യുഎഇയില്‍ ടൂറിസ്റ്റ് വിസ അഞ്ചു വര്‍ഷത്തേക്ക്; പുതിയ നിയമത്തിന് അംഗീകാരം

Posted on: January 10, 2020

ദുബായ് : യുഎഇയില്‍ ടൂറിസ്റ്റ് വീസ നിയമം കൂടുതല്‍ ഉദാരമാക്കി. എല്ലാ രാജ്യക്കാര്‍ക്കും 5 വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസ നല്‍കാനാണു മന്ത്രിസഭാ തീരുമാനം. എക്‌സ്‌പോയ്ക്കു വരുന്ന സന്ദര്‍ശകര്‍ക്ക് ഇത് ഏറെ സൗകര്യമാകും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെയാണ് ഇതറിയിച്ചത്

ഒരുമാസം മുതല്‍ 90 ദിവസം വരെയാണ് ടൂറിസ്റ്റ് വീസ നല്‍കിയിരുന്നത്. പ്രതിവര്‍ഷം 2.1 കോടി വിനോദ സഞ്ചാരികളെ സ്വീകരിക്കുന്ന രാജ്യമാണു യുഎഇ. ലോകത്തെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായി രാജ്യത്തെ മാറ്റുമെന്നും വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങള്‍ മന്ത്രിസഭ വിലയിരുത്തുകയും നടപ്പുവര്‍ഷത്തെ പദ്ധതികള്‍ക്കു രൂപം നല്‍കുകയും ചെയ്തു. 5 ദശാബ്ദത്തേക്കുള്ള തയാറെടുപ്പാണ് ഈ വര്‍ഷം  നടത്തുക. അനുകൂല കാലാവസ്ഥ, ഡിഎസ്എഫ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം കൂട്ടി. പൊതു വാഹനങ്ങളില്‍ എല്ലാ സമയത്തും തിരക്ക് അനുഭവപ്പെടുന്നു.

സന്ദര്‍ശകരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. കഴിഞ്ഞ വര്‍ഷം ജനുവരി മുതലുള്ള 9 മാസങ്ങളില്‍ ദുബായില്‍ മാത്രം 13.9 ലക്ഷം ഇന്ത്യക്കാര്‍ എത്തി. കുട്ടികള്‍ ഉള്‍പ്പെടെ കുടുംബസമേതം എത്തുന്നവരുടെ എണ്ണം 13% കൂടിയതായാണു ദുബായ് ടൂറിസത്തിന്റെ കണക്ക്. ഷോപ്പിങ് മേള, മറ്റ് ആഘോഷ മേളകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഇന്ത്യയില്‍ നിന്നുള്ള കുറഞ്ഞ ദൂരം, സുരക്ഷിതത്വം, മികച്ച താമസസൗകര്യങ്ങള്‍ എന്നിവയ്ക്കു പുറമേ ലോകത്തിലെ ഏതു ഭക്ഷണവും കിട്ടുന്ന കടകളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.