സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ യു.എ.ഇ.ക്കും സൗദിക്കും ഉത്തേജക പാക്കേജ്

Posted on: March 16, 2020

ദുബായ് : കൊറോണ വൈറസ് കാരണം സാമ്പത്തിക മേഖലയില്‍ ഉണ്ടായ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് യു.എ.ഇ.യും സൗദി അറേബ്യയും അടിയന്തരനടപടികള്‍ സ്വീകരിച്ചു.

സാമ്പത്തികമാന്ദ്യം നേരിടാന്‍ യു.എ.ഇ. സെന്‍ട്രല്‍ബാങ്ക് പതിനായിരംകോടി ദിര്‍ഹത്തിന്റെ ഉത്തേജകപാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാപാര-വാണിജ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായിരിക്കും മറ്റ് ബാങ്കുകള്‍ മുഖേന യു.എ.ഇ. സെന്‍ട്രല്‍ബാങ്കിന്റെ സഹായം ലഭ്യമാക്കുന്നത്. സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) സ്വകാര്യ മേഖലകള്‍ക്ക് ആദ്യഘട്ടത്തില്‍ 50 ബില്യണ്‍ റിയാലിന്റെ സാമ്പത്തികസഹായമാണ് നല്‍കുന്നത്.

നേരത്തെ ദുബായ് സര്‍ക്കാര്‍ സാധാരണക്കാര്‍ക്കുകൂടി ഗുണകരമാവുന്ന വിധത്തില്‍ 150 കോടി ദിര്‍ഹത്തിന്റെ സാമ്പത്തികപാക്കേജ് പ്രഖ്യാപിച്ചിരുന്നു വെള്ളം, വൈദ്യുതി ബില്ലില്‍ പത്തുശതമാനം ഇളവ് നല്‍കാന്‍ ഈ പാക്കേജില്‍ വ്യവസ്ഥയുണ്ടായിരുന്നു.

റീട്ടെയില്‍ കോര്‍പ്പറേറ്റുകളെയും ഉപഭോക്താക്കളെയും സഹായിക്കുന്നതാണ് സെന്‍ട്രല്‍ബാങ്കിന്റെ പദ്ധതി. ക്രെഡിറ്റ് കാര്‍ഡ് ഫീസ് കുറയ്ക്കുന്നുതും എല്ലാ ബാങ്കുകള്‍ക്കുമായി പലിശരഹിതവായ്പ 5000 കോടി ദിര്‍ഹം നല്‍കുന്നതുമാണ്. പാക്കേജിലെ പ്രധാന നിര്‍ദേശം. ബാക്കി 5000 കോടി ദിര്‍ഹം ബാങ്കുകള്‍
അവരുടെ മൂലധനത്തില്‍നിന്ന് കണ്ടെത്തണം. വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കാനും നിക്ഷേപകര്‍ക്ക് സ്വന്തം താത്പര്യപ്രകാരം പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കാനും പാക്കേജ് നിര്‍ദേശിക്കുന്നു.

രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ വലിയൊരുപങ്ക് വഹിക്കുന്ന സ്വകാര്യമേഖലയെ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കേണ്ടതുണ്ടെന്ന് സാമ അഭിപ്രായപ്പെട്ടു.

വിവിധ പദ്ധതിയിലൂടെയാണ് ഈ സഹായങ്ങള്‍ സ്വകാര്യ മേഖലകള്‍ക്ക് നല്‍കുക. ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് അവരുടെ കുടിശ്ശിക ആറുമാസത്തേക്ക് കൂടി നീട്ടിക്കൊടുക്കാനായി ധനകാര്യസ്ഥാപനങ്ങള്‍ക്ക് 30 ബില്യണ്‍ റിയാലിന്റെ സഹായധനമാണ് നല്‍കുക. ചെറുകിട-ഇടത്തരം
സംരംഭങ്ങള്‍ക്ക് 13.2 ബില്യണ്‍ റിയാല്‍ വായ്പാപദ്ധതിയായി സഹായധനം നല്‍കും. ഈ മേഖലയുടെ ബിസിനസ് തുടര്‍ച്ചയെയും വളര്‍ച്ചയെയും ഉറപ്പുവരുത്തുകയാണ് സഹായധനത്തിലൂടെ ‘സാമ’ ലക്ഷ്യമിടുന്നത്.

ഇടത്തര-ചെറുകിട സ്ഥാപനങ്ങളെ ഫണ്ട് ഗാരണ്ടി ഫീസില്‍നിന്ന് ഒഴിവാക്കുന്നതിന് ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ ആറ്് ബില്യണ്‍ റിയാല്‍ നല്‍കും. 2020 സാമ്പത്തികവര്‍ഷത്തില്‍
ഈതുകയില്‍നിന്ന് പ്രയോജനംലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനും ആറുമാസംവരെ ഫീസില്‍നിന്ന് ഒഴിവാക്കുന്നതിനുമാണ് ധനകാര്യസ്ഥാപനങ്ങള്‍ ഈ ഫണ്ട് വിനിയോഗിക്കേണ്ടത്.