ലുലുവില്‍ ‘വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍’ തുടങ്ങി

Posted on: February 24, 2020

അബുദാബി: ലുലുവില്‍ ലോകത്തെങ്ങുമുള്ള ഭക്ഷ്യവിഭവങ്ങളുടെ മേളയായ വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. മാര്‍ച്ച് ഏഴുവരെ യു.എ.ഇയിലെ ലുലു ശാഖകളില്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നുള്ള ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം നടക്കും.

ഇരുപത്തഞ്ചോളം രാജ്യങ്ങളില്‍നിന്നുള്ള പാചക വിദഗ്ധരുടെ നേതൃത്വത്തില്‍ 300 പാചക മത്സരവും 20 വ്യത്യസ്ത അവതരണങ്ങളും നടക്കും. യു.എ.ഇ. ലുലു ശാഖകള്‍ നാല് വിഭാഗമാക്കി തരംതിരിച്ചാണ് മേള സംഘടിപ്പിക്കുന്നത്.

വേള്‍ഡ് ട്രേഡ് സെന്റര്‍ അബുദാബിയില്‍ മേളയുടെ ഉദ്ഘാടനം റീജണല്‍ ഡയറക്ടര്‍ അബൂബക്കറിന്റെ സാന്നിധ്യത്തില്‍ പ്രശസ്ത പാചകവിദഗ്ധ മനാല്‍ അല്‍ ആലെം നിര്‍വഹിച്ചു. ദുബായ് മേള റീജണല്‍ ഡയറക്ടര്‍ കെ.പി. തമ്പാന്റെ സാന്നിധ്യത്തില്‍ അഭിനേത്രി നെവേന്‍ മാദി നിര്‍വഹിച്ചു. അല്‍ ഐനില്‍ ലുലു
റീജണല്‍ ഡയറക്ടര്‍ ഷാജി ജമാലുദ്ധീന്റെ സാന്നിധ്യത്തില്‍ യു.എ.ഇ. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അഗം ശൈഖ് സലിം ബിന്‍ റഖാദ് അല്‍ അമീരി, സിനിമാതാരം മിഥുന്‍ രമേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ഷാര്‍ജയിലെ മേള റീജണല്‍ ഡയറക്ടര്‍ എം.എ. നൗഷാദിന്റെ സാന്നിധ്യത്തില്‍ ഗവണ്‍മെന്റ് പ്രതിനിധികളായ അബ്ദുല്‍ അസീസ് മുഹമ്മദ് ഹുമൈദ് ശതാഫ്, മെത്ഹാത് മുനീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. 15 വര്‍ഷമായി ലുലുവില്‍ ലോക ഭക്ഷ്യമേള നടക്കുന്നതായും ഇത്തവണ വിവിധ രാജ്യങ്ങളുടെ ംബസിയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലിം പറഞ്ഞു.