യു. എ. ഇ. വിസാ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

Posted on: April 18, 2020

ദുബായ് : കോവിഡ് – 19 സൃഷ്ടിച്ച ആഘാതം കണക്കിലെടുത്ത് യു.എ.ഇ. വിസാ ചട്ടങ്ങളില്‍ ഇളവുകള്‍ വരുത്തുന്നു. മറ്റൊരു കമ്പനിയിലേക്ക് മാറാനും ഒരു കമ്പനിയുടെ വിസയില്‍ത്തന്നെ മറ്റു കമ്പനികള്‍ക്കായി ജോലിചെയ്യാനും കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുമെന്ന് എമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.

ജോലി നഷ്ടപ്പെട്ട് മാതൃരാജ്യത്തേക്ക് മടങ്ങാന്‍ സാധിക്കാത്തവര്‍ക്കായാണ് നിയമങ്ങളില്‍ ഈ ഇളവുകള്‍ വരുത്തുന്നതെന്ന് ദുബായ് താമസ-കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി പറഞ്ഞു. ഇതിനായി പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ എല്ലാ വിസകള്‍ക്കും ഈ വര്‍ഷം ഡിസംബര്‍ അവസാനം വരെ കാലാവധി നീട്ടിനല്‍കിയിട്ടുണ്ട്. ഇതോടെ സന്ദര്‍ശക വിസക്കാര്‍ക്കും വിസാകാലാവധി അവസാനിച്ചവര്‍ക്കുമെല്ലാം ഈ വര്‍ഷം പിഴയില്ലാതെ രാജ്യത്തു തുടരാം. ആറു മാസത്തിലേറെയായി രാജ്യത്തിനു പുറത്തു കഴിയുന്നവരുടെ വിസയും റദ്ദാക്കില്ല.

തൊഴിലാളികള്‍ക്ക് മാന്യമായ താമസം ഉറപ്പുവരുത്താന്‍ തൊഴില്‍ മന്ത്രാലയത്തിലെ സ്ഥിരം സമിതി വ്യവസായികളുമായി നിറഞ്ഞ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോളസാഹചര്യം മനസ്സിലാക്കി ടൂറിസം വ്യവസായം എന്നിവ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ താമസക്കാര്‍ക്ക് രാജ്യത്ത് ഏത് ആശുപത്രിയിലും പരിശോധനയ്ക്ക് സമീപിക്കാമെന്നും മുഹമ്മദ് അഹമ്മദ് അല്‍ മറി അറിയിച്ചു.