലുവില്‍ എമിറേറ്റ്സ് ഫസ്റ്റ് പദ്ധതിക്ക് തുടക്കം

Posted on: July 11, 2020


അബുദാബി : പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങളെയും കര്‍ഷകരെയും പിന്തുണയ്ക്കുന്നതിനായി യു എ ഇ യിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ‘എമിറേറ്റ്സ് ഫസ്റ്റ്’ പദ്ധതിക്ക് തുടക്കമായി. കാര്‍ഷികവിളകളുടെ വിപണന മേളയാണിത്.

അബുദാബി സാമ്പത്തിക വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ ഷൊര്‍ഫ, ദുബായ് സാമ്പത്തിക വകുപ്പ് ഡയറക്ടര്‍ ജനറല്‍ സമി അല്‍ ഖംസി, അബുദാബി ഭക്ഷ്യസുരക്ഷ വകുപ്പ് ഡയറക്ടര്‍ ജനറല്‍ സയ്യിദ് അല്‍ അംരി, ദുബായ് ഭക്ഷ്യസുരക്ഷാ കമ്മിറ്റി ചെയര്‍മാന്‍ ഒമര്‍ ബുഷാബ് എന്നിവര്‍ സംയുക്തമായി ഓണ്‍ലൈനില്‍ പദ്ധതി ഉദ്ഘാടനംചെയ്തു. ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും സന്നിഹിതനായിരുന്നു.

ജി.സി.സി. തലത്തിലും പ്രാദേശിക ഉത്പന്നങ്ങള്‍ വിപണനംചെയ്യാന്‍ പദ്ധതിയുടെ ഭാഗമായി സാധിക്കുമെന്ന് മുഹമ്മദ് അലി ഷൊര്‍ഫ പറഞ്ഞു. യു എ ഇ യുടെ സമ്പദ് വ്യവസ്ഥയെ
സഹായിക്കുന്നതിനും രാജ്യത്തെ കാര്‍ഷിക മേഖലയെ വികസിപ്പിക്കുന്നതിനും ലുലു ഗ്രൂപ്പിന്റെ പരിശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു.

ഭക്ഷ്യസുരക്ഷയും പ്രാദേശിക ഉത്പന്നങ്ങളുടെ പ്രചാരണവും ദുബായിയുടെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങളിലൊന്നാണെന്ന് സമി അല്‍ ഖംസി പറഞ്ഞു. സുസ്ഥിരമായ കാര്‍ഷിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിന് പദ്ധതി സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാദേശിക ഉത്പാദനത്തിനും വിപണനത്തിനും കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും യു എ ഇ നേതൃത്വം വളരെയധികം പ്രധാന്യംനല്‍കുന്നതായി സയ്യിദ് അല്‍ അംരി പറഞ്ഞു. ഇത് യാഥാര്‍ഥ്യമാക്കുന്നതിനായി ലുലു ഗ്രൂപ്പ് വര്‍ഷങ്ങളായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇയിലെ കാര്‍ഷിക ഉത്പന്നങ്ങളടക്കമുള്ളവയുടെ വിപണനത്തില്‍ പങ്കാളിയാവാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.

കര്‍ഷകര്‍ക്കും പ്രാദേശിക വിളകള്‍ക്കും പ്രോത്സാഹനവും പ്രചാരവും നല്‍കുന്ന മേളകള്‍ സംഘടിപ്പിക്കുമെന്നും യൂസഫലി പറഞ്ഞു.