യു. എ. ഇ. യില്‍ വാര്‍ഷിക അവധി നേരത്തെ എടുക്കാം, വിസ പുതുക്കാന്‍ പിഴയില്ല

Posted on: April 6, 2020

ദുബായ് : യു. എ. ഇ. യില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ആവശ്യമെങ്കില്‍ അവരുടെ വാര്‍ഷിക അവധി നേരത്തേ എടുക്കാന്‍ അനുതി. താമസവിസ പുതുക്കാന്‍ വൈകുന്നവര്‍ക്ക് ഈ വര്‍ഷാവസാനം വരെ പിഴ ഈടാക്കേണ്ടതില്ലെന്നും യു. എ. ഇ. തീരുമാനിച്ചു.

മനുഷ്യവിഭവശേഷി മന്ത്രാലയം, താമസ കുടിയേറ്റ വകുപ്പ്, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ അതോറിറ്റി, നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി എന്നിവ ചേര്‍ന്നാണ് അവധി സംബന്ധിച്ച പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. ഏര്‍ളി ലീവ് എന്ന പേരിലാണ് പദ്ധതി.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ സ്വന്തം നാടുകളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഈ പദ്ധതി. വാര്‍ഷിക അവധിക്കുള്ള സമയം അറിയിക്കുന്ന അപേക്ഷ തൊഴിലുടമയ്ക്ക് നല്‍കണം. തൊഴിലുടമ അനുവദിക്കുകയാണെങ്കില്‍ വേതനമില്ലാത്ത അവധിയും എടുക്കാം. ജീവനക്കാര്‍ സാധാരയായി എടുക്കാറുള്ള വാര്‍ഷികാവധി ദിവസങ്ങള്‍ ഇത്തരത്തിലേക്ക് മാറ്റുകയോ, തൊഴിലുടമയുമായുള്ള ധാരണ പ്രകാരം വേതനമില്ലാത്ത അവധിയില്‍ പ്രവേശിക്കുകയോ ചെയ്യാം. പ്രയാസമേറിയ കാലത്ത് ബന്ധുക്കള്‍ക്കൊപ്പം സ്വന്തം നാട്ടില്‍ എത്താനുള്ളവരുടെ ആഗ്രഹം മാനിച്ചാണ് ഈ പദ്ധതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഞായറാഴ്ച ചേര്‍ന്ന യു. എ. ഇ. മന്ത്രിസഭാ യോഗത്തില്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇപ്പോള്‍ വിദേശത്തുള്ള താമസ വിസക്കാര്‍ക്കും ആനുകൂല്യം ലഭിക്കും.